വാഷിംഗ്ടണ്‍: അമേരിക്കയുടെ മധ്യസംസ്ഥാനങ്ങളില്‍ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ കന്‍സാസ്, ഒക്കലഹോമ, ലോവ, ഇല്ലിനോയി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഒക്കലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശശത്താണ് ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒക്കലഹോമയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഒക്കലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലെ വിച്ചിത നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ഡബ്ല്യൂഎസ്) റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്സാസിലുണ്ടായ ചുഴലിക്കാറ്റില്‍ ആറു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒബാമ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നുവെന്ന് സര്‍വെ
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്തുന്നുവെന്ന് 53% പേരും അഭിപ്രായപ്പെട്ടതായി ഏറ്റവും പുതിയ സിഎന്‍എന്‍ അഭിപ്രായ സര്‍വേ ഫലം. ഇതേസമയം പ്രസിഡന്റിനെതിരെ 45% പേര് വിധിയെഴുതി. സിഎന്‍എന്‍ കഴിഞ്ഞ മാസം ആദ്യം നടത്തിയ സര്‍വേയില്‍ 51% ആയിരുന്നു ഒബാമയുടെ ജനപ്രീതി. സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലെ പുതിയ വിവാദങ്ങള്‍ യുഎസ് ഭരണകൂടത്തെ അലട്ടുന്നുണ്ടെങ്കിലും ഒബാമയുടെ പ്രവര്‍ത്തനത്തിനു ജനങ്ങള്‍ അംഗീകാരം നല്‍കുന്നുവെന്നാണ് സൂചന.
ഗൂഗിള്‍ ഗ്ലാസിന്റെ സ്വകാര്യതയില്‍ യുഎസ് കോണ്‍ഗ്രസിന് ആശങ്ക
വാഷിംഗ്ടണ്‍: ഗൂഗിളിന്റെ സ്മാര്‍ട്ട് കണ്ണടകളുടെ സ്വകാര്യതയെ കുറിച്ച് അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക് സംശയം. പ്രതിനിധി സഭയിലെ പ്രബലവിഭാഗത്തില്‍ പെട്ട എട്ടുപേര്‍ ഒപ്പിട്ട കത്തില്‍ ഗൂഗിള്‍ ഗ്ലാസിന്റെ വിവരശേഖരണ സംവിധാനങ്ങളെ കുറിച്ച് എട്ട് സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗൂഗിള്‍ ഗ്ലാസില്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്കുന്ന സംവിധാനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടെന്നാണ് സംഘം പറയുന്നത്. ശരാശരി അമേരിക്കക്കാരുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്കാന് ഗൂഗിള്‍ ഗ്ലാസിന് കഴിയുമോ എന്ന കാര്യത്തില്‍ തങ്ങള്‍ ആകാംക്ഷയുള്ളവരാണെന്ന് കോണ്‍ഗ്രഷണല്‍ െ്രെപവസി കോക്കസിന്റെ കത്തില്‍ പറയുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകാരുമായ ആളുകള്‍ കോണ്‍ഗ്രഷണല്‍ പ്രൈവസി കോക്കസില്‍ ഉണ്ട്. വിവരശേഖരണവുമായി ബന്ധപ്പെട്ട് നിരവധി ടെക്ക് കമ്പനികളെ ഇതിനു മുമ്പും പ്രൈവസി കോക്കസ് ചോദ്യം ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും മറ്റുവിവരങ്ങളും കണ്മുന്നില് ലഭ്യമാക്കുന്ന വിവാദമായ ടെക്നോളജിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ ഗല്‍സിന്റെ ഉപയോഗം വ്യാപകമാകുകയാണെങ്കില്‍ സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കുക അസാധ്യമാണെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. സ്വകാര്യവിവരങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന കാര്യത്തില്‍ കളങ്കിതമായ ചരിത്രമാണ് ഗൂഗിളിന് ഉള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ട്രീറ്റ് വ്യൂ സേവനവുമായി ബന്ധപ്പെട്ട് ഗൂഗിളിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് കത്തില്‍ എടുത്തു സൂചിപ്പിക്കുന്നു.തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗൂഗിള്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ ചോദിക്കുന്നു. സംശയങ്ങള്‍ക്ക് മറുപടി നല്കാന് ജൂണ്‍ 14 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.
അര്‍ധ നഗ്ന സമരങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ അനുമതിയെന്ന്
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അര്‍ധ നഗ്ന സമരങ്ങള്‍ നടത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന് പോലീസിന് നിര്‍ദ്ദേശം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്. മുകള്‍ വസ്ത്രമില്ലാതെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങള്‍ കുറ്റകരമല്ലെന്നാണ് പോലീസിന് മേല്‍ത്തട്ടില്‍ നിന്നും ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. ശനിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ന്യുയോര്‍ക്കിലെ പോലീസ് കേന്ദ്രങ്ങളില്‍ ലഭിച്ചത്. 1992ല്‍ മേല്‍ വസ്ത്രമില്ലാതെ സമരം നടത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ നിയമമില്ലെന്ന് ന്യുയോര്‍ക്ക് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ നിയമത്തിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് വേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജസ്റ്റിന് ബെയ്ബറിന് ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്
ലാസ് വേഗാസ്: പോപ് താരം ജസ്റ്റിന് ബെയ്ബറും ടെയ്ലര് സ്വിഫ്റ്റും ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡിന്റെ തിളക്കത്തില്‍. ലാസ് വേഗാസിലെ എംജിഎം ഗ്രാന്റ് ഗാര്‍ഡനില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ ബെയ്ബറിന്റെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.ബില്‍ ബോര്‍ഡിന്റെ ആദ്യ മൈല്‍സ്റ്റോണ്‍ അവാര്‍ഡും പത്തൊമ്പതുകാരനായ ഈ പോപ് താരം സ്വന്തമാക്കി. പോപ് സംഗീത ലോകത്തു യുവാക്കളുടെ ഹരമായി മാറിയ ജസ്റ്റിന് ബെയ്ബര്‍ സമീപകാലത്ത് മയക്കുമരുന്നു വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ സംഗീതത്തിനു ലോകം നല്കുന്ന ആദരവാണ് ഈ ബഹുമതിയെന്നു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ബെയ്ബര്‍ പറഞ്ഞു.
ലാദന് ഒപ്പറേഷനിലെ കത്തിക്ക് ലേലത്തില്‍ ലഭിച്ചത് 35,400 ഡോളര്‍
വാഷിംഗ്ടണ്‍: അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിച്ച യുഎസ് നേവി സീല്‍ കമാന്‍ഡോ സംഘത്തിലെ ഭടന് ഉപയോഗിച്ച കഠാര ലേലം ചെയ്തു. എട്ടു വര്‍ഷമായി എല്ലാ ദൗത്യങ്ങളിലും ഇയാള്‍ സൂക്ഷിക്കുന്ന കഠാര ലാദന് വധത്തിനുപോയപ്പോഴും കയ്യില്‍ കരുതുകയായിരുന്നു. 35,400 യുഎസ് ഡോളറിനാണ് കഠാര ലേലം പോയത്. പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മറ്റൊരു നേവി സീല്‍ അംഗത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ബ്രറ്റ് ഷാദില്‍ എന്ന ഈ കമാന്‍ഡോയും ലാദനെ വധിച്ച സംഘത്തിലുണ്ടായിരുന്നതാണ്. മാര്‍ച്ചില്‍ അരിസോണയില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തിലാണ് ഷാദില്‍ മരിച്ചത്. അല്‍-ക്വയ്ദ തീവ്രവാദികളെ ഭയന്ന് ലാദന്റെ മൃതദേഹം അമേരിക്ക കടലിലാണ് സംസ്കരിച്ചത്. കരയില്‍ സംസ്കരിച്ചാല്‍ അവിടം സ്മാരകമാകുമെന്ന ഭീതിയിലായിരുന്നു നടപടി. ലാദന് വധത്തിന്റെ വിശദാംശങ്ങള്‍ ഇന്നും അമേരിക്ക രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്നതിനിടെയാണ് കത്തി ലേലം ചെയ്യപ്പെട്ടിരിക്കുന്നത്.