ജിദ്ദ: റീ എന്‍ട്രി വീസയില്‍ നാട്ടിലേക്ക് പോയ പ്രവാസികള്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇളവ് കാലാവധിക്കുശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ പുതിയ അവസരം ലഭിക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കാലപരിധി ശഅബാന്‍ മാസം 24 വരെയാണെന്നും അത് ദീര്‍ഘിപ്പിക്കില്ലെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബ് അല്‍അനസി വ്യക്തമാക്കി.
ആറു മാസത്തെ റീ എന്‍ട്രി വീസയില്‍ പോയവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള അവസരമുണ്ടാവില്ലെന്നും ഇളവ് ഇക്കാലത്ത് സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രഫഷനുകള്‍ മാറ്റാന്‍ പറ്റില്ലെന്ന വാര്‍ത്ത ഹത്താബ് അല്‍അനസി നിഷേധിച്ചു. സ്വദേശികള്‍ക്ക് മാത്രമായി നീക്കിവച്ചതും പ്രഫഷന് മാറ്റം സാധ്യമല്ലാത്തതുമായ ജോലികള്‍ മുന്‍കൂട്ടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവ നേരത്തെ തന്നെ വിദേശികള്‍ക്ക് നല്‍കാത്തത് കാരണം അത്തരം ഒരു പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇളവുകള്‍ അനുവദിച്ച സമയത്ത് നാട്ടില്‍ പോയവര്‍ക്ക് ഇഖാമ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് ജിദ്ദ ജവാസാത്ത് വക്താവ് കേണല്‍ ബദര്‍ അല്‍മാലിക് അറിയിച്ചു. ശരിയായ രേഖകളുമായി തൊഴിലുടമയുടെ അനുവാദത്തോടെ നാട്ടില്‍ പോയ ആളുകള്‍ക്ക് ഇഖാമ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും അവരുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടതെന്നും ഇതിനായി ജവാസാത്തില്‍ പോവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇഖാമ ഇഷ്യൂ ചെയ്യുന്നത് പോലുള്ള ജവാസാത്തുമായി ബന്ധപ്പെട്ട സാധാരണ പ്രവൃത്തികളെ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുമായി ബന്ധപ്പെട്ട ജോലികള്‍ ബാധിക്കുന്നില്ലെന്നും അവ മുറപോലെ നടക്കുന്നുണെ്ടന്നും കേണല്‍ ബദര്‍ അല്‍ മാലിക് വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് രേഖകളും നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത് അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറ്റങ്ങള്‍ ഒട്ടും കാലതാമസമില്ലാതെ തന്നെ നടപ്പാക്കുന്നുണ്ട്. തൊഴില്‍, താമസ രേഖകള്‍ ശരിയാക്കുന്നത് അതാത് ജവാസാത്ത് ഓഫീസുകള്‍, പ്രവാസികാര്യ ഓഫീസുകള്‍, കര-കടല്‍-വ്യോമ മാര്‍ഗങ്ങളുടെ എന്‍ട്രി-എക്സിറ്റ് പോയിന്റ് എന്നിവ വഴിയാണ്. പുതിയ സ്പോണ്‍സറുടെ പേരില്‍ ഇഖാമ അനുവദിച്ച് നല്‍കുന്നതിന് ജവാസത്തിനെ സംബന്ധിച്ച് കാലതാമസം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍