ദമാം: സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കുന്നതിന് ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സിബി ജോര്‍ജ് അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ 2010ലെ സൗദി സന്ദര്‍ശന വേളയില്‍ മുഴുവന്‍ കുറ്റവാളികളെ കൈമാറുന്നതും അവരെ സ്ഥലം മാറ്റുന്നതും അടക്കമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടക്കുന്നത്. നിലവിലുള്ള നിയമം നടപ്പാക്കുന്നതിനുള്ള ശ്രമം മാത്രമാണിപ്പോള്‍ നടക്കുന്നത്.
അതിന്റെ ആദ്യപടിയായി ജയിലില്‍ കഴിയുന്ന 1200ല്‍പരം ഇന്ത്യന്‍ തടവുകാരില്‍നിന്ന് തങ്ങളുടെ ബാക്കി ശിക്ഷാകാലാവധി ഇന്ത്യന്‍ ജയിലുകളിലേക്ക് ആക്കുന്നതിനുള്ള അപേക്ഷ ലഭിക്കണമെന്നും എങ്കില്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്നും ഡിസിഎം പറഞ്ഞു.
അതിനായി കഴിഞ്ഞ ദിവസം റിയാദിലെ ജയിലുകളില്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലികള്‍ ഇന്ത്യന്‍ തടവുകാര്‍ക്കിടയില്‍ വിതരണം ചെയ്തു. ഇന്ത്യന്‍ തടവുകാരുടെ പൂര്‍ണവിവരം ശേഖരിക്കാന്‍ സൗദി സര്‍ക്കാരിന്റെ അനുമതിയോടെയാണ് ചോദ്യാവലി വിതരണം ചെയ്തത്.
സൗദിയിലെ 25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ എണ്ണം കണക്കാക്കിയാല്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. വിചാരണ നേരിടുന്നവരുള്പ്പെടെ 1500ന് താഴെ മാത്രമാണ് ഇന്ത്യന്‍ തടവുകാര്‍ സൗദി ജയിലുകളിലുള്ളത്.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം