ജിദ്ദ: തൊഴില്‍ നിയമലംഘകര്‍ക്കും അനധികൃത താമസക്കാര്‍ക്കും ഇനി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് (തര്‍ഹീലുകള്‍) നേരിട്ട് എക്സിറ്റ് ലഭിക്കും. മേയ് 18 മുതല്‍ തര്‍ഹീലുകളില്‍ ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ നിലവില്‍ വരും. ഇക്കാര്യം ബുധനാഴ്ച തര്‍ഹില്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി വ്യക്തമാക്കി.
തര്‍ഹീലില്‍ താമസിക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. പാസ്പോര്ട്ടുള്ളവര് അതുമായോ പാസ്പോര്‍ട്ട് നഷ്ടപെട്ടവര്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ നല്കുന്ന എമര്‍ജന്‍സി ഔട്ട്പാസ്(ഇ.സി)യുമായോ തര്ഹിലീല് നേരിട്ട് ഹാജരാവണം. ഇതിന് പ്രത്യേക ഫീസ് ഇല്ല. തര്‍ഹീലില്‍നിന്ന് പാസ്പോര്‍ട്ടിലോ ഇസിയിലോ എക്സിറ്റ് സ്റ്റാമ്പ് ചെയ്തുകിട്ടിയാല്‍ തടസങ്ങളില്ലാതെ നാട്ടിലേക്ക് മടങ്ങാം. എക്സിറ്റ് ലഭിക്കാന്‍ ടിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, എക്സിറ്റ് സ്റ്റാമ്പ് ചെയ്തവര്‍ ജൂലൈ മൂന്നിന് മുമ്പ് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങണം. ജൂലൈ മൂന്നിനുശേഷം സൗദിയില്‍ തങ്ങുന്നവരെ നിയമവിരുദ്ധ താമസക്കാരായി കണക്കാക്കുകയും ശിക്ഷാനടപടികളെടുക്കുകയും ചെയ്യും. ജിദ്ദയില്‍ എക്സിറ്റ് നടപടികള്‍ക്ക് തര്‍ഹീലിലും ജവാസാത്തിലും നേരിട്ട് എത്തുന്നവരെ സഹായിക്കാന്‍ അവിടെ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ എഴായിരത്തോളം ഇന്ത്യക്കാരുടെ പാസ്പോര്ട്ടുകള് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലഭിച്ചു. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവളില് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു വരെ കോണ്‍സുലേറ്റില്‍ ഈ പാസ്പോര്ട്ടുകള് വിതരണം ചെയ്യും.
പാസ്പോര്‍ട്ടുകളുടെ ലിസ്റ്റ്www.cgijeddah.com എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് വെബ്സൈറ്റ് പരിശോധിച്ച് പാസ്പോര്‍ട്ട് ലഭ്യമായിട്ടുണേ്ടാ എന്ന് പരിശോധിക്കാം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ 022611483, 022614093 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പാസ്പോര്‍ട്ട് നമ്പര്‍ പറഞ്ഞാലും വിവരങ്ങള്‍ അറിയാം.
ആവശ്യമുള്ളവര്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട്ട് വിഭാഗത്തിലെ ഭവാസാത്ത് പാസ്പോര്‍ട്ട് സെക്ഷനില്‍ നേരിട്ട് ഹാജരാകണം. ഹൂറൂബാക്കിയും മറ്റും സ്പോണ്‍സര്‍മാര്‍ എല്പിച്ച പാസ്പോര്ട്ടുകള് ജവാസാത്ത് അധികൃതര്‍ ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും കൈമാറുകയായിരുന്നു.
നേരത്തേ റിയാദിലെ എംബസിയില്‍ 15,100 പാസ്പോര്ട്ടുകള് ഇങ്ങനെ എത്തിച്ചിരുന്നു. ഇതിന്റെ ഉടമകളില്‍ പലരും ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. പാസ്പോര്‍ട്ടോ ഇഖാമയോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ദീര്‍ഘയാത്ര ചെയ്ത് റിയാദിലെത്തുന്നത് ദുഷ്കരമാണ്. അതിനാല്‍ ജവാസാത്തില്‍നിന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച പാസ്പോര്‍ട്ട് ജിദ്ദയിലുള്ള ഉടമകള്‍ക്ക് ലഭ്യമാക്കുമെന്ന് ബുധനാഴ്ച വൈകിട്ട് കോണ്‍സുലേറ്റില്‍ വോളന്റിയര്‍മാരുടെ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇത്തരം വ്യക്തികള്‍ പാസ്പോര്‍ട്ട് എംബസിയുടെ ലിസ്റ്റിലുണെ്ടന്ന് ഉറപ്പുവരുത്തിയശേഷം, പാസ്പോര്‍ട്ടിലെ ഒന്നാം പേജിന്റെയെങ്കിലും കോപ്പി കോണ്‍സുലേറ്റില്‍ നല്‍കണം. ഈ വിവരം എംബസിയില്‍ അറിയിച്ചശേഷം പാസ്പോര്‍ട്ട് ഇവിടെ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍