ജിദ്ദ: 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന മുദ്രാവാക്യവുമായി മലര്‍വാടി ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ച ബാലോത്സവം 2013 കുട്ടികളുടെ വന്‍പങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികച്ച ആസൂത്രണം കൊണ്ടും ജിദ്ദയിലെ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി.
അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രാവാസി കുട്ടികള്‍ക്ക് അവരുടെ കലാ,കായിക സര്‍ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണെ്ടത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്. കിഡ്സ് (എല്‍കെജി മുതല്‍ ഒന്നാം ക്ലാസ് വരെ), സബ്ജൂനിയര് (2,3 ക്ലാസുകള്‍), ജൂനിയര്‍ (4,5 ക്ലാസുകള്‍), സീനിയര്‍ (6,7 ക്ലാസുകള്‍) എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായി 400 നടുത്ത് കുട്ടികള്‍ പങ്കെടുത്ത ബാലോത്സവം സുലൈമാനിയയില്‍ അന്നഖീല് ഇസ്തിറാഹയില് പ്രത്യേകം തയാറാക്കിയ നഗരിയിലാണ് നടന്നത്. ബാലോത്സവ റിസപ്ഷന് കമ്മിറ്റി ചെയര്മാന് പ്രഫ. റെയ്നോള്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ചു. നജ്മുദ്ദീന്, റാഷിദ് സി.എച്ച് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്കി. മലര്‍വാടി കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് സ്വാഗതവും റിഷാല്‍ ഗഫൂര്‍ ഖിറാഅത്തും നടത്തി.
പ്രവാസി കുട്ടികള്‍ക്കിടയില്‍ സാധാരണ നടക്കാറുള്ള വിവിധ ഇനം മത്സരങ്ങളോടൊപ്പം ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂല് കോര്‍ക്കാം, ഗോലിക്കളി, പാലം കടക്കാം, പിരമിഡ് നിര്‍മാണം, നെറ്റിപ്പന്ത്, ഷൂട്ട് ഔട്ട്, തൂണില്‍ കയറാം, നുഴഞ്ഞു കയറാം, ബൗളിംഗ്, ടെന്നീസ്, ഹോക്കി, റിംഗ് ത്രോ തുടങ്ങി തീരെ അപരിചിതമായതുമായ 50 ഇനങ്ങള്‍ ഉള്‍പ്പെടുന്ന മത്സര കൗണ്ടറുകളാണ് ബാലോത്സവത്തില്‍ ഒരുക്കിയത്.
മത്സരങ്ങള്ക്കനുവദിച്ച മൂന്ന് മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതായിരുന്നു മല്‍സര രീതി. വളരെ ആവേശത്തോടെയാണ് കുട്ടികള്‍ ഓരോ ഇനങ്ങളിലും പങ്കെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
രാത്രി എട്ടിന് നടന്ന സമാപന പരിപാടിയില്‍ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മെനോന്‍ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ വിവിധ രംഗങ്ങളിലുള്ള കഴിവുകള്‍ കണെ്ടത്തി അവര്‍ക്ക് പ്രോല്‍സാഹനം നല്കികൊണ്ടിരിക്കുന്ന മലര്‍വാടി ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രോത്സാഹനജനകവും അഭിനന്ദനീയവുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മലര്‍വാടി രക്ഷാധികാരി മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. മലര്‍വാടി അഖില സൗദി ഉപരക്ഷാധികാരി സി.കെ മുഹമ്മദ് നജീബ് ബാലോത്സവ സന്ദേശം നല്കി. നസീം അഹമദ് (മലബാര്‍ ഗോള്‍ഡ്), റഫീഖ് (എംപയര്‍ ഗ്രൂപ്പ്), സുബൈര്‍ (ടോയ ന്യൂഡില്‍സ്) എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പ്രഫ. റെയ്നോള്‍ഡ്, മിര്‍സ ഷരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മോഹന്‍ ബാലന്, ഉസ്മാന് ഇരുമ്പുഴി, ഇര്‍ഷാദ്, സൈനുദ്ധീന്‍, അമല്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാലോത്സവം ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ കല്ലായി നന്ദി പറഞ്ഞു.
ഓരോ കാറ്റഗറിയിലും എറ്റവും കൂടുതല്‍ പോയിന്റ് സ്കോര്‍ ചെയ്ത് എവണ്‍ നേടിയ കുട്ടികള്‍ക്കുള്ള പ്രത്യേക സമ്മാനദാനവും ഫാമിലി മീറ്റും മേയ് 15 ന് (വെള്ളി) വൈകുന്നേരം 4.30 ന് ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുമെന്ന് ബാലോത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍