America

ജ്യോതിഷം ശാസ്‌ത്രീയമാണോ? (സുനില്‍ എം.എസ്‌)

Published

on

(വളരെക്കാലം മുന്‍പ്‌ ഡോക്ടര്‍ അബ്രഹാം റ്റി കോവൂര്‍ എഴുതിയ ഒരിംഗ്ലീഷ്‌ ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം.)

`തനിയ്‌ക്കുണ്ടെന്നവകാശപ്പെടുന്ന അത്ഭുതശക്തി അന്വേഷണവിധേയമാക്കാന്‍ വിസമ്മതിയ്‌ക്കുന്ന വ്യക്തി ഒരു തട്ടിപ്പുകാരനാണ്‌. ഒരു വ്യക്തിക്കുണ്ടെന്നു പറയപ്പെടുന്ന അത്ഭുതശക്തിയെപ്പറ്റി അന്വേഷിയ്‌ക്കാനുള്ള ധൈര്യം കാട്ടാത്തൊരു വ്യക്തി എളുപ്പം കബളിപ്പിയ്‌ക്കപ്പെടാവുന്നയാളാണ്‌. പരിശോധന കൂടാതെ വിശ്വസിയ്‌ക്കാന്‍ തയ്യാറുള്ള വ്യക്തി ഒരു വിഡ്‌ഢിയാണ്‌.' ഡോ. കോവൂര്‍

ജ്യോതിഷം അന്ധവിശ്വാസമാണെന്ന്‌ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ തെളിയുന്നതിനു മുന്‍പ്‌ അന്ധവിശ്വാസമായി കണക്കാക്കി തള്ളിക്കളയേണ്ട ഒന്നല്ല ജ്യോതിഷമെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഞായറാഴ്‌ചപ്പതിപ്പില്‍ `ജ്യോതിഷം ശാസ്‌ത്രീയമാണോ' എന്ന ശീര്‍ഷകത്തിലെഴുതിയ തന്റെ ലേഖനത്തിലൂടെ വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രീ വി വി ഭുജ്‌ലെ ശ്രമിച്ചിരിയ്‌ക്കുന്നു. പ്രാചീനകാലം മുതല്‍ക്കേ ലോകമൊട്ടാകെത്തന്നെ ജ്യോതിഷം വിശ്വസിയ്‌ക്കപ്പെട്ടു പോന്നിരിയ്‌ക്കുന്നതിനാലും, വിശ്വാസികളില്‍ പലരും ഉന്നതശീര്‍ഷരായ പല ശാസ്‌ത്രജ്ഞരുമായതുകൊണ്ടുമാണ്‌ അദ്ദേഹം ജ്യോതിഷത്തെ ശരിയായ ഒരു ശാസ്‌ത്രം `ട്രു സയന്‍സ്‌' ആയി കണക്കാക്കാന്‍ തയ്യാറായിരിയ്‌ക്കുന്നത്‌. ജ്യോതിഷത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസത്തെ പിന്താങ്ങിക്കൊണ്ട്‌ അദ്ദേഹം ഇങ്ങനെ എഴുതിയിരിയ്‌ക്കുന്നു:

`പതിന്നാലാം ശതകത്തില്‍ പശ്ചിമയൂറോപ്പിലെ പാരീസ്‌, ബൊലോണ, ഫ്‌ലോറന്‍സ്‌ എന്നിവയുള്‍പ്പെടെയുള്ള പല സര്‍വകലാശാലകളിലും ജ്യോതിഷം ഒരു പഠനവിഷയമായി അംഗീകരിയ്‌ക്കപ്പെട്ടിരുന്നു' ജ്യോതിഷം വലിയ പ്രസിദ്ധി കൈവരിച്ചുകൊണ്ടിരിയ്‌ക്കുന്നു പാശ്ചാത്യലോകത്തിലെ, വിശിഷ്യ അമേരിക്കന്‍ ഐക്യനാടുകളിലെ, അഭ്യസ്‌തവിദ്യരായ ജനങ്ങള്‍ ഏതു നക്ഷത്രത്തിലാണു (Zodiac sign) ജനിച്ചതെന്ന്‌ പരസ്‌പരം ആരാഞ്ഞുകൊണ്ടിരിയ്‌ക്കുന്നു. ജ്യോതിഷം സംബന്ധിച്ച സാഹിത്യം മുമ്പെങ്ങുമില്ലാത്തവിധം പ്രചാരത്തിലായിരിയ്‌ക്കുന്നു അനേകം ശാസ്‌ത്രജ്ഞരും അന്വേഷകരും നിശ്ശബ്ദമായി ജ്യോതിഷം സംബന്ധിച്ച രേഖകള്‍ ശേഖരിയ്‌ക്കുകയും വിവിധമേഖലകളില്‍ അവയെ പരീക്ഷിയ്‌ക്കുകയും ചെയ്‌തുകൊണ്ടിരിയ്‌ക്കുന്നെന്ന വസ്‌തുത നിഷേധിയ്‌ക്കുക ദുഷ്‌കരമാണ്‌ പരമ്പരാഗതമായി നിലനിന്നിരുന്ന വീക്ഷണത്തില്‍ നിന്ന്‌ ആധുനികമായ വീക്ഷണത്തിലേയ്‌ക്ക്‌ ജ്യോതിഷവും പരിവര്‍ത്തിയ്‌ക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല ജ്യോതിഷമെന്ന പ്രതിഭാസത്തിന്റെ ആധികാരികതയെ കാള്‍ ജങ്‌ അംഗീകരിയ്‌ക്കുന്നു. ജ്യോതിഷത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും ഉത്ഭവത്തേയും ശരീരശാസ്‌ത്രത്തേയും പറ്റിയുള്ള അറിവ്‌ ജ്യോതിഷത്തെ വെറും അന്ധവിശ്വാസമായി മുദ്രകുത്തുന്ന ഒരു കൂട്ടം ശാസ്‌ത്രജ്ഞരേക്കാള്‍ കൂടുതലായി പ്രൊഫസ്സര്‍ ജങ്ങിനുണ്ട്‌ ജ്യോതിഷം കേവലം അന്ധവിശ്വാസം മാത്രമാണെന്ന വാദം തെളിയ്‌ക്കാനുള്ള ശാസ്‌ത്രീയമായ ശ്രമങ്ങളൊന്നും ഇതേവരെ നടന്നിട്ടില്ല `ജ്യോതിഷത്തെ പുച്ഛിച്ചു തള്ളുന്നതിനു മുന്‍പ്‌ അതിന്റെ ആധികാരികതയോ അഥവാ ആധികാരികതക്കുറവോ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിയ്‌ക്കപ്പെടേണ്ടതുണ്ട്‌.'

അടിസ്ഥാനമില്ലാത്ത ആശയം

ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിയ്‌ക്കുന്നതുകൊണ്ടോ, പ്രാചീനകാലം മുതല്‍ വിശ്വസിയ്‌ക്കപ്പെടുന്നതുകൊണ്ടോ, അതുമല്ലെങ്കില്‍, വിശ്വാസികളുടെ ഇടയില്‍ ശ്രേഷ്‌ഠരായ ശാസ്‌ത്രജ്ഞരുള്ളതുകൊണ്ടോ മാത്രം തെറ്റായ ഒരാശയം ഒരിയ്‌ക്കലും ശരിയായിത്തീരുകയില്ലെന്ന്‌ ശ്രീ ഭുജ്‌ലെ മനസ്സിലാക്കണം.

ജ്യോതിശ്ശാസ്‌ത്രത്തെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യനുള്ള ജ്ഞാനം തെറ്റായിരുന്ന കാലത്തായിരുന്നു ജ്യോതിഷത്തിന്റെ ആവിര്‍ഭാവം. അതുകൊണ്ട്‌ ജ്യോതിഷം സംബന്ധിച്ച കണക്കുകള്‍ തെറ്റായ വിവരങ്ങളെയാണ്‌ അടിസ്ഥാനമാക്കിയിരിയ്‌ക്കുന്നത്‌. ജ്യോതിഷികളുടെ ഒന്‍പതു ഗ്രഹങ്ങളില്‍ (നവഗ്രഹങ്ങളില്‍) അഞ്ചെണ്ണം മാത്രമാണു ശരിയായവ. മറ്റു നാലെണ്ണത്തില്‍ ഒന്ന്‌ ഒരു നക്ഷത്രവും മറ്റൊന്ന്‌ ഒരു ഉപഗ്രഹവുമാണ്‌. ശേഷിയ്‌ക്കുന്ന രണ്ടെണ്ണത്തിന്ന്‌ അസ്‌തിത്വമില്ല! തെറ്റായ വിവരങ്ങളില്‍ നിന്നുത്ഭവിച്ചിരിയ്‌ക്കുന്ന നിഗമനങ്ങള്‍ എങ്ങനെ ശരിയാകും?

ഒരു വ്യക്തിയുടെ ജനനസമയത്ത്‌ പന്ത്രണ്ടു രാശികളില്‍ അഥവാ പന്ത്രണ്ടു നക്ഷത്രസമൂഹങ്ങളിലെ ഗ്രഹങ്ങള്‍ എന്നു വിളിയ്‌ക്കപ്പെടുന്നവയുടെ ആപേക്ഷികവും ദൃശ്യവുമായ നിലയെ ആധാരമാക്കിയാണ്‌ ആ വ്യക്തിയെ സംബന്ധിച്ച ജ്യോതിഷക്കുറിപ്പുകള്‍ അഥവാ ചാര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നത്‌. സൗരയൂഥത്തിലെ ഗ്രഹങ്ങളും, മറ്റു രാശികളായി കണക്കാക്കപ്പെടുന്ന നക്ഷത്രസമൂഹങ്ങളും ഭൂമിയില്‍ നിന്നു ദശലക്ഷക്കണക്കിനു മൈലുകള്‍ അകലെയായതുകൊണ്ട്‌, ഭൂമിയില്‍ നിന്നുള്ള അവയുടെ ഏതെങ്കിലുമൊരു നിമിഷനേരത്തെ ദൃശ്യം അയഥാര്‍ത്ഥമാണ്‌, യഥാര്‍ത്ഥമല്ല. ഒരു വ്യക്തിയ്‌ക്കായി ജ്യോതിഷികള്‍ തയ്യാറാക്കുന്ന കുറിപ്പുകള്‍ അഥവാ ചാര്‍ട്ടുകള്‍ ഗ്രഹങ്ങളുടെ അയഥാര്‍ത്ഥമായ നിലയെ ആണ്‌ അടിസ്ഥാനമാക്കുന്നത്‌. ജ്യോതിശ്ശാസ്‌ത്രപരമായ ഗണിതങ്ങളിലൂടെ ഗ്രഹങ്ങളുടെ യഥാര്‍ത്ഥനില കണക്കാക്കിയെടുക്കാനുള്ള പരിജ്ഞാനവും കഴിവും ജ്യോതിഷികള്‍ക്കുണ്ടെങ്കില്‍ അവര്‍ക്ക്‌ അവരുടെ തൊഴിലിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടേനേ!

നക്ഷത്രങ്ങളില്‍ നിന്നും ഗ്രഹങ്ങളില്‍ നിന്നുമുള്ള പ്രകാശം ഭൂമിയിലെത്തിച്ചേരാന്‍ മിനിറ്റുകള്‍ മുതല്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വരെ വേണ്ടി വരുന്നതുകൊണ്ട്‌, ജ്യോതിഷികളുടെ ചാര്‍ട്ടുകള്‍ മിനിറ്റുകള്‍ മുതല്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വരെ തെറ്റാണ്‌!!

ന്യൂട്ടനും കാള്‍ ജങ്ങും ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നെന്ന കാരണം കൊണ്ടു മാത്രം ജ്യോതിഷത്തില്‍ അന്ധമായി വിശ്വസിയ്‌ക്കുന്നത്‌, മൊറാര്‍ജി ദേശായി സ്വമൂത്രം കുടിയ്‌ക്കുന്നതു കൊണ്ടു മാത്രം മൂത്രത്തിന്‌ ഔഷധഗുണമുണ്ടെന്നു വിശ്വസിച്ച്‌ അതു കുടിയ്‌ക്കുന്നതിനോളം തന്നെ പരിഹാസ്യമാണ്‌!

ജ്യോതിഷത്തെ സംബന്ധിച്ചു ശാസ്‌ത്രജ്ഞന്മാര്‍ നടത്തുന്ന വിരോധാഭിപ്രായങ്ങള്‍ തെളിയിയ്‌ക്കാനുള്ള ഉത്തരവാദിത്വം ശാസ്‌ത്രജ്ഞന്മാര്‍ക്കു തന്നെയാണ്‌ എന്നു ശ്രീ ഭുജ്‌ലെ പറയുന്നു. പതിനഞ്ചു വര്‍ഷമായി, സ്ഥിരമായി നില നില്‍ക്കുന്ന എന്റെ വെല്ലുവിളികളിലെ 23 ഇനങ്ങളില്‍ ജ്യോതിഷത്തേയും ഹസ്‌തരേഖാ ശാസ്‌ത്രത്തേയും ഞാനുള്‍പ്പെടുത്തിയതും, ഞാന്‍ നടത്തുന്ന ഒരു ടെസ്റ്റില്‍ 95 ശതമാനമോ അതില്‍ കൂടുതലോ ശരിയായ പ്രവചനങ്ങള്‍ നടത്തുന്ന ആര്‍ക്കും ഒരു ലക്ഷം ശ്രീലങ്കന്‍ രൂപ ഞാന്‍ വാഗ്‌ദാനം ചെയ്‌തിരിയ്‌ക്കുന്നതും ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ്‌. അസ്‌തിത്വമില്ലാത്ത വസ്‌തുക്കളെ ശരിയെന്നോ തെറ്റെന്നോ തെളിയിയ്‌ക്കാനുള്ള ചുമതല ശാസ്‌ത്രജ്ഞന്മാരുടേതാണ്‌ എന്ന ശ്രീ ഭുജ്‌ലെയുടെ അഭിപ്രായത്തോട്‌ എനിയ്‌ക്കു യോജിപ്പില്ലാതിരുന്നിട്ടും, ഞാന്‍ ഈ വാഗ്‌ദാനം മുന്നോട്ടു വച്ചിരിയ്‌ക്കുന്നത്‌ ജ്യോതിഷവും ഹസ്‌തരേഖാ ശാസ്‌ത്രവും മറ്റെല്ലാ അന്ധവിശ്വാസങ്ങളേയും പോലെ സമൂഹത്തിന്നൊരു ശാപമായിത്തീര്‍ന്നിരിയ്‌ക്കുന്നതു കൊണ്ടാണ്‌. ഞാന്‍ നടത്തുന്ന ടെസ്റ്റിനെ നേരിടാന്‍ ഒരു ജ്യോതിഷിയേയോ ഒരു ഹസ്‌തരേഖാ പ്രവാചകനേയോ എങ്കിലും ശ്രീ ഭുജ്‌ലെ നിര്‍ബന്ധിയ്‌ക്കുമോ? ഞാന്‍ ഈ ടെസ്റ്റ്‌ അനേകം തവണ നടത്തിക്കഴിഞ്ഞിരിയ്‌ക്കുന്നു. ആ ടെസ്റ്റുകളിലെല്ലാം കണ്ടത്‌ ഊഹിയ്‌ക്കാന്‍ മാത്രം കഴിവുള്ള സാധാരണ മനുഷ്യരേക്കാള്‍ കൂടുതല്‍ കൃത്യതയുള്ള പ്രവചനങ്ങള്‍ നടത്താന്‍ ജ്യോതിഷികള്‍ക്കും ഹസ്‌തരേഖാ പ്രവാചകര്‍ക്കും കഴിയാതെ പോകുന്നതാണ്‌.

ഏറ്റവും ഒടുവിലത്തെ ടെസ്റ്റ്‌

1978 ഫെബ്രുവരി 12നായിരുന്നു, ഞാന്‍ ഇതുവരെ നടത്തിയ ടെസ്റ്റുകളില്‍ അവസാനത്തേത്‌.

ശ്രീ സൈറസ്‌ അബെയകൂന്‍ എന്ന ശ്രീലങ്കക്കാരനായ ഒരു ജ്യോത്സ്യന്‌ ഭാവി പ്രവചിയ്‌ക്കുന്ന തന്റെ തൊഴിലില്‍ ലണ്ടനില്‍ ഉയര്‍ന്ന വരുമാനമുണ്ടെന്നും, അദ്ദേഹം ഘാനയിലെ പ്രസിഡന്റിന്റെ ഹസ്‌തരേഖകള്‍ നോക്കിക്കൊണ്ട്‌ ഘാനയില്‍ എണ്ണനിക്ഷേപം ഉണ്ടെന്നു കണ്ടുപിടിച്ചെന്നുമുള്ളൊരു വാര്‍ത്ത ദി സിലോണ്‍ സണ്‍ഡേ ഒബ്‌സര്‍വര്‍ എന്ന പത്രത്തില്‍ വായിയ്‌ക്കാനിടയായി. തന്റെ ഒഴിവുകാലം ചിലവഴിയ്‌ക്കാനായി ഈ ജ്യോത്സ്യന്‍ ശ്രീലങ്കയില്‍ വരുമ്പോള്‍ പ്രസിഡന്റ്‌ ശ്രീ ജെ ആര്‍ ജയവര്‍ദ്ധനെയുടെ ഹസ്‌തരേഖ നോക്കിക്കൊണ്ട്‌ ശ്രീലങ്കയിലെ എണ്ണനിക്ഷേപം കണ്ടുപിടിയ്‌ക്കാന്‍ അദ്ദേഹത്തിന്റെ ഈ കഴിവ്‌ എന്തുകൊണ്ട്‌ പ്രയോജനപ്പെടുത്തിക്കൂടാ എന്നു ഞാനത്ഭുതപ്പെടുന്നു.

ഭാവനാസൃഷ്ടിയും അതിശയോക്തി കലര്‍ന്നതുമായ ഈ വാര്‍ത്തയാല്‍ പ്രകോപിതനായിക്കൊണ്ട്‌ 1978 ഫെബ്രുവരി 12ന്‌ തേഴ്‌സ്റ്റന്‍ കോളേജ്‌ ഹാളില്‍ ഞാന്‍ നടത്താനുദ്ദേശിച്ച ഒരു ടെസ്റ്റു നേരിടാന്‍ ദി സിലോണ്‍ സണ്‍ഡേ ഒബ്‌സര്‍വറില്‍ കൂടിത്തന്നെ ശ്രീ സൈറസ്‌ അബെയകൂനിനേയും ശ്രീലങ്കയിലെ മറ്റെല്ലാ ജ്യോതിഷികളേയും ഞാന്‍ ആഹ്വാനം ചെയ്‌തു. എന്റെ വെല്ലുവിളി അവരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമാക്കാന്‍ വേണ്ടി ടെസ്റ്റില്‍ 95 ശതമാനമോ അതില്‍ കൂടുതലോ ശരിയുത്തരം ലഭിയ്‌ക്കുന്നവര്‍ക്കെല്ലാം എന്റെ പതിവു സമ്മാനമായ ഒരു ലക്ഷം രൂപ ഞാന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ജനനത്തീയതിയേയും ഹസ്‌തരേഖകളേയും അടിസ്ഥാനമാക്കിക്കൊണ്ട്‌ ശരിയായ പ്രവചനങ്ങള്‍ നടത്താനുള്ള സ്വന്തം കഴിവിനെപ്പറ്റി പതിവായി പരസ്യം ചെയ്യാറുള്ള പലരേയും കൂടി ഈ ടെസ്റ്റില്‍ പങ്കെടുക്കാനായി ഞാന്‍ കത്തിലൂടെ ക്ഷണിച്ചു.

നാലു ജ്യോത്സ്യന്മാര്‍ പ്രതികരിയ്‌ക്കുകയും എന്റെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ വരുന്നതാണെന്ന്‌ അറിയിയ്‌ക്കുകയും ചെയ്‌തു. യേശുക്രിസ്‌തുവിനോടുള്ള പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി വരുത്താന്‍ തനിയ്‌ക്കുള്ള കഴിവ്‌ പരസ്യമായി പ്രദര്‍ശിപ്പിയ്‌ക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ അഞ്ചാമതൊരാള്‍ എന്നെ ടെലിഫോണിലൂടെ അറിയിച്ചു. പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി വരുത്തുന്നത്‌ എന്റെ സ്ഥിരമായി നിലനില്‍ക്കുന്ന വെല്ലുവിളിയിലെ 23 ഇനങ്ങളില്‍ ഉള്‍പ്പെട്ടതായതുകൊണ്ട്‌ അദ്ദേഹത്തേയും ടെസ്റ്റു നേരിടാന്‍ ക്ഷണിച്ചു.

ഫെബ്രുവരി 12ന്‌ നിശ്ചിതസമയത്തിനു വളരെ മുന്‍പുതന്നെ തേഴ്‌സ്റ്റന്‍ കോളേജ്‌ ഹാള്‍ പ്രേക്ഷകരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. കൃത്യം അഞ്ചുമണിയ്‌ക്ക്‌ എന്റെ ഒരു ലഘുപ്രസംഗത്തോടെ നടപടികള്‍ ആരംഭിച്ചു. മന്ത്രവാദം, കൂടോത്രം തുടങ്ങിയവയുടെ ഉത്‌പത്തിയെക്കുറിച്ചും, ദൈവീകശക്തിയോ അത്ഭുതശക്തിയോ ഉണ്ടെന്നവകാശപ്പെടുന്നവരെ സ്ഥിരമായി വെല്ലുവിളിയ്‌ക്കാന്‍ ഞാനെന്തുകൊണ്ടു തയ്യാറായി എന്നും ഞാന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന്‌ ജ്യോതിഷികളോടും ഹസ്‌തരേഖാപ്രവാചകര്‍ എന്നവകാശപ്പെടുന്നവരോടും സ്‌റ്റേജിലേയ്‌ക്കു വന്ന്‌ ഉപവിഷ്ടരാകാന്‍ ആവശ്യപ്പെട്ടു. ഹാളില്‍ അനേകം ജ്യോത്സ്യന്മാരുണ്ടായിരുന്നെങ്കിലും ഒരേയൊരു ഹസ്‌തരേഖാപ്രവാചകനും, പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിക്കൊടുക്കുന്നു എന്നവകാശപ്പെട്ട ഒരു വ്യക്തിയും മാത്രമാണ്‌ സ്‌റ്റേജിലേയ്‌ക്കു കടന്നു വന്നത്‌. പൊതുജനത്തിന്റെ പക്കല്‍ നിന്ന്‌ അഞ്ചും പത്തും രൂപ വീതം നേടുന്ന ജ്യോത്സ്യന്മാര്‍ ഞാന്‍ വാഗ്‌ദാനം ചെയ്‌ത ഒരു ലക്ഷം രൂപ നിരസിച്ചത്‌ എന്തുകൊണ്ടെന്ന്‌ ആലോചിച്ചെടുക്കാനുള്ള ബുദ്ധിസാമര്‍ത്ഥ്യം വായനക്കാര്‍ക്കുണ്ട്‌ എന്നെനിയ്‌ക്കു തീര്‍ച്ചയുണ്ട്‌. ഞാന്‍ വാഗ്‌ദാനം ചെയ്‌ത സമ്മാനത്തുക നേടിയെടുക്കാനുള്ള കഴിവ്‌ തങ്ങള്‍ക്കു തീരെയില്ലെന്നു മനസ്സിലാക്കിയ അവര്‍ തങ്ങളുടെ കാപട്യം പുറത്തായാല്‍ ഭാവിയില്‍ ജ്യോതിഷം ഉപയോഗിച്ചു വരുമാനം നേടാനുള്ള സാദ്ധ്യത മുഴുവന്‍ നഷ്ടമാകുമെന്നു ഭയന്നായിരുന്നു, ടെസ്റ്റു നേരിടാഞ്ഞത്‌.

പ്രേക്ഷകരില്‍ നിന്നുള്ള ഒരു സാധാരണ വ്യക്തിയോടു കൂടി സ്‌റ്റേജില്‍ മറ്റുള്ളവരോടൊപ്പം ഉപവിഷ്ടനാകാന്‍ ഞാനഭ്യര്‍ത്ഥിച്ചു. ആദ്യം തന്നെ പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടുന്നു എന്നവകാശപ്പെട്ട വ്യക്തിയോട്‌ എന്റെ നാസികയുടെ കടയ്‌ക്കലുള്ള ഒരു കറുത്ത മറുക്‌ പ്രാര്‍ത്ഥനയിലൂടെ നീക്കം ചെയ്‌തുതരാന്‍ അഭ്യര്‍ത്ഥിച്ച ശേഷം, ഞാന്‍ ഹസ്‌തരേഖാ പ്രവാചകനുള്ള ടെസ്റ്റിലേയ്‌ക്കു കടന്നു. യേശുക്രിസ്‌തുവിനോടുള്ള പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിക്കൊടുക്കുമെന്നവകാശപ്പെട്ട വ്യക്തിയോട്‌ എന്റെ മൂത്രാശയത്തിലെ കാന്‍സറിനുള്ള രോഗശാന്തി നേടിത്തരാനെനിയ്‌ക്കു പറയാമായിരുന്നു. പക്ഷേ, ഒരു ബയോപ്‌സി കൂടാതെ ചികിത്സാഫലം പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട്‌ ഞാന്‍ ആ ആവശ്യം മുന്നോട്ടു വച്ചില്ല.

വിശ്വാസചികിത്സകന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരിയ്‌ക്കുമ്പോള്‍ ഞാനെന്റെ ഫയലില്‍ നിന്ന്‌ സീലു ചെയ്‌ത ചില കവറുകള്‍ പുറത്തെടുത്തു. അവയിലൊന്നില്‍ പത്തു വ്യക്തികളുടെ ഉള്ളംകൈകളുടെ ചിത്രങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എന്റെ അഭ്യര്‍ത്ഥനപ്രകാരം ശ്രീലങ്കന്‍ പോലീസ്‌ തയ്യാറാക്കിയവയായിരുന്നു, അവ. രണ്ടാമത്തെ കവറില്‍ അതേ പത്തു വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നു: അവര്‍ സ്‌ത്രീയോ പുരുഷനോ എന്നും, അവര്‍ ജീവിച്ചിരിയ്‌ക്കുന്നവരോ മരിച്ചുപോയവരോ എന്നുമുള്ള വിവരങ്ങള്‍. ഈ വിവരങ്ങളെല്ലാം ഉത്തരവാദപ്പെട്ട ഒരു പോലീസ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവയായിരുന്നു. സീല്‍ ചെയ്‌ത ഒരു കവറില്‍ ഒരു കടലാസ്സില്‍ അവരുടെ ജനനത്തീയതികളും, കൃത്യമായ മിനിറ്റു വരെയുള്ള ജനനസമയങ്ങളും, അവയ്‌ക്കു പുറമേ, അവരുടെ ജന്മസ്ഥലങ്ങളുടെ രേഖാംശങ്ങളും അക്ഷാംശങ്ങളും രേഖപ്പെടുത്തിയിരുന്നു. സീല്‍ ചെയ്‌ത ഒരു കവറില്‍ അവര്‍ സ്‌ത്രീയോ പുരുഷനോ എന്നും, അവരുടെ ജീവിതദൈര്‍ഘ്യത്തെപ്പറ്റിയും അവരില്‍ ജീവിച്ചിരിയ്‌ക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും, അവരില്‍ ജീവിച്ചിരിപ്പില്ലാത്തവരുടെ ഉറ്റ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്‌ത രേഖകളും ഉണ്ടായിരുന്നു.

ആദ്യത്തെ കവര്‍ പ്രേക്ഷകരുടെ മുന്‍പില്‍ വച്ചു ഞാന്‍ തുറന്നു. അതിലുണ്ടായിരുന്ന അക്കമിട്ട്‌ അടയാളപ്പെടുത്തിയിരുന്ന ഹസ്‌തരേഖാ ചിത്രങ്ങള്‍ ആദ്യം തന്നെ ഹസ്‌തരേഖാ പ്രവാചകന്‍ എന്നവകാശപ്പെട്ട വ്യക്തിയ്‌ക്കു കൊടുത്തു. തുടര്‍ന്ന്‌ അവ സ്‌റ്റേജില്‍ത്തന്നെയിരുന്നിരുന്ന സാധാരണ വ്യക്തിയ്‌ക്കും കൈമാറി. ഹസ്‌തരേഖാചിത്രങ്ങള്‍ നോക്കി ആ ഹസ്‌തരേഖകളുടെ ഉടമകളില്‍ ആരൊക്കെ പുരുഷന്മാരും ആരൊക്കെ വനിതകളും ആരൊക്കെ ജീവിച്ചിരിയ്‌ക്കുന്നവരും ആരൊക്കെ മരിച്ചുപോയവരുമാണ്‌ എന്നു മനസ്സിലാക്കി അത്‌ അവര്‍ക്കു നല്‍കപ്പെട്ട കടലാസ്സില്‍ രേഖപ്പെടുത്താന്‍ ഞാന്‍ അവരോടാവശ്യപ്പെട്ടു.

പ്രേക്ഷകരുടെ ഇടയില്‍ നിന്ന്‌ രണ്ടു പത്രപ്രതിനിധികളെ ഞാന്‍ സ്‌റ്റേജിലേയ്‌ക്കു ക്ഷണിച്ചു. ഉത്തരക്കടലാസില്‍ രേഖപ്പെടുത്തപ്പെട്ട ഉത്തരങ്ങള്‍ പോലീസ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകളുമായി ഒത്തു നോക്കി, ശരിയായ ഉത്തരങ്ങള്‍ അടയാളപ്പെടുത്താന്‍ ഞാന്‍ പത്രപ്രതിനിധികളോട്‌ അഭ്യര്‍ത്ഥിച്ചു. ഹസ്‌തരേഖക്കാരന്റെ 30 ശതമാനം ഉത്തരങ്ങള്‍ ശരിയായപ്പോള്‍ സാധാരണക്കാരനായ വ്യക്തിയുടെ 20 ശതമാനം ഉത്തരങ്ങള്‍ ശരിയായിത്തീര്‍ന്നു. സാധാരണക്കാരനായ കേവലം ഒരു വ്യക്തിയെ മാത്രം വിളിയ്‌ക്കുന്നതിനു പകരം കൂടുതല്‍ വ്യക്തികളെ വിളിച്ചിരുന്നെങ്കില്‍ അവരില്‍ പലരുടേയും 50 ശതമാനം ഉത്തരങ്ങള്‍ പോലും ശരിയായിത്തീരുമായിരുന്നു. ബുദ്ധിശക്തി പൊതുവില്‍ കുറഞ്ഞവര്‍ക്കു പോലും അത്രത്തോളം ശരിയുത്തരങ്ങള്‍ ഒരുപക്ഷേ കിട്ടുമായിരുന്നു!

എന്റെ നാസികയുടെ കടയ്‌ക്കലുള്ള കറുത്ത മറുകും എന്റെ ഒരു ലക്ഷം രൂപയും ഇപ്പോഴും എന്റെ പക്കല്‍ത്തന്നെ സുരക്ഷിതമായിരിയ്‌ക്കുന്നു. ആ പത്തു വ്യക്തികളുടെ ജന്മത്തീയതി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ കവറുകള്‍ ഭാവിയിലെ ഉപയോഗത്തിന്നായി ഞാനിപ്പോഴും തുറക്കാതെ, ഭദ്രമായി, സൂക്ഷിച്ചിരിയ്‌ക്കുന്നു.

പ്രാദേശിക വര്‍ത്തമാനപ്പത്രങ്ങളില്‍ ഈ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നു. ആ വാര്‍ത്തയ്‌ക്കു കിട്ടിയ വ്യാപകമായ പ്രചാരം വളരെ ആരോഗ്യകരമായ ഫലമുണ്ടാക്കി. ശ്രീലങ്കയിലെ അനേകം ഭവിഷ്യപ്രവാചകര്‍ക്ക്‌ വിശ്വാസികളുടെ അതായത്‌ `ഇടപാടുകാരുടെ' കുറവു നിമിത്തം സ്വന്തം കടകള്‍ അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചിരിയ്‌ക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികളുടെ ഉന്മൂലനാശം അസാദ്ധ്യമാണ്‌. എളുപ്പം കബളിപ്പിയ്‌ക്കപ്പെടാന്‍ സാദ്ധ്യതയുള്ള വിഡ്ഡികള്‍ സമൂഹത്തില്‍ വളരെയാണ്‌, അവര്‍ ഇക്കൂട്ടരെ സമീപിച്ചുകൊണ്ടേയിരിയ്‌ക്കും.

ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ പഠനം നടത്തിയിട്ടുള്ള ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ എസ്‌ ഡബ്ല്യു ആര്‍ ഡി ബണ്ടാരനായകെ അദ്ദേഹത്തിന്റെ കുടുംബജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം തന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്‌ 30 മിനിറ്റു നീട്ടി വച്ചു. ജ്യോത്സ്യന്‍ നിര്‍ദ്ദേശിച്ച `ശുഭമുഹൂര്‍ത്ത'ത്തിലാണ്‌ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തതെങ്കിലും അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തീകരിയ്‌ക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്‌. ഇതൊക്കെയാണെങ്കിലും ശ്രീലങ്കയിലേയും ഇന്ത്യയിലേയും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഇത്തരം വ്യാജന്മാര്‍ നിര്‍ദ്ദേശിയ്‌ക്കുന്ന `ശുഭമുഹൂര്‍ത്തങ്ങളി'ല്‍ മാത്രം സത്യപ്രതിജ്ഞയെടുക്കുന്ന പതിവ്‌ തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും!

ബി വി രാമന്‍

`ദൈവീകാത്ഭുതങ്ങളെ' തുറന്നു കാട്ടാനുള്ള ഇന്ത്യയിലെ എന്റെ നാലാമത്തെ പര്യടനത്തിനു തൊട്ടുമുന്‍പ്‌ ബാംഗ്ലൂരിലെ ഡോക്ടര്‍ ബി വി രാമന്‌ ഞാന്‍ കത്തെഴുതി. തന്റെ `അസ്‌ട്രോളജിക്കല്‍ മാഗസിനി'ല്‍ കൂടി ഒട്ടേറെ സ്വത്തു വാരിക്കൂട്ടിയ ആളാണ്‌ ഡോ. ബി വി രാമന്‍. ബാംഗളൂരിലെ എന്റെ ഏതെങ്കിലുമൊരു പ്രഭാഷണപരിപാടിയില്‍ സംബന്ധിയ്‌ക്കാനും,ജ്യോതിഷത്തിലൂടെ ശരിയായ പ്രവചനങ്ങള്‍ നടത്തുക വാസ്‌തവമായും സാദ്ധ്യമാണെങ്കില്‍ അത്‌ ഇന്ത്യന്‍ ജനതയ്‌ക്ക്‌ തെളിയിച്ചു കൊടുക്കാനും ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. ബാംഗ്ലൂരിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമായി എട്ടു പൊതുസമ്മേളനങ്ങളില്‍ ഞാന്‍ പ്രസംഗിച്ചെങ്കിലും അവയിലൊന്നിലും അദ്ദേഹം പങ്കെടുത്തില്ല. ഒരു ശാസ്‌ത്രീയപരീക്ഷണം നേരിടുന്നതിലടങ്ങിയിരിയ്‌ക്കുന്ന ആപത്തു മുന്‍കൂട്ടിക്കാണാനുള്ള ബുദ്ധിശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ മുന്നോട്ടു വച്ചിരിയ്‌ക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനായി ഡോക്ടര്‍ രാമനേയോ മറ്റേതെങ്കിലും `പരിശുദ്ധനായ' ജ്യോത്സനേയോ ശ്രീ ഭുജ്‌ലെ പ്രേരിപ്പിയ്‌ക്കുമോ?

`ജ്യോതിഷം വെറും അന്ധവിശ്വാസം മാത്രമാണ്‌ എന്ന പ്രസ്‌താവന ശരിയോ തെറ്റോ എന്നു പരിശോധിയ്‌ക്കാനായി ശാസ്‌ത്രീയമായ ശ്രമങ്ങളൊന്നും ഒരിയ്‌ക്കലും നടത്തിയിട്ടില്ല' എന്നു പറഞ്ഞ ശ്രീ ഭുജ്‌ലെ ഡോക്ടര്‍ രാമനെ ഇത്തരമൊരു ടെസ്റ്റിനു വിധേയനാക്കാനും, പ്രാചീനകാലം മുതല്‍ നിലനിന്നു പോരുന്ന ഈ കെട്ടുകഥയുടെ പൊള്ളത്തരം തുറന്നു കാണിയ്‌ക്കാനും സ്വയം മുന്നോട്ടുവരണം.

(അബ്രഹാം തോമസ്‌ കോവൂര്‍ 1898 ഏപ്രില്‍ പത്താം തീയതി തിരുവല്ലയില്‍ റവറന്റ്‌ കോവൂര്‍ ഐപ്പ്‌ തോമാ കത്തനാരുടെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ച്‌ ഓഫ്‌ മലബാറിന്റെ വികാര്‍ ജനറലായിരുന്നു. കോവൂര്‍ കൊല്‍ക്കത്തയിലെ ബംഗബാസി കോളേജില്‍ പഠനം നടത്തി. ഒരു ജൂനിയര്‍ പ്രൊഫസ്സറായി കേരളത്തില്‍ ജോലി ചെയ്‌ത ശേഷം അദ്ദേഹം തന്റെ ശേഷിച്ച ജീവിതം ശ്രീലങ്കയില്‍ ചിലവഴിച്ചു. 1959ല്‍ കൊളമ്പോയിലെ തേഴ്‌സ്റ്റന്‍ കോളേജില്‍ വച്ച്‌ ജോലിയില്‍ നിന്നു വിരമിയ്‌ക്കുന്നതു വരെ അദ്ദേഹം ശ്രീലങ്കയിലെ വിവിധ കോളേജുകളില്‍ ബോട്ടണി പഠിപ്പിച്ചു. ഹിപ്‌നോതെറാപ്പിയിലും അപ്ലൈഡ്‌ സൈക്കോളജിയിലും അദ്ദേഹം പ്രാക്ടീസ്‌ നടത്തി. ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം അദ്ദേഹം തന്റെ ജീവിതം യുക്തിവാദപ്രസ്ഥാനത്തിന്നായി നീക്കിവച്ചു. 1960ല്‍ സിലോണ്‍ റാഷണലിസ്റ്റ്‌ അസോസിയേഷന്റെ പ്രസിഡന്റായ അദ്ദേഹം തന്റെ മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. അബ്രഹാം കോവൂര്‍ 1978 സെപ്‌റ്റംബര്‍ 18ന്‌ ചരമമടഞ്ഞു.)

ഫേസ്‌ബുക്കില്‍ കഴിഞ്ഞൊരു ദിവസം കാണാനിടയായ, സ്വാമി വിവേകാനന്ദന്റേത്‌ എന്നവകാശപ്പെടുന്നൊരു സന്ദേശം താഴെ ഉദ്ധരിയ്‌ക്കുന്നു:

`ഒരു നക്ഷത്രത്തിനു താറുമാറാക്കാന്‍ കഴിയുന്നതാണ്‌ എന്റെ ജീവിതമെങ്കില്‍ അതിനു ഞാനൊരു വിലയും കല്‌പിയ്‌ക്കുന്നില്ല. ജ്യോത്സ്യവും അതു പോലുള്ള അത്ഭുതവിദ്യകളും പൊതുവെ ദുര്‍ബ്ബലമനസ്സുകളുടെ ലക്ഷണമാണ്‌. അവ നിങ്ങളുടെ മനസ്സില്‍ പ്രബലമാകുന്നു എന്നു കണ്ടാലുടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ചു വിശ്രമിയ്‌ക്കുകയും വേണം.'

Facebook Comments

Comments

1. Anthappan

2013-05-11 16:58:07

Horoscope, voodoo,  and jothishm are all bunch of BS.

2. വിദ്യാധരൻ

2013-05-11 06:26:45

ജ്യോതിഷന്മാരുടെയും, സന്യാസിമാരുടെയും, കവടിനിരത്തുകാരുടെയും, കണിയാന്മ്മാരുടെയും, തന്ത്രികളുടെയും, അച്ചന്മാരുടെയും, തിരുമാനസുകളും ഒക്കെ നമ്മളുടെ ജീവിതം കോളം ആക്കി വച്ചിരിക്കുകയാണ്, തൊണ്ണൂറ്റി അഞ്ചു ശതമാനത്തിലേറെ ജനങ്ങൾ ഇവരുടെ അടിമകൾ ആണ്.  ഇവന്മാര് കവടി നിരത്തിയും ഗണിച്ചും ഒക്കെ പറഞ്ഞാണ് ഇന്ന് ലോകത്തിലെ യുദ്ധങ്ങളും കൊലപാതകങ്ങളും ഒക്കെ നടക്കുന്നത്. എന്ന് ഇതിൽ നിന്ന് പുറത്തു വരുന്നോ അന്നേ സ്വാതന്ത്രിയത്തിന്റെ മാതുര്യം അനുഭവിക്കാൻ നമ്മൾക്ക് കഴിയു. നല്ല ലേഖനം

3. anonymous

2013-05-10 20:14:51

ഞാൻ ചെയ്യുന്നതൊക്കെയും നിങ്ങൾക്കും ചെയ്യാൻ കഴിയും എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ അതിനു പുല്ലു വില കല്പ്പിച്ചു. അതിന്റെ സംജ്ഞയിലേക്ക്  ആഴ്‌ന്നിറങ്ങി അതിന്റെ അർത്ഥം മനസിലാക്കാൻ നിങ്ങളുടെ ദുർബല മനസുകൾക്ക്  കഴിയുന്നില്ല.  കാരാണം നിങ്ങൾക്ക് നിങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കളിപാട്ടം ആയി മാറിയിരിക്കുകയാണ്.  ആദ്യമായി നിങ്ങൾ ചെയ്യണ്ടത്  നിങ്ങളിലെ ദിവ്യമായ ചൈതന്യെത്തെ നില നിറുത്തുക . ചൈതന്യം എന്ന് പറയുന്നത്  ഊർജ്ജമാണ്  അത് നഷ്ടപെടാതെ സൂക്ഷിക്കുക. അതിനു കളങ്കമറ്റ ഒരു മനസ് ആവശ്യമാണ്. ഞാൻ പറഞ്ഞിട്ടില്ലേ ഹൃദയശുദ്ദിയുള്ളവർ ദൈവത്തെ കാണും എന്ന്. ദൈവത്തിന്റെ മറ്റൊരു പേരാണ് ഊർജ്ജം. അപ്പോൾ ഊർജ്ജം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന് പറഞ്ഞാല ദൈവം നിങ്ങളിൽ നിന്ന് ഇറങ്ങി പോകാതെ സൂക്ഷിക്കുക എന്നാണു. അതിനു അസൂയ പാരവെപ്പ്  അമിതമായി ചെയ്യുന്ന എന്തും നിയന്ത്രിക്ക അപ്പോൾ ചെകുത്താൻ ഉള്ളിൽ കേറാതെ തടയാൻ പറ്റും. അത് ചെയ്യാൻ കഴിയുന്ന ഒരു വ്യക്തി ധീരനായിരിക്കും ധീരന്മാര്ക്ക്  പ്രതിരോധ ശക്തി കൂടുതലാണ്. അല്ലെങ്കിൽ അവരില സ്പുരിക്കുന്ന ചൈതന്യത്തിന്റെ അളവ് കൂടുതലായിരിക്കും. അവരുമായി അടുത്തു ഇടപെഴുകുന്നവ്ര്ക്കും ശക്തി ലഭിക്കും. അതിലൂടെ രോഗ ശാന്തി ലഭിക്കും. നാല് തരത്തിലുള്ള ശക്തിയുണ്ട് . കല്ലിലും മണ്ണിലും മണലിലും നക്ഷത്രങ്ങളിലും, തുരുമ്പിലും ഉള്ള ശക്തി, മരങ്ങളിലും ചെടികളിലും പുല്ലിലും ഉള്ള ശക്തി. മൃഗങ്ങളിൽ ഉള്ള ശക്തി. ഇതിലെല്ലാം ഉപരിയായി മനുഷ്യനിലുള്ള ശക്തി. എല്ലാ ശക്തി കളുടെയും അടിസ്ഥാന ഘടകങ്ങൾ പഞ്ച ഭൂതങ്ങൾ ആണ്. അതുകൊണ്ട്. ആദ്യം നിങ്ങൾ ആരാണെന്നും നിങ്ങളിലുള്ള ശക്തിയുടെ ആഴം എന്താണെന്നും മനസിലാക്കുക. അതോടെ നിങ്ങള്ക്ക് ഈ ഭൂമിയിൽ സന്തോഷമായി, രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി ഒരു നല്ല ജീവിതം നയിക്കാൻ കഴിയും. വെറുതെ ജ്യോതിഷത്തിന്റെ പുറകെ നടന്നു കാലിന്റെ അടി തേച്ചു കളയാതെ
അഹം ബ്രഹ്മാസ്മി. സ്വർഗ്ഗ രാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ടു.

4. Joseph E. Thomas

2013-05-10 17:50:31

"swapnam chilarkku chila kaalam othitaam."

Kumaran Aasaan.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More