-->

America

ചില നാട്ടു വിശേഷങ്ങള്‍ (കഥ: സുനില്‍ എം.എസ്‌ )

സുനില്‍ എം.എസ്‌

Published

on

കഥയല്‌പം നീണ്ടതാണ്‌, ക്ഷമിയ്‌ക്കുക. അലൂമിനിയക്കുടങ്ങളില്‍ അവശേഷിച്ച വെള്ളം കുടിവെള്ളം വച്ചിരിയ്‌ക്കുന്ന വലിയ രണ്ടു സ്റ്റീല്‍ പാത്രങ്ങളിലേയ്‌ക്കു പകര്‍ന്നു ഭദ്രമായി മൂടിവച്ച്‌, പുറകിലെ വാതിലിലൂടെ പുറത്തിറങ്ങി വാതില്‍ മെല്ലെ, ശബ്ദമുണ്ടാകാതെ ചേര്‍ത്തടച്ചു. തുറന്നു കിടക്കുന്ന ജനലിലൂടെ പാളി നോക്കിയപ്പോള്‍ ടൈംപീസില്‍ മണി ആറേകാല്‍.

ടൈംപീസ്‌ വച്ചിരിയ്‌ക്കുന്നത്‌ ചെറിയ അലമാരയുടെ മുകളില്‍, സര്‍വ്വവും വീക്ഷിച്ചുകൊണ്ട്‌ ഓടക്കുഴലൂതുന്ന `കൃഷ്‌ണന്‍കുട്ടി'യുടെ തൊട്ടു മുന്നിലാണ്‌. കൃഷ്‌ണന്‍കുട്ടിയുടെ മുന്നില്‍ ടൈംപീസിനെപ്പോലുള്ള ഭൌതികവസ്‌തുക്കള്‍ വയ്‌ക്കുന്നതിനെ ശാരി ഇടയ്‌ക്കിടെ അപലപിയ്‌ക്കുമെങ്കിലും, മുറിയില്‍ എവിടെ നിന്നു വേണമെങ്കിലും കാണാവുന്ന, എന്നാല്‍ സുരക്ഷിതവുമായ ഒരേയൊരു സ്ഥാനം അതു മാത്രമാണ്‌. ചൈനക്കാരോ കൊറിയക്കാരോ മറ്റോ നിര്‍മ്മിച്ച ടൈംപീസ്‌ കൃഷ്‌ണന്‍കുട്ടിയുടെ ശരീരത്തില്‍ ധിക്കാരപൂര്‍വ്വം ചെന്നു മുട്ടി മലിനപ്പെടുത്താതിരിയ്‌ക്കാന്‍ ശാരി ടൈംപീസിനെ ഒരിഞ്ചു മുന്നോട്ടു നീക്കി വയ്‌ക്കുന്നു. ടൈംപീസ്‌ താഴെ വീണാലോ എന്നു ഭയന്ന്‌ ഞാനതിനെ പുറകോട്ടു നീക്കി കൃഷ്‌ണന്‍കുട്ടിയോടു ചേര്‍ത്തിരുത്തും. പിന്നീടു നോക്കുമ്പോഴത്‌ വീണ്ടും പഴയപോലെ അകന്നിരുന്നിട്ടുമുണ്ടാകും.

ടൈംപീസിന്നു ജീവനുണ്ടായിരുന്നെങ്കില്‍ ശാരിയെക്കാണുമ്പോഴേയ്‌ക്കും, `ആ ചേച്ചി ദാ വരണൂ, എന്നെയിപ്പൊ പിടിച്ചു നീക്കിയിരുത്തും' എന്നു പിറുപിറുത്തേനേ. ഒരിയ്‌ക്കല്‍ ഞാനിത്‌ അവളോടു പറഞ്ഞു. അവളതു കേട്ടു പൊട്ടിച്ചിരിച്ചു. ടൈംപീസിനെ സ്‌നേഹത്തോടെ കൈയിലെടുത്ത്‌, വാത്സല്യത്തോടെ തുടച്ചു മിനുക്കി, `കണ്ണാ, ഇവനിവിടിരുന്നോട്ടെ' എന്നു കൃഷ്‌ണന്‍കുട്ടിയോട്‌ അല്‌പമൊരു ക്ഷമാപണത്തോടെ പറഞ്ഞ്‌ ചേര്‍ത്തിരുത്തി. അന്നു മുതല്‍ ടൈംപീസിന്റെ സ്ഥാനം ഏകദേശം സ്ഥിരമായി. കൃഷ്‌ണന്‍കുട്ടിയുടേയും എന്റേയും നേരേ നോക്കി നിസ്സഹായതയോടെ കൈ മലര്‍ത്തിക്കൊണ്ട്‌ അവള്‍ ഇതു കൂടി ചോദിച്ചു, `രണ്ടും കേശവന്മാരു തന്നെ. ഞാനെന്താ ചെയ്‌ക!'

ഞാന്‍ ചിരിച്ചു. കൃഷ്‌ണന്‍കുട്ടിയും ഉള്ളാലെ ചിരിച്ചു കാണണം. കൃഷ്‌ണന്‍കുട്ടിയ്‌ക്ക്‌ പരിഭവത്തിന്നു കാരണമില്ല. കൃഷ്‌ണന്‍കുട്ടിയുടെ ഉത്ഭവം അത്തരത്തിലുള്ളതായിരുന്നു. ഒരിയ്‌ക്കല്‍ ഞങ്ങള്‍ ബൈക്കിനു പോകുമ്പോള്‍, `ചേട്ടാ, നിറുത്തിയ്‌ക്കേ' എന്നു പറഞ്ഞു. ഞാനുടന്‍ വണ്ടി നിര്‍ത്തി. ഊര്‍ന്നിറങ്ങിയ അവള്‍ ധൃതിയില്‍ പുറകോട്ടു നടന്നു. കൂടെ ഞാനും. റോഡരികില്‍ കുറേയേറെ വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ വച്ചിരുന്നു. ബൈക്കു പാസ്സു ചെയ്‌തു പോകുമ്പോള്‍ കണ്ട ഒറ്റ നോട്ടത്തില്‍ അവയിലേതോ വിഗ്രഹം അവളെ ആകര്‍ഷിച്ചുവത്രെ. കുറച്ചു നേരത്തെ തിരച്ചിലിന്നു ശേഷം വിവിധവിഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അവളതു കണ്ടെടുത്തു. എനിയ്‌ക്കും വിഗ്രഹത്തെ ഇഷ്ടമായി. ഒന്നരയടിയില്‍ താഴെ മാത്രം ഉയരമുള്ള, അഴകുള്ള പ്രതിമ. നീള്‍മിഴികള്‍. ഓടക്കുഴലൂതുന്നതിന്നിടയിലെ നോട്ടത്തില്‍ സ്‌നേഹം വഴിഞ്ഞൊഴുകി. വിലയും വളരെക്കുറവ്‌. ദൈവങ്ങള്‍ക്ക്‌ പച്ചക്കറിയോളം പോലും വിലയില്ലാതായി എന്നു ഞാന്‍ ഉള്ളില്‍ പറഞ്ഞു.

`കൊറിയക്കാരാ, നീ കണ്ണനെ മുട്ടാതിരുന്നോളൂ' എന്നവള്‍ ടൈംപീസിന്നോട്‌ ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നപ്പോളൊക്കെ, ടൈംപീസ്‌ നിര്‍മ്മിച്ചതു കൊറിയക്കാരായിരുന്നെങ്കില്‍ കൃഷ്‌ണന്‍കുട്ടിയെ നിര്‍മ്മിച്ചത്‌ കുളിയ്‌ക്കുക പോലും ചെയ്യാത്ത, അന്യസംസ്ഥാനക്കാരായ കുറേ പ്രാകൃതരൂപികളായിരുന്നെന്ന്‌ ഞാനൊരിയ്‌ക്കല്‍ തിരിച്ചടിച്ചു. `ഈശ്വരവിഗ്രഹം സൃഷ്ടിയ്‌ക്കുന്നവര്‍ വിശുദ്ധരാണ്‌. അവര്‍ കുളിയ്‌ക്കേണ്ടതില്ല' എന്ന്‌ എന്റെ പുറത്തൊരടി വച്ചു തന്നിട്ട്‌ അവള്‍ അല്‌പം കാര്യമായിത്തന്നെ, അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിയ്‌ക്കുകയും ചെയ്‌തു. ശരിയാണ്‌, അവരുടെ സൌന്ദര്യബോധം മുഴുവന്‍ കൃഷ്‌ണന്‍കുട്ടിയില്‍ പ്രതിഫലിയ്‌ക്കുന്നുണ്ടെന്ന്‌ എനിയ്‌ക്കും തോന്നാറുണ്ട്‌.

അലൂമിനിയക്കുടങ്ങളുമായി പടിഞ്ഞാപ്പുറത്തുകൂടെ നടക്കുമ്പോള്‍ ഉയരം തീരെക്കുറഞ്ഞ മാവില്‍ നിന്നു തൂങ്ങിക്കിടക്കുന്ന മാങ്ങകള്‍ കണ്ണിലും മുഖത്തും മുട്ടാതിരിയ്‌ക്കാന്‍ ഒഴിഞ്ഞും കുനിഞ്ഞും നടന്നു. മാങ്ങകളുടെ എണ്ണം കുറഞ്ഞിരിയ്‌ക്കുന്നു. കഴിഞ്ഞ മാസം മാങ്ങകള്‍ ഒരുപാടുണ്ടായിരുന്നു. നിലം മുട്ടെ മാങ്ങകള്‍. നിലത്തു നിന്ന്‌ അരയടി മാത്രം ഉയരത്തിലും ഒരെണ്ണമുണ്ടായിരുന്നു. ഇപ്പോഴതൊക്കെ പോയിരിയ്‌ക്കുന്നു. കഴിഞ്ഞ മാസങ്ങളിലെ വരള്‍ച്ച മൂലമായിരിയ്‌ക്കണം, മാങ്ങകളുടെ എണ്ണം കുറഞ്ഞത്‌. നനച്ചുകൊടുക്കാന്‍ കുളത്തില്‍ വെള്ളവും ആവശ്യത്തിന്നില്ലാതായിപ്പോയി. മാവിന്‍ ചുവട്ടില്‍ കിളികള്‍ക്കു കുളിയ്‌ക്കാനും കുടിയ്‌ക്കാനുമായി കല്‍ച്ചട്ടിയില്‍ വച്ചിരുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിരിയ്‌ക്കുന്നു. ശാരി എഴുന്നേറ്റു പുറത്തിറങ്ങുമ്പോള്‍ ആദ്യം ചെയ്യുന്ന പതിവു ജോലികളില്‍ ഒന്നാണ്‌ ചട്ടിയില്‍ കിളികള്‍ക്കായി വെള്ളം നിറയ്‌ക്കല്‍. പകലിന്നു ചൂടേറുമ്പോള്‍ കിളികള്‍ വെള്ളത്തില്‍ മുങ്ങിക്കുളിച്ച്‌, മാവിന്‍ കൊമ്പില്‍ പറന്നിരുന്ന്‌ ചിറകു വിതിര്‍ത്തി ഉണക്കും.

അവിടവിടെ തൂങ്ങിക്കിടക്കുന്ന ഈ മാങ്ങകളൊക്കെ ചുറ്റുമുള്ള കുട്ടികള്‍ ബുക്കു ചെയ്‌തു കഴിഞ്ഞവയാണ്‌. സുബിനും ജിയോയും അച്ചുവും അമ്മുവും ആദിത്യനും നാലു വയസ്സുകാരന്‍ ഇന്ദുചൂഡനുമൊക്കെ, `ശാരിച്ചേച്ചീ, ദാ, ആ മാങ്ങയെനിയ്‌ക്കു തരണേ' എന്നു ചൂണ്ടിക്കാട്ടി പറഞ്ഞു വച്ചു കഴിഞ്ഞിട്ടുണ്ട്‌. ആ മാങ്ങകള്‍ മൂത്തു കഴിഞ്ഞാല്‍ അവര്‍ക്കു കിട്ടും. പഴുത്തു പോകാതെ നോക്കുകയും വേണം. പഴുത്തു പോയാല്‍, കിളികള്‍ കൊത്തിത്തിന്നും. കൈയെത്താത്ത ഉയരത്തിലുള്ള മാങ്ങകള്‍ കിളികള്‍ക്കുള്ളതാണ്‌. കൈയെത്തുന്ന ഉയരത്തിലുള്ളവ കുഞ്ഞുങ്ങള്‍ക്കും. കൈയെത്തുന്ന ഉയരത്തില്‍ മാങ്ങ കുറയുമ്പോള്‍ കിളികള്‍ക്കുള്ള മാങ്ങകളെ അല്‌പമൊരു വിഷാദത്തോടെ പലരും നോക്കാറുണ്ടെങ്കിലും, മാങ്ങകള്‍ കിളികള്‍ക്കു കൂടി അവകാശപ്പെട്ടതാണ്‌ എന്ന പൊതു നിലപാടിലേയ്‌ക്ക്‌ മാങ്ങകളോട്‌ അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിലും ഇവരെല്ലാം എത്തിച്ചേര്‍ന്നു കഴിഞ്ഞിട്ടുണ്ട്‌.

വടക്കേ മുറ്റത്തു മാവില ധാരാളം വീണിരിയ്‌ക്കുന്നു. മുഴുവനും തളിരിലകള്‍. മാവിനു ചുറ്റും ഇലകള്‍ കൊണ്ട്‌ കളമിട്ട പോലെ. ഇന്നലെ രാത്രി ചെറിയൊരു കാറ്റു വീശിയിരുന്നു. മഴ ചെറുതായി ചാറിയിട്ടുമുണ്ടാകണം. നേരിയൊരു നനവുണ്ട്‌. ശാരി എഴുന്നേറ്റു വന്നാലവള്‍ക്കു ജോലിയായി. പനമ്പിന്റെ കോല്‍ച്ചൂല്‍ കൊണ്ടു മുറ്റമടിയ്‌ക്കാന്‍ അവളെന്നെ സമ്മതിയ്‌ക്കാറില്ല. മുറ്റത്തെ മണല്‍ മുഴുവന്‍ ചേട്ടനടിച്ചു കളയും എന്നാണവള്‍ പറയുക. പക്ഷേ എനിയ്‌ക്കങ്ങനെ തോന്നിയിട്ടില്ല. അവള്‍ മുറ്റത്ത്‌ കോല്‍ച്ചൂല്‍ ഉപയോഗിയ്‌ക്കാറില്ല, ചൂലാണുപയോഗിയ്‌ക്കുക. ചൂലങ്ങനെ വിതര്‍ത്തിപ്പിടിച്ച്‌ വീശിയടിയ്‌ക്കും. പൊടി മുഴുവന്‍ മൂക്കില്‍ കയറുന്നുണ്ടാകും. എന്നാല്‍ മൂക്കല്ല, മുടിയാണ്‌ തോര്‍ത്തുകൊണ്ട്‌ അവള്‍ മൂടിക്കെട്ടാറ്‌. പൊടി മൂക്കില്‍ കയറിയാലും വേണ്ടില്ല, മുടിയിലാവരുതത്രേ! പൊടി ശ്വാസകോശത്തില്‍ കയറിയാലത്തെ കുഴപ്പങ്ങളൊക്കെ താക്കീതിന്റെ സ്വരത്തില്‍ ഞാന്‍ വിശദീകരിയ്‌ക്കുമെങ്കിലും, അതവള്‍ ശ്രദ്ധിയ്‌ക്കാറേയില്ല.

തുറന്നിട്ടിരിയ്‌ക്കുന്ന ഗേയ്‌റ്റിന്നടുത്ത്‌, മണ്ണില്‍ പത്രം കിടക്കുന്നു. രണ്ടു കുടങ്ങളും ഇടംകൈയില്‍ കൂട്ടിപ്പിടിച്ച്‌, വലംകൈ കൊണ്ട്‌ പത്രം മണ്ണില്‍ നിന്നെടുത്തു കുടഞ്ഞു. മഴ ചാറിയിരുന്നെങ്കിലും പത്രം നനയാനുള്ള നനവുണ്ടായിരുന്നില്ല. മഴക്കാലത്ത്‌, മണ്ണു കുതിര്‍ന്നു കിടക്കുമ്പോള്‍ പത്രക്കാരന്‍ കുട്ടി അവനൊരേഴാംക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായിരുന്നു, ഇപ്പോള്‍ എട്ടിലേയ്‌ക്കു കടന്നിട്ടുണ്ടാകും സൈക്കിളില്‍ മുറ്റം വരെ വന്നു മാവിനു വലംവച്ചുകൊണ്ട്‌ പത്രം മുകളിലെ ചവിട്ടിന്മേലേയ്‌ക്ക്‌ കൃത്യമായി എറിയുന്നു. അവന്റെ വരവും പോക്കും ശരേന്നു കഴിയും.

പത്രം മുകളിലെ ചവിട്ടിന്മേലിട്ട്‌ പേപ്പര്‍, പേപ്പര്‍ എന്നു പതിയെപ്പറഞ്ഞു. അതുകേട്ട്‌ ശാരി പതുക്കെ എഴുന്നേറ്റു വന്നു വാതില്‍ തുറന്ന്‌ പത്രമെടുത്തുകൊണ്ടു പൊയ്‌ക്കോളും. വെള്ളം കൊണ്ടു വന്നു കഴിയുമ്പോഴേയ്‌ക്കും അവള്‍ മേശപ്പുറത്ത്‌ പത്രം വിരിച്ചു വായന തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. വേനല്‍ക്കാലത്താണ്‌ രാവിലേ തന്നെ വെള്ളം കൊണ്ടുവരേണ്ടി വരുന്നത്‌. വൈകീട്ടാകുമ്പോഴേയ്‌ക്കും പലപ്പോഴും ടാപ്പില്‍ വെള്ളമുണ്ടാകാറില്ല. അതുകൊണ്ട്‌ രാവിലേ തന്നെ വെള്ളം പിടിയ്‌ക്കുന്നു. കുളവും കിണറുമുള്ളതുകൊണ്ട്‌, അവയിലെ വെള്ളം വറ്റിയിട്ടില്ലാത്തതുകൊണ്ട്‌ അവ വീട്ടാവശ്യങ്ങള്‍ നിറവേറ്റുന്നു. കുടിയ്‌ക്കാന്‍ മാത്രം, അതും രണ്ടു കുടം മാത്രം പൈപ്പു വെള്ളം, അത്രയേ വേണ്ടൂ, ദിവസവും. മഴക്കാലത്താണെങ്കില്‍ മഴവെള്ളം പിടിയ്‌ക്കുന്നതുകൊണ്ട്‌ വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ടി വരുന്നുമില്ല. വെള്ളത്തിന്നായി ഏകദേശം ഇരുന്നൂറ്റന്‍പതടി നടക്കാനുണ്ട്‌. വാട്ടര്‍ കണക്ഷനെടുത്താല്‍ ദിവസേന കുടവുമായുള്ള ഈ നടപ്പ്‌ ഒഴിവാക്കാം. കണക്ഷനെടുക്കാനുള്ള ചെലവ്‌ പതിനയ്യായിരത്തിലേറെ വന്നേയ്‌ക്കാമെന്ന ഊഹാപോഹങ്ങള്‍ നിമിത്തം അതങ്ങനെ നീണ്ടു പോകുന്നു. ദിവസേന വെറും രണ്ടു കുടം വെള്ളത്തിനു വേണ്ടി പതിനയ്യായിരം രൂപ എന്തിന്നു മുടക്കണം?

ഗേയ്‌റ്റു കടന്നയുടനെ കുടങ്ങള്‍ രണ്ടും തമ്മില്‍ മൂന്നു തവണ കൂട്ടിമുട്ടിച്ചു. അതൊരു സിഗ്‌നലാണ്‌. ചിന്നു ഉണ്ടായിരുന്ന കാലത്ത്‌ ഈ ശബ്ദം കേട്ടയുടനെ ഭൂമിയിലെവിടെയാണെങ്കിലും അവന്‍ കുതിച്ചോടി വരുമായിരുന്നു. വാലാട്ടി, പല്ലു മുഴുവനും കാണിച്ചു `ചിരിച്ചു' കൊണ്ടായിരിയ്‌ക്കും വരവ്‌. പേര്‌ സ്‌ത്രീകളുടേതാണെങ്കിലും ചിന്നു ആണ്‍പട്ടി `നായ' ആയിരുന്നു. അവന്‍ എന്റെ മുന്‍പേ കുതിച്ചു പായും. നിഷ്‌കളങ്കമുഖമായിരുന്നെങ്കിലും നീളമുള്ള ശരീരവുമായി അവന്‍ കുതിച്ചു ചാടി വരുന്നതു കണ്ട്‌ പരിചയമില്ലാത്തവര്‍ പലരും പേടിച്ചു പോയിട്ടുണ്ട്‌. അവന്റെ ഓടിവരവു കാണുമ്പോള്‍ പരിചയമുള്ളവര്‍ പറയും, കേശുച്ചേട്ടന്റെ പൈലറ്റു വരുന്നുണ്ട്‌.

ഗേയ്‌റ്റില്‍ നിന്നൊരു നൂറു നൂറ്റിപ്പത്തടി കിഴക്കോട്ടു പോയാല്‍ പഞ്ചായത്തു റോഡിലെത്തും. ഇവിടെയാണ്‌ ചിന്നുവിന്റെ ബുദ്ധിശക്തി എത്രയെന്നു തെളിയുക. ഇവിടുന്നു വലത്തോട്ടു തിരിഞ്ഞ്‌ ഏകദേശം നൂറ്റിരുപതടി ദൂരം പോയാല്‍ ടാപ്പിനടുത്തെത്തും. വലത്തോട്ടു തിരിയുന്നതിനു പകരം ഇടത്തോട്ടു തിരിഞ്ഞ്‌ ഒരിരുന്നൂറടി പോയാല്‍ മെയിന്‍ റോഡിലെത്തും. എന്റെ കൈയില്‍ കുടങ്ങളാണുള്ളതെങ്കില്‍ ചിന്നു കൃത്യം വലത്തോട്ടു തന്നെ തിരിയും. ടാപ്പിന്നടുത്തേയ്‌ക്കു ചെന്ന്‌, സുരക്ഷിതമായൊരു ദൂരത്ത്‌ അവന്‍ ക്ഷമയോടെ ഇരിപ്പുറപ്പിയ്‌ക്കുന്നു. രണ്ടാമത്തെ കുടവും നിറയുമ്പോഴേയ്‌ക്കും അവന്‍ എഴുന്നേറ്റ്‌ മടക്കയാത്ര തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ടാകും. എന്റെ കൈയില്‍ കുടങ്ങളല്ല, സഞ്ചിയാണുള്ളതെങ്കില്‍ അവന്‍ വലത്തോട്ടല്ല, കൃത്യമായി ഇടത്തോട്ടു തന്നെ തിരിയും. സഞ്ചിയാണു കൈയിലെങ്കില്‍ ഞാന്‍ മെയിന്‍ റോഡിലേയ്‌ക്കാണു പോകുകയെന്ന്‌ അവനറിയാം.

പരിശീലിപ്പിയ്‌ക്കപ്പെട്ട നായ്‌ക്കള്‍ അത്ഭുതകരമായ പലതും ചെയ്യാറുണ്ട്‌. എന്നാല്‍ ചിന്നുവിന്‌ അത്തരം യാതൊരു വിദ്യാഭ്യാസവും സിദ്ധിച്ചിരുന്നില്ല. എന്റെ കൂടെ നടന്നു സിദ്ധിച്ചിരിയ്‌ക്കുന്ന അറിവേ അവന്നുള്ളു. പാവം, അവനിന്നു ജീവിച്ചിരിപ്പില്ല. അവന്‍ വിടപറഞ്ഞപ്പോള്‍ ഒരു കുടുംബാംഗം മരിച്ച പോലെ കുറേ ദിവസങ്ങളോളം ഞങ്ങള്‍ വിഷാദിച്ചിരുന്നു. ഇപ്പോഴും അവനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിഷമം തോന്നും. അവന്‍ വിട പറഞ്ഞിട്ട്‌ വര്‍ഷങ്ങളായെങ്കിലും, അലൂമിനിയക്കുടങ്ങള്‍ കൂട്ടിമുട്ടിച്ചുണ്ടാക്കുന്ന ശബ്ദം കേട്ട്‌ അവന്‍ ഓടി വരും എന്നൊരു വ്യാമോഹം കൊണ്ട്‌ ആ പതിവു തുടരുന്നു.

ചെറു കലുങ്കു കടന്നു പഞ്ചായത്തു റോഡിലെത്തി. ബാബുവിന്റെ വീടിനു മുന്നിലൂടെയാണു പോകേണ്ടത്‌. ബാബു വീട്ടു മുറ്റത്തു തന്നെ എന്തോ പണിയിലായിരുന്നു. എന്നെ കണ്ടയുടനെ പറഞ്ഞു, `കേശുച്ചേട്ടാ, ടാപ്പില്‌ വെള്ളമുണ്ടെങ്കില്‍ പറയണേ, ഞങ്ങള്‍ക്കും വെള്ളം പിടിയ്‌ക്കാനുണ്ട്‌.'

വീടുകളില്‍ മാര്‍ബിള്‍ വിരിച്ചു കൊടുക്കുകയാണ്‌ ബാബുവിന്റെ തൊഴില്‍. ഒന്നരക്കൊല്ലമായിക്കാണും, ബാബുവിന്ന്‌ കാന്‍സര്‍ പിടിപെട്ടു. ശരീരത്തിന്റെ ഏതു ഭാഗത്താണ്‌ കാന്‍സര്‍ ബാധിച്ചിരിയ്‌ക്കുന്നത്‌ എന്നു നേരിട്ടു ചോദിയ്‌ക്കാനോ മറ്റാരോടെങ്കിലും ചോദിച്ചറിയാനോ ഉള്ള ധൈര്യം എനിയ്‌ക്കിതേവരെ ഉണ്ടായിട്ടില്ല. ബാബുവിന്റെ മകളുടെ കല്യാണം ഈയിടെ നടന്നു. രോഗചികിത്സയ്‌ക്കു തന്നെ ഭീമമായ ചെലവുണ്ടാകുന്നുണ്ടാകണം. അതിന്നു പുറമേ മകളുടെ കല്യാണം കൂടിയായപ്പോള്‍ ബാബു ശരിയ്‌ക്കും വിഷമിച്ചു കാണണം. പക്ഷേ ആ വിഷമങ്ങളൊന്നും ബാബു പുറത്തു കാണിച്ചിട്ടില്ല. കല്യാണത്തിനു രണ്ടു ദിവസം മുന്‍പ്‌ ബാബുവിന്ന്‌ ആയിരം രൂപ ഒരു കവറിലിട്ടു കൊടുത്തു. കൈയില്‍ പണമുണ്ടായിട്ടു കൊടുത്തതല്ല. അത്രയെങ്കിലും ചെയ്യണം എന്നു ശാരി സൂചിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. പക്ഷേ ഒട്ടേറെ നിര്‍ബന്ധിച്ച ശേഷമാണ്‌ ബാബു അതു വാങ്ങിയത്‌. `ഉപയോഗശൂന്യമായ അതുമിതും വാങ്ങി ഞങ്ങള്‍ ഈ പണം പാഴാക്കിക്കളയുന്നതിനു പകരം, സുലജയ്‌ക്ക്‌' ബാബുവിന്റെ മകള്‍ക്ക്‌ ഇഷ്ടമുള്ള എന്തെങ്കിലും ഇതുകൊണ്ടു വാങ്ങിക്കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍, വൈമനസ്യത്തോടെയെങ്കിലും ബാബു കവര്‍ വാങ്ങി.

ബാബു താമസിയ്‌ക്കുന്നത്‌ ഒരു ചെറിയ വീട്ടിലാണ്‌. രണ്ടു സെന്റ്‌, അങ്ങേയറ്റം മൂന്നു സെന്റ്‌. മുറ്റത്ത്‌ നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ല. കല്യാണത്തിനു ക്ഷണിയ്‌ക്കാന്‍ വന്നപ്പോള്‍ കല്യാണം വീട്ടില്‍ വച്ചായിരിയ്‌ക്കും എന്നു പറഞ്ഞിരുന്നു. വീട്ടില്‍ അതിനുള്ള സൌകര്യമെവിടെ എന്നു ഞാന്‍ ചോദിച്ചില്ലെന്നേയുള്ളു. അതിനും രണ്ടു മാസം മുന്‍പ്‌ പെണ്ണുനിശ്ചയം നടന്നപ്പോള്‍ ചെറിയൊരാള്‍ക്കൂട്ടമേ ഉണ്ടായിരുന്നുള്ളു, എന്നിട്ടും ചടങ്ങുകളൊന്നും കാണാന്‍ പോലും സാധിച്ചില്ല. അത്ര ആള്‍ത്തിരക്കായിരുന്നു. ആ നിലയ്‌ക്ക്‌ കല്യാണം എങ്ങനെ ആ ചെറുമുറ്റത്തു നടത്താന്‍ കഴിയുമെന്നു ഞാനത്ഭുതപ്പെട്ടു.

ടാപ്പില്‍ നിന്നു വെള്ളം പതുക്കെ, നൂല്‍ വണ്ണത്തിലാണു വന്നുകൊണ്ടിരുന്നത്‌. ധൃതികൂട്ടിയിട്ടു കാര്യമില്ല. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം. അവര്‍ തരുന്നതു പോലെയേ നമുക്കു കിട്ടൂ. ക്ഷമയോടെ നിന്നു. ആ സമയം ബാബുവിന്റെ വീട്ടിലെ കല്യാണത്തിന്റെ കാര്യങ്ങള്‍ ഞാനോര്‍മ്മിച്ചു.

കല്യാണത്തിന്റെ രണ്ടു ദിവസം മുന്‍പ്‌ രാവിലെ വരെ ഇല്ലാതിരുന്നൊരു പന്തല്‍ വൈകുന്നേരമായപ്പോഴേയ്‌ക്കും ഉയര്‍ന്നു. വീട്ടു മുറ്റത്തു മാത്രമല്ല, വീടിനോടു ചേര്‍ന്ന്‌, തൊട്ടു തെക്കുവശത്തുള്ള പുരയിടത്തിലും. അത്‌ അകലെയുള്ള ആരുടേതോ ആണ്‌. ബാബു ചോദിച്ചയുടന്‍ കല്യാണപ്പന്തലിട്ടോളാന്‍ അതിന്റെ ഉടമസ്ഥര്‍ സമ്മതിച്ചു. തെങ്ങും കവുങ്ങും വാഴയും നിറഞ്ഞൊരു പുരയിടം. അവയ്‌ക്കിടയില്‍ നീളത്തിലൊരു പന്തല്‍. ചെലവു കുറഞ്ഞതെങ്കിലും അഴകുള്ള ഒന്ന്‌. ആ പുരയിടത്തില്‍ അത്തരമൊരു പന്തലുണ്ടാക്കാനുള്ള സൌകര്യമുണ്ടെന്ന്‌ ഒട്ടും കരുതിയിരുന്നേയില്ല.

അപ്പോഴും വീട്ടുമുറ്റത്തു നടക്കാന്‍ പോകുന്ന താലികെട്ട്‌ ആള്‍ത്തിരക്കു മൂലം കാണാന്‍ സാധിയ്‌ക്കുമോ എന്ന ഭയമുണ്ടായിരുന്നു. അതും ബാബു മുന്‍കൂട്ടിക്കണ്ടിരുന്നു. മുറ്റത്ത്‌ ചവിട്ടിനോടു ചേര്‍ന്ന്‌ രണ്ടു രണ്ടരയടി ഉയരത്തില്‍ ബെഞ്ചുകള്‍ കൂട്ടിക്കെട്ടി ചെറിയൊരു സ്‌റ്റേജുണ്ടാക്കി. അതിന്മേല്‍ പരവതാനി വിരിച്ചു ഭംഗിയാക്കി, താലികെട്ടിനും അതിനോടനുബന്ധിച്ച പൂജയ്‌ക്കും ആവശ്യമായതൊക്കെ അതില്‍ ഒരുക്കി വച്ചു. വരനും വധുവും വധൂപിതാവും പൂജാരിയും ആ സ്‌റ്റേജില്‍ നിന്നുകൊണ്ട്‌ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തി. താഴേയ്‌ക്കിറങ്ങിക്കൊണ്ട്‌ വധൂവരന്മാര്‍ മൂന്നു തവണ, സാവധാനം, സൂക്ഷിച്ച്‌, പ്രദക്ഷിണം വയ്‌ക്കുകയും ചെയ്‌തു.

ഞാനൊരു സദ്യപ്രിയനാണ്‌. പപ്പടം പഴം പായസമെന്നു കേട്ടാല്‍ത്തന്നെ എന്റെ വായില്‍ വെള്ളമൂറും. ഇവിടങ്ങളിലെ സദ്യകളില്‍ സാധാരണയായി രണ്ടു തരം പായസമുണ്ടാകാറുണ്ട്‌. പരിപ്പു പായസവും പാലടപ്രഥമനും. ബാബുവിന്റെ കഷ്ടപ്പാടു നിറഞ്ഞ ജീവിതം കണക്കിലെടുത്ത്‌ പായസം ഒന്നേ ഉണ്ടാകൂ എന്നു ഞാന്‍ കണക്കുകൂട്ടി.

മുന്‍കാലങ്ങളില്‍ കല്യാണങ്ങള്‍ വീടുകളില്‍ വച്ചായിരുന്നു നടന്നിരുന്നത്‌. കുടുംബങ്ങളും പുരയിടങ്ങളും ചെറുതായതോടെ കല്യാണങ്ങള്‍ നടത്താനുള്ള സൌകര്യമില്ലാതായി. എഴുപതുകളില്‍ പത്തു സെന്റു പുരയിടങ്ങള്‍ ഒട്ടേറെയുണ്ടായി. ഒരു തലമുറ കഴിഞ്ഞപ്പോള്‍, അവയിലെ ഓരോ പത്തു സെന്റും പല കഷ്‌ണങ്ങളായി വെട്ടിമുറിയ്‌ക്കപ്പെട്ടു. ഇന്നിപ്പോള്‍ രണ്ടും മൂന്നും സെന്റും മാത്രമുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ ധാരാളമാണ്‌. ഇച്ചെറു പുരയിടങ്ങള്‍ക്കിടയില്‍ വിസ്‌തൃതമായ പുരയിടങ്ങളുമുണ്ട്‌. അവയില്‍ പലതും റിയല്‍ എസ്‌റ്റേറ്റു മാഫിയയുടേതാണ്‌ എന്നും പറഞ്ഞു കേള്‍ക്കാറുണ്ട്‌. നിര്‍ദ്ധനരുടെ പുരയിടങ്ങള്‍ ചെറുതാകുകയും വന്‍കിട ഭൂവുടമകളുടെ വസ്‌തുക്കള്‍ വിശാലമാകുകയും ചെയ്‌തുകൊണ്ടിരിയ്‌ക്കുന്നതിന്ന്‌ തെളിവുകള്‍ ധാരാളം.

വീടുകളില്‍ വച്ചു വിവാഹങ്ങള്‍ നടന്നിരുന്നപ്പോള്‍ നാട്ടുകാരുടെ സഹകരണം ഒരു പതിവു ഘടകമായിരുന്നു. പന്തലുയരുന്നതിലും സദ്യവട്ടമൊരുക്കുന്നതിലുമെല്ലാം അവരുണ്ടാകുമായിരുന്നു. കാലക്രമേണ ആ പതിവില്ലാതായിത്തീര്‍ന്നു. പക്ഷേ ആ പതിവിന്റെ വേരറ്റുപോയിട്ടില്ലെന്ന്‌ ബാബുവിന്റെ മകളുടെ കല്യാണം തെളിയിച്ചു. പന്തലുയര്‍ത്തിയതും സദ്യവട്ടങ്ങള്‍ ഒരുക്കിയതും വിളമ്പിയതും എല്ലാം നാട്ടുകാര്‍ തന്നെ.

താലികെട്ടുകഴിഞ്ഞ്‌, ചെറിയൊരു നാട്ടുകൂട്ടത്തിന്നിടയില്‍ വര്‍ത്തമാനം പറഞ്ഞിരിയ്‌ക്കുമ്പോള്‍ ബാബു ധൃതിയില്‍ വന്ന്‌ കേശുച്ചേട്ടാ, ദാ, ഇപ്പൊത്തന്നെ ഇരുന്നോളൂ എന്നു പറഞ്ഞതനുസരിച്ച്‌ അപ്പോള്‍ത്തന്നെ സദ്യകഴിയ്‌ക്കാനിരുന്നു.

വൃത്തിയായി കഴുകിത്തുടച്ച, കീറിമുറിയാത്ത, നല്ല വാഴയില. തൊടുകറികള്‍ വിളമ്പാന്‍ ആദ്യം വന്നത്‌ സമീപവാസിയായ റോബര്‍ട്ട്‌. റോബര്‍ട്ടേ എന്നു വിളിച്ചപ്പോള്‍, തൊടുകറിപ്പാത്രത്തില്‍ നിന്നു തലയുയര്‍ത്തി നോക്കി ചിരിച്ചുകൊണ്ട്‌ കേശുച്ചേട്ടാ എന്നു റോബര്‍ട്ടും പ്രതികരിച്ചു. നാട്ടുകാര്‍ക്ക്‌ വളരെ ഉപയോഗമുള്ളൊരു വ്യക്തിയാണു റോബര്‍ട്ട്‌. പഴയൊരു വീടു പൊളിയ്‌ക്കാനുണ്ടെങ്കില്‍ റോബര്‍ട്ടിനെ വിളിച്ചാല്‍ മതി. ഒരു കല്ലു പോലും പൊട്ടിപ്പോകാതെ കുത്തിയിളക്കി അടുക്കി വച്ചു തരും. കേടില്ലാത്ത മരം പട്ടിക, കഴുക്കോല്‍, കതക്‌, ജന്നല്‍ എന്നിങ്ങനെയെല്ലാം ഗുണനിലവാരമനുസരിച്ചു തിരിച്ച്‌ അടുക്കിവയ്‌ക്കും. മാത്രമല്ല, അവ വാങ്ങാന്‍ ആളുകളെ തരപ്പെടുത്തിത്തരികയും ചെയ്യും. മണല്‍, കല്‍പ്പൊടി, കല്ല്‌, ഇഷ്ടിക, ഇവയൊക്കെ വേണമെങ്കില്‍ റോബര്‍ട്ടുമായി ബന്ധപ്പെട്ടാല്‍ മതി. മണലടിയ്‌ക്കുന്നവര്‍ക്ക്‌ മയമുണ്ടാകാറില്ലെന്നാണ്‌ ജനസംസാരം. എന്നാല്‍ റോബര്‍ട്ട്‌ അക്കൂട്ടത്തില്‍ പെടുന്നില്ലെന്ന്‌ ഒരാളല്ല, പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌.

വിളമ്പുകാരില്‍ ഒരാള്‍ സാബുവായിരുന്നു. എന്റെ നോട്ടത്തില്‍ സാബു ഒരെന്‍സൈക്ലോപ്പീഡിയ തന്നെയാണ്‌. തൃശ്ശൂര്‍ പാറമേക്കാവിന്റെ മേളത്തിന്ന്‌ ആനകളെ പൊരിവെയിലത്തു നിരത്തിനിര്‍ത്തുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങള്‍ ഇയ്യിടെ വിവരിച്ചു തന്നത്‌ സാബുവാണ്‌. മൃഗഡോക്ടര്‍ സ്ഥലത്തുവന്നു പരിശോധിച്ച്‌ അനുവാദം കൊടുത്ത ആനകളെ മാത്രമേ പൂരത്തിന്നിറക്കുകയുള്ളത്രേ. പൂരത്തിന്റെ കാലത്ത്‌ തൃശ്ശൂര്‍ റൌണ്ടിലെ ടാറിട്ട റോഡിന്ന്‌ പൊള്ളുന്ന ചൂടുണ്ടാകും. പാറമേക്കാവമ്പലത്തിന്റെ മുന്നില്‍ പ്രത്യേകിച്ചും. മേളം തീരും വരെ, മണിക്കൂറുകളോളം ആനകള്‍ തുടര്‍ച്ചയായി നില്‍ക്കാനുള്ള ടാറിട്ട റോഡില്‍ ചാക്കുകള്‍ വിരിയ്‌ക്കുന്നു. അവയില്‍ വെള്ളം സ്‌പ്രേ ചെയ്‌തു നനച്ചു കുതര്‍ത്തുന്നു. അങ്ങനെ കുതര്‍ത്തിയ ചാക്കുകളിലാണത്രേ ആനകള്‍ കാലുറപ്പിച്ചു നില്‍ക്കുന്നത്‌. പൂരത്തിനെങ്കിലും ആനകളുടെ സൌഖ്യത്തില്‍ ശ്രദ്ധ പതിയുന്നുണ്ടെന്നത്‌ ആശ്വാസം.

`കേശുച്ചേട്ടാ' എന്ന വിളികേട്ട്‌ തലയുയര്‍ത്തി നോക്കിയപ്പോള്‍ രാധാകൃഷ്‌ണന്‍. ഒരു ശുദ്ധഹൃദയനാണ്‌ രാധാകൃഷ്‌ണന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഒരു സന്ധ്യാസമയത്ത്‌ ജീവിച്ചതു മതിയെന്നു തീരുമാനിച്ച്‌ രാധാകൃഷ്‌ണന്‍ വിഷം കുടിച്ചു. പക്ഷേ നാട്ടുകാര്‍ രാധാകൃഷ്‌ണനെ മരണത്തിനു വിട്ടുകൊടുത്തില്ല. അവര്‍ രാധാകൃഷ്‌ണനേയും ചുമലിലേറ്റി, തെങ്ങിന്‍തടിപ്പാലവും മറ്റും കടന്ന്‌ ഒരു കിലോമീറ്ററോളം ഓടി റോഡിലെത്തി, ആദ്യം കണ്ട ഓട്ടോയില്‍ കയറ്റി ആസ്‌പത്രിയിലെത്തിച്ചു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍ രാധാകൃഷ്‌ണനെ തിരികെക്കിട്ടുമായിരുന്നില്ലെന്ന്‌ ഡോക്ടര്‍ പറഞ്ഞതിന്‌ ഞാനും സാക്ഷ്യം വഹിച്ചു. ആ സമയം ഒരായിരം ജനമുണ്ടായിരുന്നു ആശുപത്രി മുറ്റത്ത്‌. രാധാകൃഷ്‌ണന്റെ ജനപ്രിയത എത്രത്തോളമുണ്ടെന്ന്‌ അന്നാണറിഞ്ഞത്‌.

ഇലയില്‍ ചോറു വിളമ്പി. അഴകുള്ള ചോറ്‌. ചോറിന്റെ അഴകു നോക്കിയിരുന്നു പോയി. `നല്ല ചോറ്‌', ശാരിയും അതേ നിമിഷം തന്നെ പറഞ്ഞു. ചുറ്റും തൊടുകറികളും നടുവില്‍ ചോറും. ഭംഗിയുള്ള കാഴ്‌ച. എത്രകണ്ടാലും മതിവരാത്ത കാഴ്‌ച. ലോകത്ത്‌ മറ്റൊരാഹാരത്തിനും ഇത്രത്തോളം വശ്യതയുണ്ടെന്നു തോന്നിയിട്ടില്ല. ചൂടുള്ള ചോറും ചൂടുള്ള സാമ്പാറും. രുചിയുള്ള തൊടുകറികളും. തീറ്റ തകൃതിയായി നടന്നു. പുറത്ത്‌ പൊരിവെയില്‍. അകത്തും പുറത്തും ചൂട്‌. വിയര്‍ത്തൊഴുകി.

`കേശുച്ചേട്ടനു പായസമൊഴിയ്‌ക്കട്ടേ?' ഇനി പായസം കുടിച്ചുകളയാമെന്നു നിനച്ചതേയുള്ളു, അപ്പോഴാണ്‌ സുരേഷിന്റെ ചോദ്യം കേട്ടത്‌. `ഒഴിച്ചോളിന്‍, സുരേഷേ.' എന്റെ ശബ്ദത്തിലെ ഉത്സാഹം സുരേഷ്‌ മനസ്സിലാക്കി, രണ്ടു തവണ പായസം ഒഴിച്ചു. ചെറുപയറിന്‍ പരിപ്പുകൊണ്ടുള്ള പായസം, ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലായി. എനിയ്‌ക്കേറ്റവും ഇഷ്ടമുള്ള പായസം. `ഇഷ്ടപ്പെട്ടതുതന്നെ കിട്ടിയല്ലോ' എന്ന മട്ടില്‍ ശാരി തലയുയര്‍ത്തി എന്നെ നോക്കി. അവള്‍ ചോറുണ്ടു കഴിഞ്ഞിട്ടില്ല. അവളങ്ങനെയാണ്‌. പായസത്തേക്കാള്‍ അവള്‍ക്കു കാര്യം ചോറും കറികളുമാണ്‌. പായസം ഒന്നാന്തരമായിരുന്നു. അതു കഴിയ്‌ക്കുമ്പോഴുണ്ടായ തൃപ്‌തി പറഞ്ഞറിയിയ്‌ക്കാന്‍ പറ്റാത്തതാണ്‌. അവര്‍ണ്ണനീയം എന്നൊക്കെ ഇതിനെയാണു പറയേണ്ടത്‌.

രണ്ടാമതൊരിനം പായസം ഉണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട്‌ പരിപ്പു പായസം തന്നെ ഒരു തവണ കൂടി വാങ്ങണം എന്നു കൊതിയടക്കാനാകാതെ ഇരിയ്‌ക്കുമ്പോള്‍ `കേശുച്ചേട്ടാ, വെള്ളപ്പായസം ഒഴിയ്‌ക്കട്ടേ?' എന്നൊരു ചോദ്യം കേട്ടു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഷാജി. ഷാജിയും ബാബുവിനോടൊപ്പം മാര്‍ബിള്‍ പണി ചെയ്യുന്നു. ശാരി മനസ്സിലായില്ലല്ലോ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ ഷാജി സ്വയം പരിചയപ്പെടുത്തി, `മുരളിയുടെ അനിയനാ'.

മുരളി ഇലക്ട്രീഷ്യനായിരുന്നു. ഒരിയ്‌ക്കല്‍ വീട്ടിലെ ഫ്യൂസു പോയപ്പോള്‍ മുരളിയായിരുന്നു ആ പരിസരത്തുണ്ടായിരുന്നത്‌. മുരളി ഉടന്‍ വന്ന്‌, മെഴുതിരിവെളിച്ചത്തില്‍ ഫ്യൂസു കെട്ടിത്തന്നു. കാശു കൊടുത്തതു വാങ്ങിയുമില്ല. തുടര്‍ന്ന്‌ അത്തരം ചില സേവനങ്ങള്‍ ചെയ്‌തു തന്നിരുന്നു. ഒരു തവണ പോലും കാശുവാങ്ങിയില്ല. ഇങ്ങനെ പോയാല്‍ മുരളി എങ്ങനെ ജീവിയ്‌ക്കും എന്നു ഞാനതിശയിച്ചിരുന്നു. അധികം കഴിയും മുന്‍പേ മുരളിയ്‌ക്ക്‌ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി കിട്ടി. പക്ഷേ രണ്ടു വര്‍ഷം തികഞ്ഞില്ല, അതിനു മുന്‍പ്‌, ഒരു ദിവസം രാത്രി, പതിവു പോലെ ഉറങ്ങാന്‍ കിടന്ന മുരളി രാവിലെ ഉണര്‍ന്നില്ല. ഹൃദയസ്‌തംഭനമായിരുന്നത്രെ. മെലിഞ്ഞുനീണ്ടതായിരുന്നു, മുരളിയുടെ ശരീരപ്രകൃതി. വണ്ണമുള്ളവര്‍ക്കേ ഹാര്‍ട്ട്‌ അറ്റാക്കു വരൂ എന്ന ധാരണ അതോടെ മാറ്റേണ്ടതായി വന്നു. നല്ലൊരു ചെറുപ്പക്കാരനെ ഹാര്‍ട്ട്‌ അറ്റാക്ക്‌ അപഹരിച്ചു.

`സുരേഷേ, ഇവിടെ ശാരിച്ചേച്ചിയ്‌ക്കു പായസം.' ലൂയിസാണ്‌. മജിസ്‌ട്രേറ്റു കോടതിയിലെ സൂപ്രണ്ടാണു ലൂയിസ്‌. വര്‍ഷങ്ങളായി അവരുടെ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളില്‍ ഒരാള്‍ കൂടിയാണു ലൂയിസ്‌. നിയമങ്ങള്‍ ലൂയിസിനു കാണാപ്പാഠവുമാണ്‌. ഇന്നാട്ടിലെ പോലീസുകാരെല്ലാം ലൂയിസിനു സല്യൂട്ടടിയ്‌ക്കും. എങ്കിലും ആ ഭാവം തീരെയില്ല. സദ്യ വിളമ്പാനും പന്തലിടാനുമെല്ലാം ലൂയീസ്‌ കൂടും. നാളുകള്‍ക്കു മുന്‍പ്‌ കുറച്ചപ്പുറത്തുള്ള, നിര്‍ദ്ധനനായിരുന്ന കൊച്ചുവര്‍ക്കിച്ചേട്ടന്റെ ശവമഞ്ചം മുന്നില്‍ നിന്നു ചുമന്നത്‌ ലൂയീസായിരുന്നു. അതൊക്കെ മാത്രമല്ല, ലൂയീസിന്റെ പ്രവര്‍ത്തന മേഖലകള്‍. ഒരിയ്‌ക്കല്‍ കുറച്ചപ്പുറത്തു താമസിയ്‌ക്കുന്ന സദാനന്ദനെ പോലീസു പിടിച്ചു.

വ്യാജക്കേസായിരുന്നിരിയ്‌ക്കണം. സദാനന്ദനെ അകത്തേയ്‌ക്കു കയറ്റി നിര്‍ത്തി പുതുതായി വന്ന എസ്‌ ഐ `പെരുമാറാന്‍' തുടങ്ങുന്നതു കണ്ട്‌ സദാനന്ദന്റെ അച്ഛന്‍ ലൂയീസിന്റെ വീട്ടിലേയ്‌ക്കോടിച്ചെന്നു. ലൂയീസ്‌ എസ്‌ ഐയെ ഫോണില്‍ വിളിച്ചു. `എന്റെ നാട്ടില്‍ നിന്നുള്ള ഒരാളെയെങ്കിലും താന്‍ കൈവച്ചാല്‍, തന്നെ ഞാന്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഏത്തമിടീയ്‌ക്കും' എന്ന്‌ സാക്ഷാല്‍ സുരേഷ്‌ഗോപിയെ വെല്ലുന്ന സ്വരത്തില്‍ ലൂയീസ്‌ ഭീഷണിപ്പെടുത്തി. ഭീഷണി കുറിയ്‌ക്കുകൊണ്ടു. അതില്‍പ്പിന്നെ എസ്‌ ഐ നാട്ടുകാരോട്‌ സൌഹൃദത്തിലായി. ചോദ്യം ചെയ്‌തോട്ടെ, പക്ഷേ ദേഹോപദ്രവമേല്‍പ്പിയ്‌ക്കാന്‍ പാടില്ല എന്ന ലൂയീസിന്റെ നിലപാട്‌ പോലീസുകാര്‍ അംഗീകരിച്ചിട്ടുണ്ട്‌.

ആ പോലീസ്‌ സ്‌റ്റേഷനില്‍ ഭേദ്യം ചെയ്യല്‍ അതിനു മുന്‍പും നടന്നിട്ടില്ല. അവിടുത്തെ പോലീസുകാര്‍ മാന്യമായി മാത്രമേ കുറ്റാരോപിതരോടു പെരുമാറിയിട്ടുള്ളു. കൊല, കൊള്ള, ബലാല്‍ക്കാരം എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഈ സ്‌റ്റേഷന്റെ അന്‍പതുകൊല്ലത്തെ ചരിത്രത്തില്‍പ്പോലും ഉണ്ടായിട്ടുണ്ടാകാന്‍ വഴിയില്ല. ഞാനിവിടെ താമസമാക്കിയ ശേഷമുള്ള നാല്‍പ്പത്തൊന്നു വര്‍ഷത്തിന്നിടയില്‍ അത്തരം ഒരു സംഭവം പോലുമുണ്ടായിട്ടില്ല. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ എന്റെ വീട്ടിലോ ഈ പരിസരത്തുള്ള വീടുകളിലോ മോഷണം പോകട്ടെ, മോഷണശ്രമം പോലും നടന്നിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത്‌ അയല്‍ക്കാരനായ ഒരു പോലീസുകാരന്റെ നേര്‍ക്ക്‌ ആരോ നാടന്‍ ബോംബെറിഞ്ഞതു വാസ്‌തവമാണ്‌. പക്ഷേ ബോംബേറില്‍ അദ്ദേഹത്തിന്‌ ഒരു പോറല്‍ പോലും പറ്റിയില്ല. അടിയന്തിരാവസ്ഥയോടു നാടാകെയുണ്ടായ പ്രതിഷേധത്തിന്റെ പ്രതീകാത്മകമായ ഒരു പ്രതിഫലനം മാത്രമായിരുന്നു, അത്‌.

ഇവിടെ മദ്യപാനം നടക്കുന്നുണ്ട്‌, സംശയമില്ല. പക്ഷേ അതിനെത്തുടര്‍ന്നുള്ള കയ്യാങ്കളി ഇവിടങ്ങളിലെവിടേയും എന്നെങ്കിലും നടന്നതായി കേട്ടിട്ടില്ല. വാഹനാപകടക്കേസുകളായിരിയ്‌ക്കണം ഈ സ്‌റ്റേഷനില്‍ പ്രധാനമായുംവരുന്നത്‌. വാഹനാപകടത്തില്‍പ്പെട്ട ബസ്സുകളും ലോറികളും കാറുകളും സ്‌റ്റേഷന്‍ പരിസരത്തു കിടക്കുന്നത്‌ പതിവു കാഴ്‌ചയാണ്‌. ഒരു കാലത്ത്‌ മണല്‍ നിറച്ച വണ്ടികളും ഉണ്ടാകുമായിരുന്നു. മണല്‍ വിതരണത്തിന്ന്‌ പൊതുസംവിധാനം വന്നതു കൊണ്ടായിരിയ്‌ക്കണം, അവയും ഇപ്പോള്‍ കുറവാണ്‌. അതിന്നിടയില്‍ ഈ പോലീസ്‌ സ്‌റ്റേഷന്‍ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുമായിത്തീര്‍ന്നിരിയ്‌ക്കുന്നു.

ശാരിയ്‌ക്ക്‌ പരിപ്പു പായസത്തോട്‌ വലിയ താത്‌പര്യമില്ല. പരിപ്പു പായസം ഒഴിയ്‌ക്കുംമുന്‍പ്‌ സുരേഷ്‌ `ശാരിച്ചേച്ചിയ്‌ക്കെന്താ, പരിപ്പാണോ വെള്ളയാണോ വേണ്ടത്‌' എന്നു ചോദിച്ചു. `വെള്ള' എന്നു ഒരല്‌പം ക്ഷമാപണത്തോടെ ശാരി പറഞ്ഞപ്പോള്‍ സുരേഷ്‌ ഷാജീ, ഇവിടെ, ശാരിച്ചേച്ചിയ്‌ക്ക്‌ വെള്ളപ്പായസം എന്നു വിളിച്ചു പറഞ്ഞു. ഷാജി തിരക്കിട്ടു വന്ന്‌ പാലടപ്രഥമന്‍ വിളമ്പി. ?കേശുച്ചേട്ടാ, അല്‌പം ഒഴിയ്‌ക്കട്ടേ? എന്നു ഷാജി എന്നോടും ചോദിച്ചു. ഞാന്‍ ഷാജിയുടെ പ്രലോഭനത്തിന്നു വശംവദനായി. `കണ്ടമാനം അടിച്ചു കയറ്റണ്ടാ, കേട്ടോ' എന്ന അര്‍ത്ഥത്തില്‍ ശാരിയെന്നെ നോക്കി. പായസം എന്റെയൊരു ദൌര്‍ബ്ബല്യമാണ്‌.

പാലടപ്രഥമന്‍ ബാബുവിന്റെ സദ്യയില്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല. ചെലവു കുറയ്‌ക്കാന്‍ ബാബു നിര്‍ബദ്ധനായിട്ടുണ്ടാകുമെന്നും പായസം ഒന്നു മാത്രം മതിയെന്നു തീരുമാനിച്ചിട്ടുണ്ടാകുമെന്നുമാണ്‌ ഞാന്‍ കണക്കുകൂട്ടിയിരുന്നത്‌. എന്റെ കണക്കുകൂട്ടല്‍ തെറ്റി. സന്തോഷവുമായി. ഈ ബാബു ഒരസാധാരണ വ്യക്തി തന്നെ. എത്ര ശാന്തമായാണു ബാബു ഓരോരോ കാര്യങ്ങള്‍ ചെയ്യുന്നത്‌. യാതൊരുവിധ കോലാഹലവുമില്ലാതെ. മുന്‍പൊരിയ്‌ക്കല്‍ രോഗവിവരം ചോദിച്ചപ്പോള്‍ ചികിത്സ നടക്കുന്നുണ്ട്‌ എന്നു മാത്രമേ ബാബു പറഞ്ഞുള്ളു. ഒന്നു കാണുമ്പോഴേയ്‌ക്കും സ്വന്തം രോഗവിവരങ്ങളുടെ കെട്ടഴിയ്‌ക്കുന്നവര്‍ കുറവല്ല. കാന്‍സര്‍ മരുന്നുകളുടെ വില വളരെക്കൂടുതലാണെന്നും, അതു താങ്ങാന്‍ കഴിയുന്നില്ലെന്നും, കഷ്ടകാലമാണെന്നും, വിധിയാണെന്നുമൊക്കെ ബാബുവിന്റെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തീര്‍ച്ചയായും പറഞ്ഞേനേ. പക്ഷേ ബാബു അതൊന്നും പറഞ്ഞില്ല. കല്യാണം വലിയൊരു സംഘാടനശേഷി ആവശ്യമുള്ളൊരു കാര്യമാണ്‌. പല കാര്യങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്‌. എല്ലാം അതാതിന്റെ സമയത്തു തന്നെ ചെയ്‌തു തീര്‍ക്കുകയും വേണം. ബാബു സകല കാര്യങ്ങളും ഭംഗിയായി നടത്തിയിരിയ്‌ക്കുന്നു. മുന്‍പൊരിയ്‌ക്കലും തോന്നിയിട്ടില്ലാത്ത ഒരാദരവ്‌ ബാബുവിനോടു തോന്നി. ?When the going gets tough, the tough gets going?: ഇത്‌ ബാബു അന്വര്‍ത്ഥമാക്കി.

പ്രഥമനില്‍ മുഴുകിയിരിയ്‌ക്കുമ്പോള്‍ `ശാരിച്ചേച്ചീ' എന്നു വിളിയ്‌ക്കുന്നതു കേട്ടു തലയുയര്‍ത്തി നോക്കി. ശാരിയുടെ മുന്‍പില്‍ രണ്ടു മൂന്നു പെണ്‍കിടാങ്ങള്‍. തൊട്ടടുത്ത്‌ `ശാരിമോളേ' എന്നു വിളിച്ചുകൊണ്ട്‌ ചട്ടയും മുണ്ടും മേല്‍ക്കാ മോതിരവുമണിഞ്ഞ ഒരു ചേടത്തി. ശാരിയെന്തോ പറഞ്ഞപ്പോള്‍ മണികിലുങ്ങുംപോലെ ചിരിച്ചുകൊണ്ട്‌ പെണ്‍കുട്ടികള്‍ പോയി. ഞാന്‍ വരണില്ലാന്നും വിചാരിച്ചങ്ങനെ കെടക്കേയിരുന്നു. അപ്പഴാണ്‌ ജലജ ആളെപ്പറഞ്ഞയച്ചത്‌, ചേടത്തി പറഞ്ഞു. ബാബുവിന്റെ ഭാര്യയാണു ജലജ. ചേടത്തി വന്നതു നന്നായി, ശാരി പറഞ്ഞു. നന്നായി ആഹാരം കഴിച്ചാല്‍ ചേടത്തിടെ അസുഖോക്കെ മാറിക്കോളും, അവള്‍ ചേടത്തിയ്‌ക്കു ധൈര്യം കൊടുത്തു.
READ FULL STORY AS PDF
imageRead More

Facebook Comments

Comments

  1. cmc

    2013-05-06 08:10:59

    priya sunil, Ithrayum nanma niranja oru kadha vaayichittilla. Thaankalude mattu kadhakalum vaayikkaan moham

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More