Image

ഭാര്യയ്‌ക്കു ശമ്പളം (കഥ: സുനില്‍ എം.എസ്‌)

Published on 27 April, 2013
ഭാര്യയ്‌ക്കു ശമ്പളം (കഥ: സുനില്‍ എം.എസ്‌)
ഹ! ഇതിനാണു ഞാനിത്രേം കാലം കാത്തിരുന്നത്‌.

ശാരി സന്തോഷം കൊണ്ടു മതിമറന്നു പറഞ്ഞതു കേട്ട്‌ ഞാന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്തി നോക്കി. ഊണുമേശമേല്‍ പത്രം നിവര്‍ത്തിയിട്ടിരിയ്‌ക്കുന്നു. അതില്‍ ഏതോ ഒരു വാര്‍ത്താശകലം വായിച്ചുകൊണ്ടാണ്‌ അവളതു പറഞ്ഞത്‌. എന്തോ ഒരു ലോട്ടറി കിട്ടിയ ആഹ്ലാദം മുഖത്തുണ്ട്‌.

രാവിലെ പത്രം വന്നാല്‍ ഒന്നോടിച്ചു നോക്കാന്‍ മാത്രമേ അവള്‍ക്കു സമയം കിട്ടാറുള്ളു. അത്താഴം കഴിഞ്ഞു കിടക്കുംമുന്‍പാണ്‌ വിശദമായ പത്രവായന നടക്കുക. ആ വിശദവായനയാണിപ്പോള്‍ നടന്നു കൊണ്ടിരിയ്‌ക്കുന്നത്‌.

ഒന്നിങ്ങെഴുന്നേറ്റു വന്നേ ചേട്ടാ, ദേ, ഇതൊന്നു വായിച്ചേ.

അവളുടെ സ്വരത്തില്‍ അല്‌പമൊരധികാരം കലര്‍ന്നിരുന്നു.

സബ്‌സിഡിയോടുകൂടിയ ഇരുപത്തിനാലു ഗ്യാസ്‌ സിലിണ്ടര്‍ ഓരോ കുടുംബത്തിനും നല്‍കണം എന്നു മമതാ ബാനര്‍ജി ശക്തമായി ഉന്നയിച്ച ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഒരുപക്ഷേ സര്‍ക്കാരതിനു സമ്മതം മൂളിയിരിയ്‌ക്കുമോ? പത്രം വായിച്ചപ്പോള്‍ അങ്ങനെയൊരു വാര്‍ത്ത കണ്ടിരുന്നില്ല. സിലിണ്ടറിന്റെ എണ്ണം കുറച്ചതിനു ശേഷം ഗ്യാസിന്റെ ചെലവിനെപ്പറ്റി അല്‌പം ചില ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ചേട്ടന്‍ അവിടെത്തന്നെയിരുന്നോ. ഞാന്‍ ബില്ലു തരുമ്പോ ബബ്ബബ്ബാന്നു പറഞ്ഞേയ്‌ക്കരുത്‌.

ബില്ലോ? ഏതു ബില്ല്‌?

ഞാനെഴുന്നേറ്റു. കേള്‍ക്കാന്‍ തീരെ ഇഷ്ടമില്ലാത്ത പദങ്ങളിലൊന്നാണ്‌ ബില്ല്‌. കറന്റു ബില്ല്‌, ടെലിഫോണ്‍ ബില്ല്‌, പലചരക്കുകടയിലെ ബില്ല്‌ അങ്ങനെ പോകുന്നു, ബില്ലുകളുടെ നീണ്ട പട്ടിക. തീരെ അപ്രതീക്ഷിതമായാണ്‌ മിയ്‌ക്ക ബില്ലുകളും വന്നു കയറുക.

ബില്ലെന്നു കേള്‍ക്കുമ്പോള്‍, സേവിംഗ്‌സ്‌ അക്കൌണ്ടിലെ അനുദിനം ചുരുങ്ങിക്കൊണ്ടിരിയ്‌ക്കുന്ന ബാലന്‍സിനെപ്പറ്റിയുള്ള വേവലാതിയാണ്‌ മനസ്സിലുയരുക. മേക്കിംഗ്‌ ബോത്ത്‌ എന്റ്‌സ്‌ മീറ്റ്‌ സര്‍ക്കസ്സിലെ ഞാണിന്മേല്‍ക്കളിയ്‌ക്ക്‌ ഇത്രത്തോളം അഭ്യാസപാടവം വേണ്ട. അതിനിടയില്‍ ഞാണിന്മേല്‍ക്കളി തകിടം മറിയ്‌ക്കാന്‍ ഇതേതാണൊരു പുതിയ ബില്ല്‌?

ദാ, വായിയ്‌ക്ക്‌. പത്രത്തിലെ ഒരു വാര്‍ത്തയിലവള്‍ ചൂണ്ടുവിരല്‍ കൊണ്ടു കുത്തിക്കുത്തിക്കാണിച്ചു. എന്തുകൊണ്ടോ അതെനിയ്‌ക്കു വായിയ്‌ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്‌ അവള്‍ തന്നെ അത്‌ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു തന്നു.

അത്ര ഉച്ചത്തില്‍ അവള്‍ മുന്‍പൊരിയ്‌ക്കലും ഒരു പത്രവാര്‍ത്തയും വായിച്ചതു കേട്ടതായി എനിയ്‌ക്കോര്‍മ്മയില്ല. ആ ശബ്ദത്തിലെ ധിക്കാരസ്വരവും അപരിചിതം.

ഭാര്യ വീട്ടുജോലികള്‍ ചെയ്യേണ്ടി വരുന്നെങ്കില്‍ അവയില്‍ ഓരോ ജോലിയ്‌ക്കും ഭര്‍ത്താവ്‌ പ്രതിഫലം കൊടുക്കേണ്ടതാണ്‌. ഓരോ ജോലിയ്‌ക്കും കൊടുക്കേണ്ട പ്രതിഫലം എത്രയെന്നു നിശ്ചയിയ്‌ക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഭാര്യയ്‌ക്കായിരിയ്‌ക്കും. ഓരോ മാസവും അഞ്ചാംതീയതിയ്‌ക്കുള്ളില്‍ മുന്‍മാസത്തെ വീട്ടുജോലിയുടെ പ്രതിഫലമായി കൊടുത്തു തീര്‍ക്കാനുള്ള തുക മുഴുവനും ഭര്‍ത്താവു ഭാര്യയ്‌ക്കു കൊടുത്തു തീര്‍ത്തിരിയ്‌ക്കണം. മുപ്പതു ദിവസം പിന്നിട്ടിട്ടും പ്രതിഫലം കൊടുത്തു തീര്‍ക്കാത്ത ഭര്‍ത്താക്കന്മാരെ ഭാര്യയുടെ പരാതിയിന്മേല്‍ മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ വിചാരണകൂടാതെ തന്നെ തടവിലിടുന്നതാണ്‌.

ഇതായിരുന്നു, അവള്‍ വായിച്ച വാര്‍ത്തയുടെ സംക്ഷിപ്‌തരൂപം.

വിശ്വസിയ്‌ക്കാന്‍ പറ്റിയില്ല. ഭാര്യയ്‌ക്ക്‌ വീട്ടുജോലിയ്‌ക്ക്‌ പ്രതിഫലമോ! അതു കൊടുക്കാന്‍ വൈകിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയോ! അങ്ങനെ വരാന്‍ വഴിയില്ല. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ജയിലില്‍ അടപ്പിയ്‌ക്കുമോ?

എന്താ, വിശ്വാസാവണില്ലാ, ല്ലേ? ന്നാ, ദാ, വായിച്ചു നോക്ക്‌.

അവള്‍ ചൂണ്ടിക്കാണിച്ചതു വായിയ്‌ക്കാനുള്ള മനക്കരുത്ത്‌ എനിയ്‌ക്കുണ്ടായില്ല. ഉള്ളു കിടുകിടുത്തു. എഴുന്നേറ്റു നിന്നിരുന്ന ഞാന്‍ അതോടെ ഇരുന്നു പോയി.

അതിനിടെ ശാരി ഒരു ഇരുന്നൂറു പേജിന്റെ പുതിയൊരു നോട്ടു ബുക്കെടുത്തുകൊണ്ടു വന്നു. മനസ്സില്‍ തോന്നുന്ന കഥകള്‍ അപ്പപ്പോള്‍ എഴുതിവയ്‌ക്കാനായി വാങ്ങി വച്ചതായിരുന്നു, നോട്ടുബുക്ക്‌. കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ എഴുതുന്നതാണ്‌ ലാഭം. അതുകൊണ്ട്‌ നോട്ടുബുക്ക്‌ ഉപയോഗിയ്‌ക്കാതെ, ഭദ്രമായി സൂക്ഷിച്ചു വച്ചതായിരുന്നു.

രാവിലത്തെ പാല്‍ക്കാപ്പി ഒന്ന്‌, പത്തു രൂപാ. ഇഡ്ഡലി ഒന്നുക്ക്‌ പത്തു രൂപാ വീതം അഞ്ചെണ്ണം, അന്‍പതു രൂപാ.

ശാരി കണക്കെഴുത്തു തുടങ്ങി.

ഒരിഡ്ഡലിയ്‌ക്ക്‌ പത്തു രൂപയോ?

ഞാന്‍ ചോദിച്ചു.

ങാ, ഞാനുണ്ടാക്കുന്ന ഇഡ്ഡലിയ്‌ക്ക്‌ വില പത്തു രൂപയാ. ശാരി തറപ്പിച്ചു പറഞ്ഞു.

അതിന്‌, ഉഴുന്നും പച്ചരിയും ഞാന്‍ വാങ്ങിക്കൊണ്ടു വന്നതാണ്‌. ഇന്നലെ രാത്രി ഇഡ്ഡലിയ്‌ക്കു വേണ്ടി ആട്ടിത്തന്നതും ഞാനായിരുന്നു.

ഇഡ്ഡലിയില്‍ എനിയ്‌ക്കുള്ള പങ്കു ചൂണ്ടിക്കാട്ടാതിരിയ്‌ക്കാന്‍ എനിയ്‌ക്കു കഴിഞ്ഞില്ല. പരമസത്യങ്ങളുടെ നേരേ ആരും കണ്ണടയ്‌ക്കരുതല്ലോ. ബില്‍ത്തുക കഴിയുന്നത്ര കുറഞ്ഞിരിയ്‌ക്കട്ടെ.

അതുകൊണ്ടൊന്നും കാര്യമില്ല. ഒന്നാന്തരം ഇഡ്ഡലിയാ ഞാനുണ്ടാക്കിത്തന്നത്‌. ഉഡുപ്പിക്കാരുടെ ഊതിയാല്‍ പറക്കണ ടൈപ്പല്ല.

അവളുടെ അവകാശവാദത്തില്‍ കുറേയൊക്കെ ശരിയുമുണ്ട്‌. അവളുണ്ടാക്കാറുള്ള ഇഡ്ഡലി ഇതുവരെ തിന്നു മടുത്തിട്ടില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും, യാത്രയ്‌ക്കിടയില്‍ ഹോട്ടലിലെ ഇഡ്ഡലി കഴിയ്‌ക്കേണ്ടി വരുമ്പോഴാണ്‌ ശാരിയുടെ ഇഡ്ഡലിയുടെ മഹിമ ശരിയ്‌ക്കും മനസ്സിലാക്കാറ്‌.

തേങ്ങാച്ചട്ട്‌ണി അഞ്ചു രൂപാ.

അയ്യോ, ചട്ട്‌ണി ഫ്രീയാ. ഉടുപ്പിക്കാരൊന്നും ചട്ട്‌ണിയ്‌ക്കു ചാര്‍ജ്ജു ചെയ്യാറില്ല.

ഗോതമ്പുപൊടി പച്ചവെള്ളത്തില്‍ കലക്കിയതല്ലായിരുന്നു, എന്റെ ചട്ട്‌ണി. ഒന്നാന്തരം തേങ്ങാച്ചട്ട്‌ണിയായിരുന്നു.

അതു ശരിയായിരുന്നു. ചട്ട്‌ണിയുടെ കാര്യം ഓര്‍ത്തപ്പോഴേ വായില്‍ വെള്ളമൂറി.

ചട്ട്‌ണിയ്‌ക്ക്‌ തേങ്ങ പൊതിച്ചു തന്നതും മിക്‌സിയില്‍ അടിച്ചു തന്നതും ഞാനായിരുന്നു. ഞാനവളെ ഓര്‍മ്മിപ്പിച്ചു.

അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഉടുപ്പിക്കാരു സെര്‍വു ചെയ്‌തതു പോലെയായിരുന്നോ ഞാന്‍ സെര്‍വു ചെയ്‌തത്‌? എന്റെ ചട്ട്‌ണിയ്‌ക്കു ചാര്‍ജ്ജുണ്ട്‌.

ഉടുപ്പിക്കാര്‍ അലക്ഷ്യമായി മേശപ്പുറത്തു വച്ചു നിരക്കിയിട്ടു പോകാറാണു പതിവ്‌. എന്നാല്‍ ശാരിയാകട്ടെ, പുറത്തൊന്നു തലോടി, നെറുകയില്‍ ഒന്നുമ്മ വയ്‌ക്കുക കൂടി ചെയ്‌തിരുന്നു. സ്‌നേഹാധിക്യം തോന്നുമ്പോഴൊക്കെ അവള്‍ അങ്ങനെ പലതും ചെയ്യും.

ഇഡ്ഡലിയൊന്നുക്ക്‌ പത്തു രൂപ നിരക്കിലാണെങ്കില്‍, ഇനി മുതല്‍ അഞ്ചിഡ്ഡലി വേണ്ട, മൂന്നെണ്ണം മതി. ചട്ട്‌ണിയും വേണ്ട.

വേണ്ടെങ്കി വേണ്ട. കഴിച്ചതിനു മാത്രമേ ബില്ലിടൂ.

അഞ്ചിഡ്ഡലി കഴിയ്‌ക്കാറുണ്ടായിരുന്ന സ്ഥാനത്ത്‌ മൂന്നിഡ്ഡലി മാത്രം, അതും ചട്ട്‌ണിയുമില്ലാതെ, കഴിച്ചാല്‍ വിശപ്പടങ്ങുമോ? ഞാന്‍ സംശയിച്ചു. എത്രകാലം രാവിലെ മൂന്നിഡ്ഡലി മാത്രം കഴിച്ചു ജീവിയ്‌ക്കാനാകും?

ഭാര്യയ്‌ക്കു പ്രതിമാസ പ്രതിഫലം നിഷ്‌കര്‍ഷിയ്‌ക്കുന്ന നിയമത്തെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചതിനു ശേഷം, ശാരി ആളാകെ മാറിപ്പോയിരിയ്‌ക്കുന്നു. അവളുടെ സ്വരത്തിന്‌ അപരിചിതമായ ഒരുതരം ഘനവും കാര്‍ക്കശ്യവും വന്നിരിയ്‌ക്കുന്നു. മുന്‍പ്‌ അവളുടെ സ്വരം കര്‍ണ്ണാനന്ദകരമായിരുന്നു. അവളുടെ സ്വരം കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്‌. ആ കൊതി മാറിയിട്ടില്ല താനും. എന്നാലിപ്പഴോ! ഇന്നലത്തെ ശാരി തന്നെയാണ്‌ ഇന്നീപ്പറയുന്ന ശാരിയെന്നു തോന്നുകയേയില്ല. ഒരു നിയമം അര മണിക്കൂര്‍ കൊണ്ടു വരുത്തിയ മാറ്റങ്ങള്‍!

ചുക്കുവെള്ളം, ഒരു ഗ്ലാസ്സ്‌. അഞ്ചു രൂപ.

എന്റെ ശാരീ, ചുക്കുവെള്ളത്തിനൊന്നും ആരും കാശുവാങ്ങാറില്ല.

ഞാന്‍ പ്രതിഷേധിച്ചു. ഒരു ഹോട്ടലും ചുക്കുവെള്ളത്തിനു ചാര്‍ജ്ജു ചെയ്‌തതായി കേട്ടിട്ടില്ല. ഇവിടെ എന്റെ സ്വന്തം ഭാര്യ ചുക്കുവെള്ളത്തിനു പോലും ചാര്‍ജ്ജു ചെയ്യുന്നു.

അതൊന്നും ഇവിടെപ്പറയണ്ട. ഏഴു മിനിറ്റു വെട്ടിത്തിളപ്പിച്ച്‌, ചൂടാറ്റിയാണ്‌ ചുക്കുവെള്ളം കൊണ്ടെത്തരാറ്‌. ഹോട്ടലിലെപ്പോലെ, പച്ചവെള്ളത്തില്‍ ചൂടുവെള്ളം ചേര്‍ത്തതല്ല. അതങ്ങു വെറുതേ തരാന്‍ പറ്റില്ല.

ഞാന്‍ നിശ്ശബ്ദനായി ഇരുന്നു. ഒറ്റദിവസത്തെ പ്രാതലിന്റെ കണക്കു കഴിഞ്ഞപ്പോഴേയ്‌ക്കും രൂപാ കുറേ ആയിക്കഴിഞ്ഞു. ഇക്കണക്കിന്‌ ഒരു മാസം കഴിയുമ്പോഴേയ്‌ക്കും കുളം തോണ്ടാന്‍ സാദ്ധ്യതയുണ്ട്‌. ഭാര്യയ്‌ക്കു ശമ്പളം കൊടുത്തു പാപ്പരാകുന്നത്‌ ഇതാദ്യമായിട്ടായിരിയ്‌ക്കും.

ബ്ലേയ്‌ഡു നിരക്കിലുള്ള പലിശയ്‌ക്ക്‌ കടം വാങ്ങിയ തുക തിരികെക്കൊടുക്കാഞ്ഞാല്‍ ബ്ലേയ്‌ഡുകാര്‍ വന്ന്‌ ഉടലോടെ പൊക്കിക്കൊണ്ടു പോകാനും മടിയ്‌ക്കില്ല എന്നു കേട്ടിട്ടുണ്ട്‌. ഇതിപ്പോള്‍, വീട്ടിനുള്ളില്‍ത്തന്നെ ഒരു ബ്ലേയ്‌ഡ്‌ വന്നു കയറിയിരിയ്‌ക്കുന്നതു പോലെയായിരിയ്‌ക്കുന്നു.

ഇന്നലെ വരെ പ്രണയപൂര്‍വ്വം ആലിംഗനബദ്ധരായിക്കിടന്നിരുന്ന മിഥുനങ്ങളിലൊരാള്‍ പെട്ടെന്ന്‌ വിഷപ്പാമ്പായി തലയുയര്‍ത്തിയ ഭീകരാവസ്ഥ.

ഇനി അലക്കിയതിന്റെ കൂലി. ശാരി അടുത്ത ഇനത്തിലേയ്‌ക്കു കടന്നു. പാന്റ്‌ ഒന്ന്‌. ഇരുപതു രൂപ.

ഒരു പാന്റിന്‌ ഇരുപതു രൂപയോ?

വാഷിംഗ്മെഷീനില്‍ വെള്ളം നിറച്ചതും പല തവണ അടിച്ചതും അലക്കുകഴിഞ്ഞപ്പോള്‍ മെഷീന്‍ വൃത്തിയാക്കിയതും ഞാന്‍ തന്നെയായിരുന്നെന്ന സത്യത്തിനു നേരേ അവള്‍ സൌകര്യപൂര്‍വ്വം കണ്ണടച്ചു കളഞ്ഞതില്‍ അമര്‍ഷവും വിഷാദവും ഒരേസമയം തന്നെ എനിയ്‌ക്കുണ്ടായി.

എന്റേതെല്ലാം ഇനി ഞാന്‍ തന്നെ അലക്കിക്കോളാം എന്നു തളര്‍ച്ചയോടെ പറയാന്‍ മാത്രമേ എനിയ്‌ക്കായുള്ളു.

ഉച്ചയൂണിന്ന്‌ അന്‍പതു രൂപാ, വൈകീട്ടു ചായ പത്തു രൂപാ, പഴം വറുത്തത്‌ ഇരുപതു രൂപാ.

ഇനി ചായയും പലഹാരവും വേണ്ട.

അല്‌പം മനപ്രയാസത്തോടെയാണ്‌ ഞാനതു പറഞ്ഞത്‌.

ഏത്തപ്പഴത്തിനുള്ളില്‍ ചുരണ്ടിയ നാളികേരം ശര്‍ക്കരയില്‍ വിളയിച്ചു വച്ചുള്ള അവളുടെ സ്‌പെഷല്‍ പഴംവറുത്തത്‌ എന്റെ ഇഷ്ടപ്പെട്ട പലഹാരമാണ്‌. വല്ലപ്പോഴും എന്റെ `മൂഡ്‌ ഓഫാ'യിരിയ്‌ക്കുമ്പോള്‍ അവളിതൊരെണ്ണമുണ്ടാക്കി മുന്നില്‍ വച്ചു തരുന്നു. അതോടെ എന്റെ മൂഡ്‌ ലൈറ്റിട്ടപോലെ തെളിയുന്നു. ആ പലഹാരം ഇങ്ങിനിവരാതവണ്ണം അകന്നു പോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അല്‌പമല്ല, നല്ല മനപ്രയാസമുണ്ടായി.

പക്ഷേ ഇങ്ങനെ പോയാല്‍ പഴം വറുത്തതു മാത്രമല്ല, ഇഷ്ടപ്പെട്ട മറ്റു പല പലഹാരങ്ങളും ത്യജിയ്‌ക്കേണ്ടി വരും. ശാരിയുണ്ടാക്കുന്ന പല പലഹാരങ്ങളും എനിയ്‌ക്കിഷ്ടപ്പെട്ടവയാണ്‌. ഓ, പായസം, ദൈവമേ, ചെറുപയറുപരിപ്പു കൊണ്ടുണ്ടാക്കുന്ന പായസം. ചെറിയൊരു കപ്പിന്‌ എന്തായിരിയ്‌ക്കാം ഇവള്‍ ഈടാക്കാന്‍ പോകുന്നത്‌? വല്ലപ്പോഴുമെങ്കിലും ഇവളുടെ കൈകൊണ്ടുണ്ടാക്കിയ പായസം കുടിയ്‌ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെട്ടു പോകും.

ഞാന്‍ വിഷണ്ണനായി ഇരിയ്‌ക്കുന്നതിന്നിടയില്‍ ശാരി കണക്കുകൂട്ടല്‍ തുടര്‍ന്നു.

ആകെ എത്രയായി എന്നു ചോദിച്ചറിയാനുള്ള ധൈര്യം എനിയ്‌ക്കുണ്ടായില്ല. പല ഇനങ്ങള്‍ക്കും അവള്‍ പറഞ്ഞ നിരക്കുകള്‍ അനുസരിച്ച്‌ ഒരു ദിവസം മുന്നൂറു മുതല്‍ അഞ്ഞൂറു വരെ വന്നെന്നു വരാം. പ്രതിമാസം പതിനായിരമോ പതിനയ്യായിരമോ വരും, ഉറപ്പ്‌.

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതലാണ്‌ എന്റെ പ്രധാന പണി. അവ പ്രസിദ്ധീകരിയ്‌ക്കപ്പെടുന്ന മുറയ്‌ക്ക്‌ അവയ്‌ക്കുള്ള പ്രതിഫലവും, താമസം കൂടാതെ, കിട്ടുന്നെങ്കില്‍ ജീവിച്ചു പോകാന്‍ പറ്റേണ്ടതാണ്‌. പക്ഷേ അച്ചടിമാദ്ധ്യമങ്ങളുടെ പക്കല്‍ നിന്നുള്ള പ്രതിഫലം കിട്ടാന്‍ മാസങ്ങളോളം എടുക്കാറുണ്ട്‌. പല തവണ ഓര്‍മ്മപ്പെടുത്തുകയും വേണം.

ചില ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ മലയാളത്തിലേയ്‌ക്ക്‌ തര്‍ജ്ജിമ ചെയ്‌തു കഴിഞ്ഞിട്ടുണ്ട്‌. അവയുടെ പ്രതിഫലവും മാസങ്ങളായി കിട്ടാനുണ്ട്‌. അവയെല്ലാം പ്രസിദ്ധീകരിയ്‌ക്കാന്‍ തീരുമാനിച്ചതായുള്ള സന്തോഷവാര്‍ത്ത വന്നിട്ടുണ്ടെങ്കിലും, ചെയ്‌തു കഴിഞ്ഞ ജോലിയ്‌ക്കുള്ള പണം തരുന്ന കാര്യത്തില്‍ പ്രസാധകരെല്ലാം ഒരുപോലെ `കാലു വലിച്ചിഴയ്‌ക്കുന്നു'.

ശാരിയുടെ പ്രതിഫലം എല്ലാ മാസവും അഞ്ചാം തീയതിയ്‌ക്കുള്ളില്‍ കൊടുക്കണമെന്നാണു നിയമമെങ്കില്‍, തരാനുള്ള തുകകള്‍ താമസം കൂടാതെ തരണമെന്ന്‌ മാസികക്കാരോടും പ്രസാധകരോടും പറയുക തന്നെ വേണ്ടി വരും. ശാരിയുടെ പ്രതിഫലം മുപ്പതു ദിവസം വൈകിയാല്‍, ഈശ്വരാ, ജയില്‍വാസം?ഇതുവരെ പോലീസ്‌ സ്‌റ്റേഷനില്‍ കയറുക പോലും ചെയ്‌തിട്ടില്ല.

ശാരി കണക്കുപുസ്‌തകം അടച്ചു വച്ചു. കണ്ണാടിയുടെ മുന്നില്‍ ചെന്നു നിന്ന്‌ തലമുടി കെട്ടാന്‍ തുടങ്ങി. കിടക്കാനുള്ള വട്ടം കൂട്ടലാണ്‌. ഞാന്‍ കമ്പ്യൂട്ടര്‍ ഷട്ട്‌ ഡൌണ്‍ ചെയ്‌തു. ശാരി കിടക്കുമ്പോള്‍ത്തന്നെ ഞാനും കിടക്കുക പതിവാണ്‌. ഇന്നിപ്പോള്‍ പെട്ടെന്നൊരകല്‍ച്ച കടന്നു വന്നിട്ടുണ്ടെങ്കിലും എന്റെ ജീവിതം അവളെച്ചുറ്റിപ്പിണഞ്ഞു തന്നെ കിടക്കുന്നു. വളരെക്കാലമായി അതങ്ങനെയായിട്ട്‌.

ശാരി കിടപ്പുമുറിയിലേയ്‌ക്കു നടന്നപ്പോള്‍ പിന്നാലെ ഞാനും ചെന്നു. കിടപ്പുമുറിയില്‍ കടന്നയുടനെ, ഞാന്‍ അകത്തു കടക്കുംമുന്‍പേ അവള്‍ വാതിലടയ്‌ക്കാന്‍ തുടങ്ങി. ഞാന്‍ അകത്തേയ്‌ക്കു കടക്കാനൊരുങ്ങുന്നതു കണ്ട്‌ അവള്‍ ചോദിച്ചു, എവിടേയ്‌ക്കാ കേറി വരണത്‌?

ഞാനും കിടക്കാന്‍ പോവ്വാ. ഞാന്‍ വിശദീകരിച്ചു.

ഈ മുറീല്‍ കിടക്കാന്‍ പറ്റില്ല. മറ്റേ മുറീല്‍ പോയിക്കിടക്ക്‌.

അവളുടെ ആജ്ഞ കേട്ട്‌ ഞാന്‍ ഷോക്കേറ്റപോലെ നിന്നു പോയി.

പതിറ്റാണ്ടുകളായി അവളും ഞാനും ഒരേ മുറിയില്‍, ഒരേ കട്ടിലില്‍ ഒരുമിച്ചു കിടക്കാന്‍ തുടങ്ങിയിട്ട്‌. അവള്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ വന്നപ്പോള്‍പ്പോലും ആ പതിവു തെറ്റിച്ചിട്ടില്ല.

ആദ്യപ്രസവം കഴിഞ്ഞ്‌ ഒന്നു രണ്ടു മാസത്തോളം ശാരി അവളുടെ അച്ഛനമ്മമാരോടൊപ്പമായിരുന്നു. കുഞ്ഞുമായി അവള്‍ തിരികെ വന്ന ദിവസം അമ്മ, അതായത്‌ എന്റെ അമ്മ, ഒരു സുഗ്രീവാജ്ഞയിറക്കി, കേശൂ, നീ താഴെക്കിടന്നാല്‍ മതി.

അന്നും എനിയ്‌ക്കു ഷോക്കേറ്റിരുന്നു.

ശാരിയുടെ ആദ്യപ്രസവം സീസേറിയനായിരുന്നു. പ്രസവത്തെത്തുടര്‍ന്നുള്ള മൂന്നു മാസം ശാരി സ്വന്തം മാതാപിതാക്കളുടെ പരിചരണയിലായിരുന്നു. രണ്ടാമതൊരു പ്രസവം ഉടനുണ്ടായാല്‍ അപകടമാണ്‌, അതുകൊണ്ട്‌ രണ്ടു വര്‍ഷങ്ങളോളം വീണ്ടും ഗര്‍ഭം ധരിയ്‌ക്കാന്‍ പാടില്ല എന്ന കര്‍ശനമായ വിലക്കോടു കൂടിയാണ്‌ ശാരി കുഞ്ഞുമായി തിരികെ വന്നത്‌. അമ്മയും ആ വിലക്ക്‌ കര്‍ശനമായി നടപ്പാക്കിയെന്നു മാത്രം.

ശാരിയും കുഞ്ഞും കട്ടിലില്‍ കിടന്നു, വീണ്ടുമൊരു പ്രസവത്തിനു വഴികൊടുക്കാത്ത സുരക്ഷിതദൂരത്തില്‍, നിലത്ത്‌ മറ്റൊരു കിടക്ക വിരിച്ചു ഞാനും കിടന്നു. അന്ന്‌ ആ മുറിയില്‍ ഒരു കട്ടില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

അന്നത്തെ ആ ഒറ്റ മണിക്കൂറിന്നിടയില്‍ ഞാന്‍ എത്ര തവണ നെടുവീര്‍പ്പിട്ടു കൂട്ടിയെന്ന കൃത്യമായ കണക്ക്‌ ശാരിയുടെ പക്കലുണ്ട്‌.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവളെഴുന്നേറ്റ്‌ അമ്മയുടെ മുറിയിലേയ്‌ക്കു ചെന്നു. ഉറങ്ങുന്നതിനു മുന്‍പ്‌ കിടന്നുകൊണ്ടുള്ള പതിവു വായനയിലായിരുന്നു, അമ്മ. ശാരി അമ്മയുടെ അടുത്ത്‌, കട്ടിലില്‍ ഇരുന്നു.

എന്താ മോളേ. അമ്മ ഉത്‌കണ്‌ഠയോടെ ചോദിച്ചു.

അവള്‍ കുനിഞ്ഞ്‌ അമ്മയുടെ നെറ്റിയില്‍ ചുംബിച്ചു. അമ്മയുടെ നരച്ച മുടിയില്‍ മൃദുവായി തലോടി. എന്നിട്ടു പറഞ്ഞു:

അമ്മേ, ആ പാവം ഞങ്ങളുടെ കൂടെ കിടന്നോട്ടെ. അതിനു താഴെക്കിടന്നിട്ട്‌ ഉറക്കം വരുന്നില്ല.

അമ്മായിഅമ്മയെ എത്ര വേഗത്തില്‍ വശത്താക്കാം എന്നൊരു റിയാലിറ്റി ഷോ ഉണ്ടായിരുന്നെങ്കില്‍ ശാരി അനായാസേന അതില്‍ ഒന്നാം സമ്മാനം നേടിയേനെ. അവള്‍ ഈ വീട്ടില്‍ കാലെടുത്തു വച്ച അന്നു മുതല്‍ അവളുടെ അമ്മായിഅമ്മ, അതായത്‌ എന്റെ അമ്മ സ്വന്തം മകനായ എന്നോട്‌ ഒരു ചിറ്റമ്മ നയമാണു സ്വീകരിച്ചത്‌. വിവേകം എന്നേക്കാള്‍ കൂടുതല്‍ അവള്‍ക്കാണുള്ളത്‌ എന്നു പറയാന്‍ അമ്മയ്‌ക്കു മടിയുണ്ടായിരുന്നില്ല. അവള്‍ പറയുന്നത്‌ അമ്മ ഉടന്‍ കേള്‍ക്കും. ഞാന്‍ പറയുന്നത്‌ അവളുടെ കൂടി യെസ്‌ ഉണ്ടെങ്കിലേ അമ്മ സമ്മതിയ്‌ക്കുമായിരുന്നുള്ളു.

മോളേ, നിനക്കാപത്തെന്തെങ്കിലുംണ്ടാക്വോ. അമ്മ ചകിതയായി ചോദിച്ചു.

ഇല്ലമ്മേ, ഒന്നുംണ്ടാവില്ല.

അവനു ബോധം കുറവായിരിയ്‌ക്കും. നീ സൂക്ഷിക്കണം, ന്റെ കുട്ടീ.

ഞാന്‍ സൂക്ഷിച്ചോളാം.

അമ്മ, ആശങ്കയോടെ, മൌനത്തിലൂടെ സമ്മതം മൂളി.

അവള്‍ തിരികെ മുറിയില്‍ വന്ന്‌ എന്റെ കൈയ്‌ക്കു പിടിച്ചെഴുന്നേല്‍പ്പിച്ച്‌ എന്നെ കട്ടിലില്‍ അവളോടും കുഞ്ഞിനോടുമൊപ്പം ചേര്‍ത്തു കിടത്തി. ഇനി എന്റെ കൂടെത്തന്നെ കിടന്നാല്‍ മതീട്ടോ, എന്നു പറഞ്ഞ്‌ എന്റെ നെറ്റിയിലൊരുമ്മയും തന്നു. അതു ഞാനിന്നും ഓര്‍ക്കുന്നു.

അധികം നാള്‍ കഴിയുംമുന്‍പേ സുരക്ഷിതത്വം കാറ്റില്‍ പറക്കുകയും ചെയ്‌തു.

ആ ശാരിയാണ്‌ ഇന്നു കിടപ്പുമുറിയിലേയ്‌ക്ക്‌ എന്നെ കടത്താതെ വാതിലടയ്‌ക്കാന്‍ തുനിയുന്നത്‌.

എന്തു വന്നാലും അവളുടെ കൂടെത്തന്നെ കിടക്കണം. മറ്റൊരു മുറിയില്‍ കിടക്കുന്ന കാര്യം ആലോചിയ്‌ക്കാന്‍ പോലും പറ്റില്ല. എനിയ്‌ക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി.

ഞാന്‍ വാതിലിന്നിടയിലൂടെ അകത്തേയ്‌ക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ചു. അതുകണ്ട്‌ അവള്‍ ബലം പ്രയോഗിച്ച്‌ വാതിലടച്ചു. ശക്തിയോടെ അടഞ്ഞുവരുന്ന വാതിലിന്നടിയില്‍പ്പെട്ട്‌ എന്റെ കാല്‍വിരലുകള്‍ ചതയാതിരിയ്‌ക്കാനായി ഞാന്‍ കാല്‍ പെട്ടെന്ന്‌ പിന്നോട്ടു വലിച്ചു. അപ്പോള്‍ മുന്നോട്ടാഞ്ഞ എന്റെ നെറ്റിയില്‍ വാതില്‍ വന്നിടിച്ചു. ആ ആഘാതത്തില്‍ എന്റെ ബാലന്‍സാകെത്തെറ്റി, എവിടെയൊക്കെയോ പിടിച്ചു വീഴാതിരിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും, ഞാന്‍ പുറകോട്ട്‌ മലര്‍ന്നടിച്ചു വീണു, ശിരസ്സിന്റെ പിന്‍ഭാഗം നിലത്തിടിച്ചു.

എത്രനേരം ഞാനാ കിടപ്പില്‍ കിടന്നെന്നറിയില്ല. ചേട്ടന്‍ വീണോ എന്നു ശാരി പരിഭ്രമത്തോടെ ചോദിയ്‌ക്കുന്നതു കേട്ടാണ്‌ ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കിയത്‌.

അല്‌പസമയം കഴിഞ്ഞ്‌ എനിയ്‌ക്കു പരിസരബോധം പതുക്കെ കൈവന്നു.

സമയം രാത്രിതന്നെ. ഞാന്‍ കിടപ്പുമുറിയ്‌ക്കകത്താണ്‌. എന്നെ പുറത്താക്കി ശാരി വാതില്‍ വലിച്ചടച്ചതായിരുന്നല്ലോ, എന്നിട്ടും ഞാനിതെങ്ങനെ അതിന്നകത്തെത്തിച്ചേര്‍ന്നു?

എന്റെ കിടപ്പായിരുന്നു രസകരം. കാലു രണ്ടും കട്ടിലിന്മേല്‍, ഞങ്ങളുടെ സ്ഥിരം കട്ടിലിന്മേല്‍. ശിരസ്സും ഉടലും നിലത്ത്‌. ഞാന്‍ നിലത്തു മലര്‍ന്നു കിടക്കുന്നു.

തുറന്നു കിടക്കുന്ന വാതിലിലൂടെ ഊണു മുറിയില്‍ നിന്നുള്ള വെളിച്ചം കടന്നു വരുന്നു.

ദെന്തു പറ്റി, ചേട്ടന്‌? ദാ തല മുഴച്ചിരിയ്‌ക്ക്‌ണു.

ശാരിയെന്നെ മെല്ലെ താങ്ങിയെഴുന്നേല്‍പ്പിച്ച്‌ കട്ടിലില്‍ കിടത്തി.

അവളെന്റെ തലയുടെ പിന്‍ഭാഗം തടവി. ഞാനും സ്‌പര്‍ശിച്ചു നോക്കി. ശരിയാണ്‌, ചെറുതായി മുഴച്ചിട്ടുണ്ട്‌. നേരിയൊരു വേദനയുണ്ട്‌.

ഇപ്പോഴെല്ലാം ഓര്‍മ്മ വന്നു.

എട്ടര മുതല്‍ ഒന്‍പതു വരെ ലോഡ്‌ഷെഡ്ഡിംഗ്‌. അതിനു മുന്‍പ്‌ ഊണു കഴിച്ച്‌, കറന്റു വന്നുകഴിയുമ്പോള്‍ വീണ്ടും എഴുന്നേല്‍ക്കാമെന്ന പ്ലാനോടെ ശാരിയോടൊപ്പം കിടന്നതായിരുന്നു.

കറന്റു വന്നപ്പോഴേയ്‌ക്കും ഞാനുറങ്ങിപ്പോയിരുന്നു, ശാരി എന്നെ ഉണര്‍ത്താതെ എഴുന്നേറ്റു പോകുകയും ചെയ്‌തിരുന്നു.

ഉറക്കത്തില്‍ സ്വപ്‌നം കണ്ട്‌, ഞാന്‍ കട്ടിലില്‍ നിന്നു നിലത്തു വീണ ശബ്ദം കേട്ടു പരിഭ്രാന്തയായി ഓടിവന്നതാണവള്‍.

ശാരി കണക്കെഴുതിയതും എന്നെത്തള്ളിമാറ്റി വാതിലടച്ചതും ഞാന്‍ തലതല്ലി മലര്‍ന്നു വീണതുമെല്ലാം സ്വപ്‌നം മാത്രമായിരുന്നെന്നു മനസ്സിലായി. അതോടെ എന്തെന്നില്ലാത്ത ആശ്വാസവുമായി.

എന്നിരുന്നാലും, വീട്ടുജോലി ചെയ്യേണ്ടി വരുന്ന ഭാര്യയ്‌ക്ക്‌ ശമ്പളം കൊടുക്കുന്ന കാര്യത്തെപ്പറ്റിയുള്ളൊരു വാര്‍ത്ത അന്നത്തെ പത്രത്തിലുണ്ടായിരുന്നു. അതവള്‍ വായിച്ചിട്ടുമുണ്ടാകണം. ഞാന്‍ തെല്ലു ശങ്കയോടെ അവളെ നോക്കി.

എന്റെ പരിചരണത്തില്‍ അവള്‍ മുഴുകിയിരിയ്‌ക്കുകയായിരുന്നതു കൊണ്ട്‌, ഒരല്‌പം ധൈര്യമവലംബിച്ചു ഞാന്‍ ചോദിച്ചു, നീയാ വാര്‍ത്ത വായിച്ചില്ലേ?

വാര്‍ത്തയോ, ഏതു വാര്‍ത്ത?

ഭാര്യയ്‌ക്കു ശമ്പളം?

ഓ, വീട്ടുജോലി ചെയ്യുന്ന ഭാര്യയ്‌ക്ക്‌ ഭര്‍ത്താവു ശമ്പളം കൊടുക്കുന്ന കാര്യം, അതാണോ?

അതെ, അതു തന്നെ.

ചേട്ടന്‍ അതാണോ സ്വപ്‌നത്തില്‍ കണ്ടത്‌?

ഞാന്‍ കണ്ട കാര്യങ്ങളൊക്കെ അവള്‍ക്കു വിവരിച്ചു കൊടുത്തു. അവള്‍ സഹതാപത്തോടെ എന്റെ ശിരസ്സിലെ മുഴ മെല്ലെ തടവി. അതിന്നിടയില്‍ കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു. ആ ചിരി എനിയ്‌ക്കു പ്രോത്സാഹനമേകി.

ആട്ടെ, ശാരീ, അക്കാര്യത്തില്‍ എന്തായിരിയ്‌ക്കാം നിന്റെ നിലപാട്‌. നീ നിന്റെ നയം വ്യക്തമാക്ക്‌.

ചേട്ടനില്‍ നിന്നു കൂലി വാങ്ങിയാല്‍ ഞാനതോടെ വെറുമൊരു വേലക്കാരി മാത്രമായിപ്പോകില്ലേ. ഞാന്‍ ചേട്ടന്റെ വേലക്കാരിയല്ല, അല്ലെങ്കില്‍ വേലക്കാരി മാത്രമല്ല. വേറെ കുറേ എന്തൊക്കെയോ കൂടി ആണ്‌. ഞാന്‍ കൂലി വാങ്ങിയാല്‍ വേലക്കാരി മാത്രമായിപ്പോകും. അപ്പോള്‍ എനിയ്‌ക്ക്‌ ചേട്ടനെ ഇങ്ങനെ വിളിയ്‌ക്കാന്‍ പറ്റില്ല.

എന്നു പറഞ്ഞുകൊണ്ടവള്‍ ചൂണ്ടു വിരല്‍ കൊണ്ട്‌ 'ഇവിടെ വരൂ' എന്ന്‌ എന്റെ നേരേ ആംഗ്യം കാണിച്ചു. ഞാന്‍ നിലത്ത്‌, അവളുടെ മുന്നില്‍ മുട്ടിന്മേലിരുന്ന്‌, അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചുകൊണ്ട്‌ അവളുടെ മടിയില്‍ ശിരസ്സര്‍പ്പിച്ചു.

എന്റെ കുട്ടാ എന്നു പറഞ്ഞ്‌ അവളെന്റെ ശിരസ്സാകെ ചുംബനം കൊണ്ടു മൂടി.

(ഈ കഥ സാങ്കല്‌പികം മാത്രമാണ്‌.)
ഭാര്യയ്‌ക്കു ശമ്പളം (കഥ: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക