
ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. എംപിമാർക്ക് ബില്ലിന്റെ പകർപ്പ് കൈമാറി. ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50% വർധിപ്പിക്കാനാണ് വ്യവസ്ഥ. ബിൽ പ്രാബല്യത്തിൽ വന്നാൽ ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തും. സീറ്റ് വർദ്ധനവിനും മണ്ഡല പുനർനിർണ്ണയത്തിനും പിന്നാലെ 33% വനിതാ സംവരണവും പ്രാബല്യത്തിൽ വരും.
അടുത്ത ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് വീണ്ടും അവതരിപ്പിക്കും. 2002-ലെ മണ്ഡല പുനർനിർണയ നിയമം റദ്ദാക്കാനും പുതിയ ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.