Image

മദ്യക്കുപ്പികളുമായി പോയ ലോറി മറിഞ്ഞു; മദ്യം കൈക്കലാക്കാന്‍ തിക്കും തിരക്കും

Published on 28 November, 2026
മദ്യക്കുപ്പികളുമായി പോയ ലോറി മറിഞ്ഞു; മദ്യം കൈക്കലാക്കാന്‍ തിക്കും തിരക്കും

ചെന്നൈ; മദ്യക്കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിന് പിന്നാലെ റോഡില്‍ ചിതറിക്കിടന്ന മദ്യക്കുപ്പികള്‍ കൈക്കലാക്കാന്‍ വാഹനയാത്രക്കാര്‍ തിക്കും തിരക്കും കൂട്ടിയത് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. തിരുവള്ളൂര്‍ ജില്ലയിലെ കക്കലൂരിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ നിന്ന് റെഡ് ഹില്‍സിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് വണ്ടല്ലൂര്‍-മിഞ്ചൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. 56 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളാണ് റോഡില്‍ ചിതറിയത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. 

മോറൈ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍ സതീഷ് ലോറി ഇടത്തേക്ക് വെട്ടിച്ചെങ്കിലും അമിതഭാരമുണ്ടായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ഡ്രൈവര്‍ സതീഷിനൊപ്പം അഞ്ച് തൊഴിലാളികളും ലോറിയിലുണ്ടായിരുന്നു. അപകടത്തില്‍ സതീഷിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന യാത്രക്കാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ വാഹനത്തില്‍ നിന്ന് പുറത്തെടുക്കുകയും തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 ലോറി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡില്‍ വീണ് പൊട്ടിത്തകരുകയും മദ്യം ഒഴുകിപ്പരക്കുകയും ചെയ്തു. ഇതോടെ അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും വാഹനങ്ങള്‍ നിര്‍ത്തി പൊട്ടാതെ കിടന്ന മദ്യക്കുപ്പികള്‍ പെറുക്കിയെടുത്ത് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് വലിയ തിക്കും തിരക്കുമുണ്ടായി. 

ആളുകള്‍ റോഡില്‍ തടിച്ചുകൂടിയതും കുപ്പികള്‍ ശേഖരിക്കാന്‍ തിരക്കുകൂട്ടിയതും മൂലം ഔട്ടര്‍ റിംഗ് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സംഘം ആളുകളെ നിയന്ത്രിക്കുകയും പൊട്ടാതെ അവശേഷിച്ച മദ്യശേഖരം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് മറിഞ്ഞുകിടന്ന ലോറി റോഡില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക