
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ഇത് ചരിത്ര നിമിഷം. പാസ്സിങ്ങ് ഔട്ട് പരേഡിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഏഴിമല നാവിക അക്കാദമിയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. രാഷ്ട്രപതിയെ ഔദ്യോഗികമായ ചടങ്ങുകളോടെ നാവിക ഉദ്യോഗസ്ഥ സംഘം പരേഡ് ഗ്രൗണ്ടിലേക്ക് വരവേറ്റു.
പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ്ങ് ഔട്ടിനായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ചുമതലയുള്ള ഇതര വിഭാഗം ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു ഏഴിമല അക്കാദമിയിലേക്ക് പ്രവേശനം. പുറമെ നിന്നുള്ളവര്‍ക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി തത്സമയ സംപ്രേഷണവും നാവിക സേന ഒരുക്കിയിരുന്നു. ഏഴിമലയില്‍ ചിട്ടയായും ശാസ്ത്രീയവുമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 427 കേഡറ്റുകള്‍ രാജ്യത്തിൻ്റെ അഭിമാനമായി ദേശസുരക്ഷയുടെ ഭാഗമായി. 69 വനിത കേഡറ്റുകളും ഇതിലുള്‍പ്പെടുന്നു.
ഇന്ത്യന്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകള്‍ എന്നിവയുടെ കമ്മീഷന്‍ഡ് ഓഫീസര്‍മാരായാണ് ഇവരെല്ലാം രാജ്യസേവനത്തിലേക്ക് കടക്കുന്നത്. കൃത്യതയാര്‍ന്ന ചുവടുകളും അതുല്യമായ അഭിമാനബോധവും ദേശസ്‌നേഹത്തിൻ്റെ ആവേശവും അലയടിച്ച പാസ്സിങ് ഔട്ട് പരേഡില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
രാജ്യത്തിൻ്റെ വിശാലമായ സമുദ്ര അതിര്‍ത്തികളും തന്ത്രപ്രധാനമായ സമുദ്രസുരക്ഷാ താല്‍പര്യങ്ങളും സംരക്ഷിക്കുമെന്ന കര്‍ത്തവ്യബോധത്തോടെയാണ് സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നത്. ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിൻ്റെയും ഓഫീസര്‍മാര്‍ക്കൊപ്പം 9 വിദേശ രാജ്യങ്ങളിലെ 18 കേഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇവര്‍ കൂടി ചേര്‍ന്നതോടെ ഏഴിമല നാവിക അക്കാദമി ദേശാന്തര ഖ്യാതിയുടെ നിറവിലായി.
ഇത്തവണ കെനിയ, ബംഗ്ളാദേശ്, സീഷെല്‍സ്, ടാന്‍സാനിയ, മ്യാന്‍മര്‍, മലാവി, മാലിദ്വീപ്, ടിമോര്‍ലെസ്റ്റ്, ഒമാന്‍ സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരും പാസിങ് ഔട്ട് പരേഡിൻ്റെ ഭാഗമായി എഴിമലയില്‍ അണിനിരന്നു.