
ലോസ് ഏഞ്ചല്‍സ്: വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് സ്‌കൂള്‍ ഉപകരണങ്ങളില്‍ ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി (AI) ഫീച്ചറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോസ് ഏഞ്ചല്‍സ് സ്‌കൂള്‍ അധികൃതര്‍. ഗൂഗിള്‍ സെര്‍ച്ചിലെ 'എ.ഐ ഓവര്‍വ്യൂ' (AI Overview) സംവിധാനമാണ് അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലോസ് ഏഞ്ചല്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നിശബ്ദമായി നീക്കം ചെയ്തത്.
അമേരിക്കന്‍ സ്‌കൂളുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ക്രോംബുക്കുകളിലും മറ്റ് ഗൂഗിള്‍ പഠന സംവിധാനങ്ങളിലും എ.ഐ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍, സെര്‍ച്ച് എഞ്ചിനില്‍ നിന്ന് എ.ഐ സംവിധാനങ്ങളെ വേര്‍പെടുത്താനാവില്ലെന്നും, എ.ഐ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് തന്നെ ലഭ്യമാകില്ലെന്നുമാണ് ഗൂഗിളിന്റെ നിലപാട്.
നേരത്തെ ലോസ് ഏഞ്ചല്‍സിലും ന്യൂയോര്‍ക്കിലും സ്‌കൂളുകളില്‍ ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗൂഗിളിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മറ്റ് സെര്‍ച്ച് എഞ്ചിനുകളിലേക്ക് മാറുന്നതിനെക്കുറിച്ചും സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, സ്‌കൂളുകള്‍ക്ക് എ.ഐ ഒഴിവാക്കി സെര്‍ച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗൂഗിള്‍ ജീവനക്കാരും കമ്പനി നേതൃത്വത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.