
ന്യൂ ജേഴ്സിയിലെ നൂറിലധികം റെസ്റ്റോറന്റ് ഉടമകൾ ചേർന്നു ഏഷ്യൻ അമേരിക്കൻ റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ആരംഭിച്ചു. എഡിസൺ മുഗൾ ബാങ്ക്വറ്റ് ഹോളിൽ നടത്തിയ കൺവെൻഷനിൽ ആയിരുന്നു തുടക്കം കുറിച്ചത്.
വ്യവസായത്തെ ബാധിക്കുന്ന ചെലവുകൾ, തൊഴിൽ പ്രശ്നങ്ങൾ, വാടക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ സമീപനം ഉണ്ടാക്കാൻ സംഘടന സഹായിക്കുമെന്നു കരുതപ്പെടുന്നു. ഏഷ്യൻ അമേരിക്കൻ റീട്ടെയ്ലേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ബിപിൻ പട്ടേൽ ആണ് ഇതിനു മുൻകൈയെടുത്തത്. കൂട്ടായ പ്രവർത്തനം കൊണ്ടു മാത്രമേ വ്യവസായത്തിന്റെ പ്രശ്നങ്ങളെ നേരിടാൻ കഴിയൂ എന്നു ബഫലോ വിങ്സ്, ദേവ്സ് ഹോട്ട് ചിക്കൻ, ബ്ലെയ്സ് പിസ എന്നിവയുടെ ഉടമയായ പട്ടേൽ പറഞ്ഞു.
സംരംഭകൻ കമൽ അറോറ, ഡങ്കിൻ-ടാക്കോ ബെൽ ഫ്രാഞ്ചയ്സുകൾ നടത്തുന്ന ആനന്ദ് പട്ടേലും ഹേമാങ് ചമ്പാനേരിയ, ബർഗർ കിംഗ്, ബിക്കാനീർവാല എന്നിവ നടത്തുന്ന ഭവേഷ് പട്ടേൽ, വ്യാപാര രംഗത്ത് പ്രമുഖനായ ദിനേശ് ഗോസ്വാമി തുടങ്ങിയവരും ഈ സംരംഭത്തിൽ സജീവമായി സഹകരിച്ചു.
അസോസിയേഷൻ ഉണ്ടാക്കാനുള്ള ചർച്ചകൾ ഒരു വർഷം മുൻപ് തുടങ്ങിയിരുന്നുവെന്ന് പട്ടേൽ പറഞ്ഞു. "റെസ്റ്റോറന്റ് നടത്തുന്നത് ഇപ്പോൾ ഏറെ ചെലവേറിയ കാര്യമാണ്. വാടക കുത്തനെ ഉയർന്നു, വേതനം ഉയർന്നു, നികുതി കൂടി, ഇൻഷുറൻസ് കൂടി."
Asian American Restaurant Owners Association launched in New Jersey