
ഇല്ലീഗൽസിനെ കണ്ടെത്തി നാടു കടത്താനുള്ള വേട്ടയിൽ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) അറസ്റ്റ് ചെയ്ത ഏഷ്യൻ കുടിയേറ്റക്കാരിൽ ഏറ്റവുമധികം ഇന്ത്യൻ വംശജരാണെന്നു സ്റ്റോപ്പ് എ എ ഐ ഹെയ്റ്റ് (Stop AAPI Hate). പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ഭരണത്തിൽ ഏഷ്യക്കാരെ നാടു കടത്തുന്നത് 1,100% വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് അനുസരിച്ചുള്ള അഭ്യർഥനയിൽ ലഭിച്ച ഔദ്യോഗിക കണക്കുകളാണിവ. ട്രംപ് അധികാരമേറ്റ 2025 ജനുവരി 20 മുതൽ 2026 ഓഗസ്റ്റ് 6 വരെ 9,900 ലധികം ഏഷ്യൻ കുടിയേറ്റക്കാരെ നാടു കടത്തിയിട്ടുണ്ട്.
അറസ്റ്റുകൾ മാത്രം 436% വർധിച്ചു 21,480 ആയി. തടവിൽ വച്ചവരുടെ എണ്ണം 512% കൂടി 19,148ൽ എത്തി.
സംഘടനയുടെ സഹസ്ഥാപക സിന്തിയ ചോയി പറഞ്ഞു: "വേണ്ടത്ര ആളുകൾ അവർ അനുഭവിച്ചതു പറയുന്നില്ല. അതു കൊണ്ട് ഏഷ്യൻ, പാസിഫിക് ഐലൻഡർ വിഭാഗങ്ങളിൽ പെട്ടവരുടെ അനുഭവങ്ങൾ ദേശീയ ചിത്രത്തിൽ പലപ്പോഴും തെളിയുന്നില്ല."
ഐസ് അറസ്റ്റ് ചെയ്ത ഏഷ്യാക്കാരിൽ 29% ഇന്ത്യൻ വംശജരാണ്. ചൈനക്കാർ 25% ഉണ്ട്. ഏഷ്യക്കാരിൽ ഏറ്റവുമധികം തടവുകാരും ഇന്ത്യക്കാർ തന്നെ. എന്നാൽ നാടു കടത്തപ്പെട്ടവരിൽ ഏറ്റവുമധികം ചൈനക്കാരാണ്. ഇന്ത്യക്കാർ തൊട്ടു പിന്നിലുണ്ട്.
ഏതാണ്ട് 200 ഏഷ്യൻ കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്കു കയറ്റി അയച്ചു. ബൈഡൻ ഭരണകാലത്തെ അപേക്ഷിച്ചു 942% വർധന. ചിലരെ അയച്ചത് അവർക്കു യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളിലേക്കാണ്. "അവർ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത രാജ്യങ്ങൾ, അല്ലെങ്കിൽ അവർ പീഡനം നേരിടാൻ ഇടയുള്ള രാജ്യങ്ങൾ," ചോയി പറഞ്ഞു.
ഏഷ്യാക്കാർ അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ കാലിഫോർണിയ ആണ് മുന്നിൽ. ഏതാണ്ട് 25%. ടെക്സസ് 13%, ന്യൂ യോർക്ക് 9%.
ഒക്‌ലഹോമ 2,700 പേരെ അറസ്റ്റ് ചെയ്തു.
Indians Lead Among Asians In ICE Arrests And Detentions