
ഫ്ലോറിഡയിൽ റെക്കോർഡ് സൃഷ്ടിച്ച മഴയും കനത്ത കാറ്റും ഉണ്ടായെന്നു ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപ് സംസ്ഥാനത്തിനു ദുരിതാശ്വാസം അടിയന്തരമായി എത്തിക്കാൻ മഹാദുരന്ത അവസ്ഥ (Disaster) പ്രഖ്യാപിച്ചു. ഫെമ അടിയന്തരമായി സഹായം എത്തിക്കുമെന്നു ട്രംപ് പറഞ്ഞു.
ഒക്ടോബറിൽ ആരംഭിച്ചതാണ് ഫ്ലോറിഡയിലെ കനത്ത മഴയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. മാർ-എ-ലാഗോ വസതിയിൽ പ്രഥമവനിത മെലാനിയ ട്രംപിന്റെ സാന്നിധ്യത്തിൽ നടന്ന താങ്ക്സ്ഗിവിംഗ് ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്.
നിരന്തരമായ കനത്ത മഴ ഫ്ലോറിഡയുടെ പല ഭാഗങ്ങളെയും വൻ കെടുതിയിലാക്കിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. അടിയന്തരമായി ഫെഡറൽ ധനസഹായം വേണ്ടതുണ്ട്. "അവർ കടുത്ത ആവശ്യത്തിലാണ്. ഞങ്ങൾ ഉടൻ പണം എത്തിക്കും."
പ്രാദേശിക നേതാക്കൾ തന്നെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിച്ചെന്നു ട്രംപ് വെളിപ്പെടുത്തി.
കോൺഗ്രസ് അംഗം റെപ്. ലൂയി ഫ്രാങ്കെൽ ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു. നൂറു കണക്കിനു കുടുംബങ്ങൾക്കു വീടും വാഹനങ്ങളും മറ്റു വിലപ്പെട്ട സാധനങ്ങളും പ്രളയത്തിൽ നഷ്ടമായെന്ന് അവർ ചൂണ്ടിക്കാട്ടി. "പ്രസിഡന്റിന്റെ പ്രഖ്യാപനം ഒരു ആശ്വാസമാണ്. പുനർ നിർമാണത്തിന് ആവശ്യമായ സഹായം ചെറുകിട ബിസിനസുകൾക്കും കുടുംബങ്ങൾക്കും ലഭിക്കും."
പാം ബീച്ച് കൗണ്ടിയിൽ മാത്രം %53 മില്യൺ ദുരിതാശ്വാസം ആവശ്യമാണെന്ന് കൗണ്ടി അധികൃതർ പറഞ്ഞു. അതിൽ $35 മില്ല്യനും കുടുംബങ്ങൾക്കാണ്.
Trump signs Florida major disaster declaration