
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ ജനങ്ങളുടെ രാഷ്ട്രീയ അധികാരം കവരാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയക്കുന്ന ബി.ജെ.പി, വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ എം.പിമാര്‍ക്ക് 150 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കൂറുമാറ്റത്തിന് ശ്രമം നടക്കുന്നതായും ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഈ ബില്ലിനെ പിന്തുണയ്ക്കുന്ന ഏതൊരു പാര്‍ട്ടിയെയും എം.പിയെയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാല്‍ താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലോ ശരദ് പവാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെങ്കിലോ ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.