
മൂന്നാർ: മയക്കുവെടിയേറ്റതിനു പിന്നാലെ ജലാശയത്തിലിറങ്ങിയ ചക്കകൊമ്പൻ നീന്തി മറുകരയിൽ കയറി. ജലാശയത്തിലിറങ്ങിയ ആനയെ ബോട്ടിലെത്തി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കരയ്ക്കു കയറ്റിയത്.
മൂന്നു മണിയോടെയാണ് ഫസ്റ്റ് ഡോസ് മയക്കുവെടിവച്ചത്. വെടികൊണ്ട ആന അൽപനേരം അനങ്ങാതെ നിന്നശേഷം ഈട്ടിമലഭാഗത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ആന അണക്കെട്ടിലേക്ക് ഇറങ്ങി.
മയങ്ങിയാൽ അടുത്ത ഡോസ് നൽകി റേഡിയോ കോളർ ധരിപ്പിക്കാനായിരുന്നു നീക്കം. അതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ജലാശയത്തിൽ വച്ച് ആന മയങ്ങിയാൽ ജീവന് വരെ അപകടമായേനെ. ആന മറുകരയ്ക്കെത്തി കാട്ടിലേക്ക് കയറിയിട്ടുണ്ട്. ദൗത്യം താത്ക്കാലികമായി ഉപേക്ഷിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.
ആദ്യ ദിവസം (നവംബർ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായി മയങ്ങിയിരുന്നില്ല. തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് ശരീരത്തിൽ കൃത്യമായി ഏൽക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.
രണ്ടാം ദിവസം 26നു രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിക്കാത്തതിനാൽ വെടിവെക്കാനായില്ല. മൂന്നാം ദിവസം ഇന്ന് ഓമനക്കുഴിയിൽ വെച്ച് വീണ്ടും മയക്കുവെടി പ്രയോഗിച്ചെങ്കിലും ആന മയങ്ങിയില്ല