Image

കൊലയ്‌ക്ക് കൊലയല്ല പാര്‍ട്ടി നിലപാട്; മധുസൂദനെ തള്ളി സിപിഎം

Published on 27 November, 2026
കൊലയ്‌ക്ക് കൊലയല്ല പാര്‍ട്ടി നിലപാട്; മധുസൂദനെ തള്ളി സിപിഎം

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ 16 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിലെ പ്രധാന സാക്ഷിയെപ്പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ പശ്ചാത്തലം കോടതി ഉൾക്കൊണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

ഇറച്ചി വെട്ടുന്നതിനേക്കാള്‍ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന കോടതി പരാമര്‍ശം ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച വിധിയില്ല വന്നത്. കേസിൽ മൂന്നുപേർക്ക് മാത്രം ശിക്ഷ ലഭിച്ച വിധി അപൂർണമാണ്. 16 പ്രതികളെ വെറുതെ വിട്ടതിൽ പാർട്ടിക്കും ധനരാജിൻ്റെ കുടുംബത്തിനും കടുത്ത അതൃപ്തിയുണ്ട്. പ്രധാന സാക്ഷിമൊഴികളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഗൂഢാലോചന തെളിയിക്കുന്നതിലുണ്ടായ വീഴ്ചകളും വിധിയിലെ മറ്റ് പഴുതുകളും മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി,

വിധി പൂർണമായി പഠിച്ച ശേഷം ആവശ്യമായ നിയമനടപടികളുമായി പാർട്ടി മുന്നോട്ട് പോകും. യഥാർത്ഥ കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തെ തള്ളിപ്പറഞ്ഞ് എംവി ഗോവിന്ദൻ രംഗത്തെത്തി. പാർട്ടി പിന്തുടരുന്നത് സമാധാനത്തിൻ്റെ പാതയാണെന്നും, കൊലപാതക രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ കൊലവിളി പ്രസംഗം നടത്തിയെന്നും അതിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

എന്ത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാത്തത്. ഒരേ രീതിയിലുള്ള കടന്നാക്രമണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ആദ്യം കേസ് എടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണെന്നും എംവി ഗോവിന്ദൻ വിമര്‍ശിച്ചു. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ടി.ഐ. മധുസൂദൻ്റെ പ്രകോപനപരമായ പ്രസംഗം. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും വിമർശിച്ച മധുസൂദനൻ, 'പാർട്ടി കണക്ക് പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് മടിയില്ലെന്നും' പ്രസംഗിച്ചിരുന്നു. ചീമേനി കൂട്ടക്കൊലക്കേസിൽ കോടതി വെറുതെ വിട്ട പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്ന പരാമർശവും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രസംഗത്തിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയതിന് പിന്നാലെ ഭീഷണിപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പയ്യന്നൂർ പൊലീസ് മധുസൂദനനെതിരെ കേസെടുത്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക