Image

സ്കൂൾ വെടിവയ്പ്പ് കേസ് : വിജയ് ചിത്രത്തിലെ രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയെന്ന് സഹപാഠിയുടെ മൊഴി

Published on 27 November, 2026
സ്കൂൾ വെടിവയ്പ്പ് കേസ് : വിജയ് ചിത്രത്തിലെ രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയെന്ന് സഹപാഠിയുടെ മൊഴി

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കണ്ടറി സ്കൂളിലേക്ക് ഒമ്പതാം ക്ലാസുകാരൻ കൊണ്ടുവന്ന തോക്കിൽ നിന്നും വെടി പൊട്ടിയ സംഭവത്തിൽ സഹപാഠിയുടെ മൊഴി പുറത്ത്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'ലിയോ'യിലെ ഫയറിങ് രംഗം അനുകരിച്ചപ്പോഴാണ് അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് സഹപാഠി മൊഴി നൽകിയിരിക്കുന്നത്.

വെടിയേറ്റ സഹപാഠിയും സാക്ഷികളുമാണ് മൊഴി നൽകിയിരിക്കുന്നത്. വെടിവച്ച വിദ‍്യാർഥിയെ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് ഉത്തരവിനെത്തുടർന്ന് ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. കൂടാതെ കുട്ടിയുടെ അമ്മയ്ക്കെതിരേ കേസെടുത്തിരുന്നു. അമ്മയുടെ അലമാരയിൽ നിന്നുമാണ് തോക്ക് ലഭിച്ചതെന്ന് കുട്ടി മൊഴി നൽകിയതിനെത്തുടർന്ന് ആംസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത്. തോക്ക് കുട്ടിയുടെ മുത്തച്ഛന്‍റേതാണെന്നാണ് കണ്ടെത്തിയിരുന്നു.

മുൻപ് ഉത്തരേന്ത‍്യയിലും മറ്റും നിർമിച്ചിരുന്ന തോക്കാണിതെന്നാണ് വിവരം. പഞ്ചാബിലെ കിർക്കി ഫാക്റ്ററിയിൽ നിർമിച്ച പഴയ 6 വെടിയുണ്ടകളാണ് തോക്കിലുള്ളത്. മുത്തച്ഛന്‍റെ മരണശേഷം തോക്ക് അലമാരയിൽ‌ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തോക്ക് എങ്ങനെ കുട്ടിയുടെ കൈയിലെത്തിയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക