Image

ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; ആൺസുഹൃത്ത് അറസ്റ്റിൽ

Published on 27 November, 2026
ബെംഗളൂരുവിലെ  ലോഡ്ജിൽ മലയാളി നഴ്സ്  കൊല്ലപ്പെട്ടു; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിങ് ബിരുദധാരി കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പോലീസ് കസ്റ്റഡിയിലെടുത്തു. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തെ ലോഡ്ജിലാണ് സംഭവം നടന്നത്.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടി വ്യാഴാഴ്ച (നവംബർ 26) രാവിലെയാണ് ഗംഗ ബെംഗളൂരുവിൽ എത്തിയത്. ഗോകുൽ കൃഷ്ണയും ഒപ്പമുണ്ടായിരുന്നു. ഇരുവരും ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച (നവംബർ 27) രാവിലെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഗോകുൽ കൃഷ്ണ ഗംഗയെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. വയറിനേറ്റ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗംഗ മരിച്ചു.

സംഭവത്തിന് പിന്നാലെ പ്രതി ലോഡ്ജ് മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ, നഴ്സിങ് വിദ്യാർഥികൾക്ക് കോളേജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. നഴ്സിങ് പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ നാല് വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

 തർക്കത്തിന് ഇടയാക്കിയ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കോട്ടൺപേട്ട പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക