Image

രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ; വിവിധ ജില്ലകളിൽ ഗതാഗത നിയന്ത്രണം

Published on 27 November, 2026
രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ; വിവിധ ജില്ലകളിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നിന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം 11.30-ന് മടങ്ങും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ മുതൽ വൈകീട്ട് നാലുവരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. തുടർന്ന് തൃശൂർ വൈദ്യരത്നം ആയുർവേദ കോളജിന്റെ സുവർണജൂബിലി സമാപനം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി, ഉച്ചയ്ക്ക് മൂന്നിന് ഹെലികോപ്റ്ററിൽ അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി 3.50-ന് ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പുറപ്പെടും. 4.30-ന് ഗുരുവായൂരിൽ നിന്ന് മടങ്ങുന്ന രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിൽ തങ്ങിയ ശേഷം നാളെ രാവിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് മിസോറമിലേക്ക് തിരിക്കും.

​രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ രാവിലെ 9.30 മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനവ്യൂഹം കടന്നുപോകുന്നതുവരെ കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. തൃശൂർ, കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ ആലുവ വഴി തിരിഞ്ഞുപോകണം. പെരുമ്പാവൂർ, മലയാറ്റൂർ, അങ്കമാലി, ചൊവ്വര ഭാഗങ്ങളിൽ നിന്നുള്ള ചെറുവാഹനങ്ങൾ മരോട്ടിച്ചോട്-മഞ്ഞപ്ര റോഡ്, ചന്ദ്രപുര-കോടനാട് പാലം, കൈപ്പട്ടൂർ, വള്ളംകടവ് പാലം-പുതിയേടം ജംക്‌ഷൻ വഴി യാത്ര ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

​ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒന്നിനുശേഷം ചൂണ്ടൽ മുതൽ കാരക്കാട് ജംക്‌ഷൻ വരെ ഗതാഗതം അനുവദിക്കില്ല. തൃശൂരിൽ നിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിന് സമീപമുള്ള സ്റ്റാൻഡിലും, ചാവക്കാട്, പാവറട്ടി ഭാഗങ്ങളിൽ നിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ യഥാക്രമം ചാവക്കാട്, പഞ്ചാരമുക്ക് ജംക്‌ഷനുകൾക്ക് മുൻപായും പാർക്ക് ചെയ്യണം. ഇന്നർ-ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ടെന്നും, ട്രയൽ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങൾ തുടരുമെന്നും അസി. പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക