
കണ്ണൂർ: പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ. നാട്ടിൽ വീണ്ടും ഭീതി പടർത്തി തന്റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസംഗമെന്ന് അദ്ദേഹം ആരോപിച്ചു. കോടതി വിധിയോടുള്ള കേവലമായ വിയോജിപ്പിനപ്പുറം അക്രമത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമാണ് മധുസൂദനൻ നടത്തിയതെന്നും, ഇതിനെ നിസ്സാരമായി കാണാനാകില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പയ്യന്നൂരിൽ തന്റെ തീരുമാനങ്ങൾക്കും താൽപ്പര്യങ്ങൾക്കും അതീതമായി മറ്റൊരു അഭിപ്രായവും ഉണ്ടാകരുതെന്ന ഏകാധിപത്യ മനോഭാവമാണ് മധുസൂദനന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. അക്രമ പ്രവർത്തനങ്ങളിലേക്ക് ആളുകളെ നിയോഗിക്കുക മാത്രമല്ല, അവരെ വിധേയത്വമുള്ളവരായി നിലനിർത്താൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. ഇതിലൂടെ പയ്യന്നൂരിലെ സിപിഎമ്മിനെ സ്വന്തം സ്വകാര്യ സംരംഭമായി മാറ്റുകയാണ് മധുസൂദനൻ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ സംവാദങ്ങൾക്കും പ്രത്യയശാസ്ത്ര നിലപാടുകൾക്കും പ്രാധാന്യം നൽകേണ്ട പ്രസ്ഥാനത്തെ വ്യക്തികേന്ദ്രീകൃത അധികാരത്തിന്റെയും ആശ്രിത രാഷ്ട്രീയത്തിന്റെയും വേദിയാക്കി മാറ്റി. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനെതിരെയായിരുന്നു തന്റെ പോരാട്ടമെന്നും, അതിന് നേതൃത്വം നൽകിയ വ്യക്തി തന്നെയാണ് ഇപ്പോൾ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.