
വർക്ക് വിസയും ഗ്രീൻ കാർഡും സ്പോൺസർ ചെയ്യുന്നത് നിർത്താൻ സാങ്കേതിക ഭീമൻ ഐ ബി എം തീരുമാനിച്ചതോടെ ആയിരക്കണക്കിനു ഇന്ത്യൻ പ്രഫഷനലുകൾ പ്രതിസന്ധിയിലായി. കൺസൾട്ടിംഗ് ഡിവിഷനിലെ ജീവനക്കാരോടു 2026 അവസാനത്തോടെ ഈ മാറ്റം നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കമ്പനി വിട്ടു പോവുക, അല്ലെങ്കിൽ യുഎസിനു പുറത്തു പോയി ജോലി ചെയ്യുക എന്നതാണ് അവർക്കു ചെയ്യാനുള്ളത്. അതിനു തീരുമാനം എടുക്കാൻ നൽകിയിട്ടുള്ള സമയം മൂന്നാഴ്ചയാണ്. പിരിയാനാണ് തീരുമാനമെങ്കിൽ ഡിസംബർ 31നു ആവാം.
കമ്പനിയുടെ ഏറ്റവും വലിയ ഡിവിഷനായ ഐ ബി എം കൺസൾട്ടിങ്ങിൽ 150,000 പേരെങ്കിലും ജോലി ചെയ്യുന്നുണ്ട്.
അതിൽ എത്ര പേരെ ഈ മാറ്റം ബാധിക്കുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. യുഎസിൽ തന്നെയുള്ള എത്ര പേർക്കു പ്രശ്നം ഉണ്ടാവുമെന്നും വ്യക്തമല്ല.
തൊഴിലുടമ ഗ്രീൻ കാർഡിനു സ്പോൺസർ ചെയ്യുന്ന എച്-1 ബി വിസക്കാർക്കും വിദേശ ജോലിക്കാർക്കും ഈ നീക്കം പ്രശ്നമാവും. ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർക്കു തൊഴിലിൽ തുടരാനും സ്ഥിരതാമസം സാധ്യമാക്കാനും തൊഴിലുടമയുടെ സഹായം ആവശ്യമുണ്ട്.
അതിവിദഗ്ധ ജോലിക്കാരെ വിദേശത്തു നിന്നു കൊണ്ടു വരാനുള്ള വിസ പ്രോഗ്രാമുകളെ ഇനി ആശ്രയിക്കേണ്ട എന്നാണു ഐ ബി എം തീരുമാനിച്ചിട്ടുള്ളതെന്നു കമ്പനി വക്താവ് പറഞ്ഞു. യുഎസിൽ തന്നെ വിദഗ്ധ ജോലിക്കാർ ലഭ്യമായതിനാൽ വർഷങ്ങളായി വിദേശത്തു നിന്നു കൊണ്ടുവരുന്നത് കുറച്ചു വരികയായിരുന്നു. ഇനി വിസ, ഗ്രീൻ കാർഡ് എന്നിവ സ്പോൺസർ ചെയ്യുന്നത് നിർത്തലാക്കുന്നു.
കൺസൾട്ടിംഗ് ഒഴികെ മറ്റു വകുപ്പുകളിലെ സ്ഥിതി എന്താവുമെന്നു ഐ ബി എം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ ഒഴിവുകൾ
ഐ ബി എമ്മിൽ തന്നെ മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ തീരുമാനിക്കുന്നവർക്കു ഇന്ത്യ ഒരു സാധ്യതയാണ്. കമ്പനിയിൽ യുഎസിനു പുറത്തു ലഭ്യമായ 1,278 കൺസൾട്ടിംഗ് ഒഴിവുകളിൽ 1,125 ഇന്ത്യയിലാണ്. ഇത് നവംബർ 19ലെ കണക്കാണ്.
യുഎസിനു പുറത്തു പോകുമ്പോൾ ശമ്പളത്തിൽ ഗണ്യമായ വ്യത്യാസം ഉണ്ടാവും. യുഎസിൽ വർഷങ്ങളോളം ജോലി ചെയ്തു ജീവിതം പടുത്തുയർത്തിയവർക്ക് അതു വലിയൊരു വെല്ലുവിളിയാണ്.
എച്-1 ബി വിസയ്ക്കു ട്രംപ് ഭരണകൂടം $100,000 ഫീ കൊണ്ടുവന്നതിന്റെ ഭാരം ഏറ്റുവാങ്ങുന്നത് ജീവനക്കാരെ കൊണ്ടുവരുന്ന കമ്പനികളാണ്.
IBM ends H-1B Visa, Green Card sponsorship for most consulting roles