
ന്യൂഡല്‍ഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ ഇന്ന് (വെള്ളി)പരിഗണിക്കും. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയര്‍ത്താനാണ്ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനൊപ്പം സഭയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും.
മുന്‍പ് ഈ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെയായിരിക്കും പുതിയ ബില്‍ സഭയിലെത്തുക. സഭയില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി പ്രതിപക്ഷ ചേരിയിലുള്ള ചില പാര്‍ട്ടികളെയും അംഗങ്ങളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടാവുന്നതോടെയാണ് ആകെ സീറ്റുകള്‍ 850 ആയി ഉയരുക.
2011-ലെ സെന്‍സസ് കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും സീറ്റുകളുടെ ഈ വര്‍ധനനടപ്പാക്കുന്നത്. കൂടാതെ, സീറ്റുകളുടെ എണ്ണം അടുത്ത 25 വര്‍ഷത്തേക്ക് ഉയര്‍ത്തുന്നത് മരവിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാവും. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയാല്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ നാലുദിവസത്തെ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.