
മലപ്പുറം: പണമിടപാടില്‍ വലിയ ലാഭം വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണവും സ്വര്‍ണവും ഭൂമിയുടെ ആധാരവും കൈക്കലാക്കി ദമ്പതിമാര്‍ വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. മലപ്പുറം മുണ്ടുപറമ്പ് തെക്കുംപുറം മുജീബ് റഹ്മാന്‍, ഭാര്യ ബജീന, മക്കളായ ജസീം, ജിതിന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേ തട്ടിപ്പിനിരയായ 21 പേരാണ് രംഗത്തെത്തിയത്. 786.5 പവന്‍ സ്വര്‍ണവും 3.88 കോടി രൂപയും നഷ്ടമായെന്നാണ് ആരോപണം.
ആറുപേര്‍ ബുധനാഴ്ച മലപ്പുറം പോലീസിലും 15 പേര്‍ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. മഞ്ചേരി, മുണ്ടുപറമ്പ്, തിരൂര്‍, മമ്പാട്, നറുകര, വട്ടപ്പാറ, കൂട്ടിലങ്ങാടി, പഴമള്ളൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവരാണ് പരാതിക്കാര്‍. മുജീബ് റഹ്മാന്റെ ബന്ധുവായ കോട്ടയ്ക്കല്‍ സ്വദേശിക്ക് നഷ്ടമായത് 301 പവന്‍ സ്വര്‍ണവും 51. സെന്റ് സ്ഥലവുമാണ്.
ഏറെപേര്‍ വഞ്ചിതരായെന്നാണ് വിവരം. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. 2018 മുതല്‍ പ്രശ്നമുണ്ട്. പത്രവിതരണം ചെയ്യുന്ന പതിനഞ്ചോളം വണ്ടികളുടെ ഉടമയായ മുജീബ് റഹ്മാന്‍, കൂറിയര്‍ സര്‍വീസ് കമ്പനിയുണ്ടെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു. ആഡംബര കാറുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പല കാരണങ്ങള്‍ പറഞ്ഞാണ് പണവും സ്വര്‍ണവും ആധാരവും കൈക്കലാക്കിയത്. കച്ചവടത്തില്‍ നിക്ഷേപിക്കാനെന്ന വ്യാജേന ചിലരില്‍നിന്ന് പണവും സ്വര്‍ണവും വാങ്ങി. മറ്റുചിലരുടെ ചെറിയ ബാങ്ക് വായ്പയെടുക്കുകയും ചെയ്തു.
മങ്കടയിലെ ഒരു സഹകരണബാങ്കിന്റെ ബ്രാഞ്ചില്‍നിന്നാണ് വായ്പ തരപ്പെടുത്തിയത്. തട്ടിപ്പില്‍ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷണിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. പണം തിരികെ ചോദിച്ചു ചെന്നവരെ ദമ്പതിമാരും കുടുംബവും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.