
അടിമാലി: മാമലക്കണ്ടം എളംബ്ലാശ്ശേരി ഉന്നതിയില്‍ യുവാവ് തൂങ്ങിമരിച്ചതിന് പിന്നാലെ സമീപവാസിയായ യുവതിയും തൂങ്ങിമരിച്ചനിലയില്‍. ഉന്നതിയില്‍ താമസിക്കുന്ന വാസുവിന്റെ മകന്‍ വിജയ് (19), ദേവയാനിയുടെ കൊച്ചുമകള്‍ അമൃത (18) എന്നിവരാണ് രണ്ടുദിവസത്തെ വ്യത്യാസത്തില്‍ മരിച്ചത്.
ഇരുവരും ഏതാനുംനാളുകളായി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി കഴിഞ്ഞ ദിവസം വിജയ്യുടെ വീട്ടില്‍ പ്രശ്‌നമുണ്ടായി. പിന്നീട് വിജയ്യുടെ മാതാവ് അയല്‍വീട്ടില്‍ പോയപ്പോള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിജയ് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് ഉന്നതിയില്‍ വിജയ്യുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മരണവിവരം അറിഞ്ഞത് മുതല്‍ അമൃത മാനസികദുഃഖത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ അമൃത വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി, 500 മീറ്റര്‍ അകലെയുള്ള സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം
വ്യാഴാഴ്ച രാവിലെയാണ് ഉന്നതി നിവാസികള്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച കോതമംഗലത്തെ താലൂക്കാശുപത്രിയില്‍ അമൃതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച ഉന്നതിയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. വിജയ് വിദ്യാഭ്യാസം കഴിഞ്ഞ് കൂലിവേലയുമായി കഴിയുകയായിരുന്നു. അമൃത പ്ലസ്
ടു വിദ്യാഭ്യാസത്തിനുശേഷം കോതമംഗലത്ത് ടി.ടി.സി.ക്ക് പഠിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ മാതാവ് മരിച്ചുപോയ അമൃത മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.