
ന്യൂയോര്‍ക് :അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിക്കുന്ന ശക്തമായ താങ്ക്‌സ്ഗിവിംഗ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് അതീവ ജാഗ്രത. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രശസ്തമായ മാസിസ് താങ്ക്‌സ്ഗിവിംഗ് പരേഡ് മാറ്റിവെച്ചു. ഫിലാഡല്‍ഫിയയിലെ പരേഡ് ഇന്‍ഡോര്‍ വേദിയിലേക്ക് മാറ്റി.
വെസ്റ്റ് വിര്‍ജീനിയ മുതല്‍ ന്യൂജേഴ്സി വരെയുള്ള ഒന്‍പത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായി. പെന്‍സില്‍വാനിയ (2.3 ലക്ഷം), മേരിലാന്‍ഡ് (1.6 ലക്ഷം), ന്യൂജേഴ്സി (1.4 ലക്ഷം) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തടസ്സം നേരിട്ടത്.
മേരിലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ ശക്തമായ കാറ്റില്‍ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി. റോക്ക്വില്ലില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് കുടുങ്ങിയ രണ്ടുപേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ആളപായമില്ല.
അഞ്ച് കോടിയിലധികം ആളുകള്‍ക്ക് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിര്‍ജീനിയ മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെയുള്ള പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബര്‍ അവസാനമുണ്ടായ പ്രളയത്തിലും കൊടുങ്കാറ്റിലും നാശനഷ്ടമുണ്ടായ ഫ്‌ലോറിഡയ്ക്കായി 100 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ സഹായം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.