Image

കോവളം സ്പാ പീഡനക്കേസ്: തിരുനെല്‍വേലി സ്വദേശിയായ ഇടപാടുകാരന്‍ പിടിയില്‍, ഇതുവരെ അറസ്റ്റിലായത് 14 പേര്‍

Published on 27 November, 2026
 കോവളം സ്പാ പീഡനക്കേസ്: തിരുനെല്‍വേലി സ്വദേശിയായ ഇടപാടുകാരന്‍ പിടിയില്‍, ഇതുവരെ അറസ്റ്റിലായത് 14 പേര്‍

 

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ വച്ച് ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരു ഇടപാടുകാരനെ കൂടി അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശിയായ വീരപാണ്ഡ്യനാണ് പിടിയിലായത്. തിരുനെല്‍വേലിയിലെ വ്യാപാരികള്‍ക്ക് പലിശയ്ക്ക് പണം നല്‍കുന്നയാളാണ് ഇയാള്‍. പ്രതിയുടെ നാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ അഞ്ച് തവണ പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായില്‍ വച്ച് മൂന്ന് തവണയും കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് രണ്ട് തവണയുമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. രാത്രികാലങ്ങളില്‍ കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനായി പ്രതി സജിത്തിന് 30,000 രൂപ നല്‍കിയിരുന്നു. ഹോട്ടലില്‍ എത്തിച്ച ശേഷം മറ്റ് ഇടപാടുകാരില്‍നിന്ന് ഒരു ദിവസത്തേക്ക് 30,000 മുതല്‍ 40,000 രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമയ്ക്ക് പൊലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ ഈ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഇതില്‍ ആറുപേര്‍ ഇടപാടുകാരാണ്. സ്പാ ഉടമകള്‍, ഇവരുടെ ബിനാമികള്‍, പെണ്‍കുട്ടിയെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടപാടുകാര്‍ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക