
ആലപ്പുഴ: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫ്‌ലക്സ് ബോര്‍ഡ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. കെ സി വേണുഗോപാല്‍ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഫ്‌ലക്സ് ബോര്‍ഡ് എടുത്ത് കളയുന്നത് സിസിടിവിവില്‍ പതിഞ്ഞിരുന്നു. ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികള്‍ക്കായി പ്രാദേശിക ഫണ്ടില്‍ നിന്നും പണം അനുവദിച്ചതിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു ഫ്‌ലക്സ്. ഐഎന്‍ടിയുസി സ്ഥാപിച്ച ഫ്‌ലക്സ് ബോര്‍ഡ് ആണ് നശിപ്പിച്ചത്.
അതേസമയം, കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് യുദ്ധം തുടരുകയാണ്. കോഴിക്കോട് ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡുകള്‍.
ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങള്‍ കൊണ്ടും ഈ ജനകീയ മുഖത്തെ തകര്‍ക്കാനാവില്ല എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പറയുന്നത്. 'പ്രവര്‍ത്തകര്‍ക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര. ആ ചോരയാണ് ഇതിന് സാക്ഷി' എന്നാണ് ഫ്‌ലക്‌സിലെ വാചകം.