
ബ്രിട്ടനിൽ നിന്നു യുഎസിൽ മൂന്നു മാസം മുൻപ് മാത്രം എത്തിയ ഇന്ത്യൻ വംശജനായ ഫുട്ബോൾ കളിക്കാരൻ മിസിസിപ്പിയിൽ വെടിയേറ്റു മരിച്ചു. 18 വയസ് മാത്രമുള്ള കൃഷ് മഹാത്മയ്ക്കു വെടിയേറ്റത് ജാക്സണിൽ ഗ്രീൻ ഗോസ്റ്റ് ടാക്കോസ് എന്ന മെക്സിക്കൻ റെസ്റ്റോറന്റിനു മുന്നിൽ വച്ചാണ്. ഞായറാഴ്ച്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു ആക്രമണം.
കോപ്പിയ ലിങ്കൺ കമ്മ്യൂണിറ്റി കോളജ് വുൾവ്സ് ടീമിൽ കളിച്ചിരുന്ന മഹാത്മാ ടീമിലെ മറ്റു കളിക്കാർക്കൊപ്പം റെസ്റ്റോറന്റിനു പുറത്തു നിൽക്കുമ്പോൾ മദ്യപിച്ച ഒരാൾ വഴക്കിനു ചെന്നു എന്നാണ് 'ഡെയ്ലി മെയിൽ' റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വഴക്കു മൂത്തപ്പോൾ അയാൾ തോക്കെടുത്തു വെടി വച്ചു. വെടിയേറ്റത് മഹാത്മയ്ക്കാണ്.
സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹാത്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡാനി ലൂണ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയെന്നു പോലീസ് അറിയിച്ചു.
ഫോർവേഡ് ആയി കളിക്കുന്ന മഹാത്മാ ലണ്ടനിലാണ് ജനിച്ചത്. മെച്ചപ്പെട്ട ജീവിതം തേടിയാണ് യുഎസിൽ മൂന്നു മാസം മുൻപ് എത്തിയത്. പുതിയ ടീമിൽ 14 പ്രാവശ്യം കളിച്ച മഹാത്മ ഒരു പ്രാവശ്യം ടീമിനു വിജയ ഗോൾ നേടിക്കൊടുക്കുകയും ചെയ്തു.
ഇംഗ്ലണ്ടിൽ വാട്ഫോഡ് എ ടീമിനു വേണ്ടി അണ്ടർ 16 ലീഗിൽ കളിച്ചിരുന്നു. ഫെബ്രുവരിയിലാണ് കോപ്പിയ ലിങ്കൺ കമ്മ്യൂണിറ്റി കോളജ് അദ്ദേഹത്തെ എടുക്കുന്നതായി പ്രഖ്യാപിച്ചത്.
Indian teen footballer from UK shot dead in US