Image

കിഴക്കൻ യുഎസ് കൊടുംകാറ്റിലും മഴയിലും സ്തംഭിച്ചു, ഒഴിവുകാല യാത്രകൾ മുടങ്ങി, പലേടത്തും പ്രളയം (പിപിഎം)

Published on 27 November, 2026
കിഴക്കൻ യുഎസ് കൊടുംകാറ്റിലും മഴയിലും സ്തംഭിച്ചു,  ഒഴിവുകാല യാത്രകൾ മുടങ്ങി, പലേടത്തും പ്രളയം (പിപിഎം)


താങ്ക്സ്ഗിവിംഗ് ഒഴിവുകാലത്തെ താളം തെറ്റിച്ച കൊടുംകാറ്റ് കിഴക്കൻ യുഎസിൽ ജനജീവിതം സ്തംഭിപ്പിച്ചു. പലേടത്തും വെള്ളപ്പൊക്കം ഉണ്ടായി, യാത്രകൾ സ്തംഭിച്ചു. 825,000 പേർക്കു വൈദ്യുതി നഷ്ടമായെന്നാണ് കണക്ക്. 

മിസൂറി മുതൽ ന്യൂ യോർക്ക് വരെ വ്യാപകമായി  കനത്ത മഴ പെയ്തു. മിഡ്-അറ്റ്ലാന്റിക്കിലും നോർത്ത്ഈസ്റ്റിലും കൊടുംകാറ്റിൽ ജീവിതം സ്തംഭിച്ചു. മിഡ്വെസ്റ്റിൽ നല്ല മഞ്ഞുവീഴ്ച ഉണ്ടായി. 

തീരപ്രദേശങ്ങളിൽ റെക്കോർഡ് പ്രളയമാണു കണ്ടതെന്നു റിപ്പോർട്ടുകൾ പറയുന്നു.

കനത്ത കാറ്റിൽ നാശനഷ്ടം ഉണ്ടായതു മൂലം  പെൻസിൽവേനിയയെയും ന്യൂ ജേഴ്സിയെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാലമായ കൊമോഡോർ ബാരി ബ്രിജ് അടച്ചിടേണ്ടി വന്നു. പാലം യാത്രയ്ക്ക് സുരക്ഷിതമല്ലെന്നു ഡെലവെയർ റിവർ പോർട്ട് അതോറിറ്റി പറഞ്ഞു. മണിക്കൂറിൽ 50 മുതൽ 70 വരെ മൈൽ വേഗതയിൽ കാറ്റടിക്കുന്നതു കൊണ്ട് റിപ്പയർ ചെയ്യാൻ സമയമെടുക്കുകയും ചെയ്യും.

മെരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിൽ മരം വീണു അപകടം ഉണ്ടായെന്നു റിപ്പോർട്ടുണ്ട്. വീടിനു മേൽ മരം വീണെങ്കിലും ആളപായം ഉണ്ടായില്ല.

ന്യൂ യോർക്ക് സിറ്റിയിൽ പ്രളയ ജലത്തിൽ കുടുങ്ങിയ വാഹനത്തിൽ നിന്നു രണ്ടു പേരെ രക്ഷിച്ചതായി മേയർ സോഹ്രാൻ മാംദാനി അറിയിച്ചു. എല്ലാവരും വീടുകൾക്കുള്ളിൽ സുരക്ഷിതരായി കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു.

ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂ ജേഴ്‌സിയിൽ മാർഗേയ്റ്റ് സിറ്റിയിൽ വെള്ളപ്പൊക്കം വെള്ളിയാഴ്ച്ച രാവിലെയും ആവർത്തിക്കുമെന്ന് താക്കീതുണ്ട്.  

ഫ്ലൈറ്റുകൾ വൈകുമെന്ന് എഫ് എ എ താക്കീതു നൽകി. വാഷിംഗ്ടൺ ഡള്ളസ് ഇന്റർനാഷനൽ, റൊണാൾഡ്‌ റെയ്ഗൻ, ബാൾട്ടിമോർ/ വാഷിംഗ്ടൺ ഇന്റർനാഷനൽ തുർഗുഡ് മാർഷൽ എയർപോർട്ട് എന്നിവിടങ്ങളിൽ കാറ്റു മൂലം വിമാനഗതാഗതം അസാധ്യമായി. സാൻ ഫ്രാൻസിസ്‌കോ എയർപോർട്ടിനെയും കാറ്റു ബാധിച്ചു.

മിഡ്വെസ്റ്റിൽ കിഴക്കൻ മിസൂറിയുടെ പല ഭാഗങ്ങളിലും ഒരടിയിലധികം മഞ്ഞു വീണു. മഴയുമുണ്ട്.

വെസ്റ്റേൺ ഇല്ലിനോയിൽ കനത്ത മഴ പെയ്തു. ഗ്രെയ്റ്റ് ലെയ്ക്സ്, ഒഹായോ വാലി എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്തു. ലുയിവിൽ, കെന്റക്കി, സിൻസിനാറ്റി എന്നിവിടങ്ങളിലെല്ലാം നല്ല മഴയാണ്. ഉത്തര-മധ്യ ടെന്നസിയിൽ മഴ മാറി മഞ്ഞു വീഴുമെന്നു പ്രവചനമുണ്ട്.

പടിഞ്ഞാറൻ വാഷിംഗ്ടൺ, ഒറിഗൺ എന്നിവിടങ്ങളിൽ ഇടവിട്ടു മഴ പെയ്തു.  

Thanksgiving storm batters eastern US, leaves over 724,000 without power 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക