
ചെന്നൈ: തമിഴ്‌നാട് സർക്കാർ സർവീസിലുള്ള പുരുഷ ജീവനക്കാർക്ക് പിതൃത്വ അവധി അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാടിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പുരുഷ ജീവനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്കാണ് 15 ദിവസത്തെ പിതൃത്വ അവധി ലഭിക്കുക. കുഞ്ഞിൻ്റെ പ്രതീക്ഷിക്കുന്ന ജനനത്തീയതിക്ക് 15 ദിവസം മുൻപോ, അല്ലെങ്കിൽ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി ലഭിക്കുന്നുണ്ട്. സമാനമായ രീതിയിൽ തങ്ങൾക്കും അവധി അനുവദിക്കണമെന്ന പുരുഷ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാരിൻ്റെ ഈ നിർണായക നീക്കം.
കുഞ്ഞിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള സമയം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നിർണായകമാണ്. ഈ ഘട്ടത്തിൽ അമ്മയ്ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നൽകാനും കുഞ്ഞിനെ പരിചരിക്കാനും പിതാവിൻ്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
വനിതാ ജീവനക്കാർക്ക് നൽകുന്ന 365 ദിവസത്തെ പ്രസവാവധി മാതൃത്വത്തിനും ശിശുക്ഷേമത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തെയാണ് കാണിക്കുന്നത്. അതുപോലെ, പിതൃത്വ അവധി നൽകുന്നതിലൂടെ കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കിടാനും കുഞ്ഞിനെ വളർത്തുന്നതിൽ പിതാവിൻ്റെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാരിൻ്റെ ഈ പുതിയ തീരുമാനത്തെ വലിയ ആവേശത്തോടെയാണ് തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തിരിക്കുന്നത്.