
കണ്ണൂർ പയ്യന്നൂർ ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പൊതുയോഗത്തിലായിരുന്നു പ്രസംഗം.
1987 ൽ കാസർകോട് ജില്ലയിലെ ചീമേനി കൂട്ടക്കൊലക്കേസിനെ പരാമർശിച്ചുകൊണ്ടായിരുന്നു മധുസൂദനന്റെ മുന്നറിയിപ്പ്. അഞ്ച് സിപിഎം പ്രവർത്തകരെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ചുട്ടുകൊന്ന സംഭവത്തിൽ ഒരു കോടതിയും ആരെയും ശിക്ഷിച്ചിട്ടില്ലെന്നും എന്നാൽ കേസിലെ പ്രതികളാരും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്നും മധുസൂദനൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പാർട്ടിയെ പരിഹസിക്കുന്നവർക്കും മധുസൂദനൻ മുന്നറിയിപ്പ് നൽകി. പാർട്ടി കണക്കുചോദിക്കാൻ തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്നായിരുന്നു പരാമർശം. പാർട്ടിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും പാർട്ടിക്കെതിരെ തെരുവിലിറങ്ങിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുൻ എംഎൽഎ മുന്നറിയിപ്പ് നൽകി.
ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി വിധിയിൽ പറയാതിരുന്നത് ഭാഗ്യമാണെന്ന പരിഹാസത്തോടെയാണ് മധുസൂദനൻ വിധിയെ വിമർശിച്ചത്. എയർ കണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് ജഡ്ജി കവിത ഉദ്ധരിച്ചെന്നും വിമർശിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ അടിച്ചമർത്താൻ ജുഡീഷ്യറി ഭരണകൂട താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും മധുസൂദനൻ ആരോപിച്ചു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നുവെന്ന കാരണത്താൽ ഒന്നാം സാക്ഷിയുടെ മൊഴി കോടതി തള്ളിക്കളഞ്ഞതിനെയും മധുസൂദനൻ വിമർശിച്ചു.
2016ൽ സിപിഐ എം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു മധുസൂദനന്റെ പ്രസംഗം. കേസിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ 16 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
കൊലവിളി പ്രസംഗം; മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി
കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് സി.വി. ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രസംഗത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണെന്നും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഒരു മുന്‍ ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നാട്ടില്‍ സമാധാനമല്ല, മറിച്ച് കലാപമാണ് സൃഷ്ടിക്കുക. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതും കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാടാണിത്. വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ മധുസൂദനന് തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുന്‍ എംഎല്‍എയുടെ വിവാദ പ്രസംഗം. കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും, ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓര്‍ക്കണമെന്നുമായിരുന്നു മധുസൂദനന്റെ ഭീഷണി.
കൊലവിളി കാരണമാണ് പാര്‍ട്ടിക്ക് പയ്യന്നൂരിലെ സീറ്റുപോലും കിട്ടാഞ്ഞത്; മധുസൂദനനെതിരെ ആഞ്ഞടിച്ച് മുരളീധരന്
തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനന് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ. മുരളീധരന്. ഇത്തരം അക്രമരാഷ്ട്രീയവും കൊലവിളികളുമാണ് പയ്യന്നൂരിലെ സീറ്റ് പോലും ഇടതുപക്ഷത്തിന് നഷ്ടപ്പെടാന്‍ കാരണമായതെന്ന് അദ്ദേഹം പരിഹസിച്ചു. 'ജെന്‍സി' (Gen Z) കാലഘട്ടത്തില്‍ ഇത്തരം പഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ ചെലവാകില്ലെന്നും ഭീഷണിപ്പെടുത്തിയാല്‍ കൈയും കെട്ടി നോക്കിയിരിക്കുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
നിയമം കൈയിലെടുക്കാനോ ട്രാക്ക് വിട്ട് സഞ്ചരിക്കാനോ ശ്രമിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. വിധി പ്രസ്താവിച്ച ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും കാലഹരണപ്പെട്ട രീതിയാണ്. 'കോടതി വെറുതെ വിട്ടാലും ഞങ്ങള്‍ വെറുതെ വിടില്ല' എന്ന പഴയകാല ധാര്‍ഷ്ട്യമൊന്നും ഇനി കേരളത്തില്‍ വിലപ്പോകില്ലെന്നും ആര്‍ക്കും ആരാച്ചാറുടെ ചുമതല നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിധി യുഡിഎഫിനെ സംബന്ധിച്ച് ഏറെ വേദനയുണ്ടാക്കിയ ഒന്നായിരുന്നിട്ടുപോലും ജുഡീഷ്യറിയെ ബഹുമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു മുന്‍ എംഎല്‍എയുടെ വിവാദ പ്രസംഗം.
കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിന് പാര്‍ട്ടിക്ക് മടിയില്ലെന്നുമായിരുന്നു മധുസൂദനന്റെ ഭീഷണി. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും, തെരുവിലിറങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മധുസൂദനന് പറഞ്ഞിരുന്നു.