Image

ക്ലാസ്മുറിയില്‍ വെടിയേറ്റ സംഭവം; വിദ്യാര്‍ഥിയുടെ അമ്മയ്ക്കെതിരേ കേസെടുത്തു

Published on 26 November, 2026
 ക്ലാസ്മുറിയില്‍ വെടിയേറ്റ സംഭവം; വിദ്യാര്‍ഥിയുടെ അമ്മയ്ക്കെതിരേ കേസെടുത്തു

 

പട്ടാമ്പി: പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവത്തില്‍, സ്‌കൂളിലേക്ക് തോക്കുകൊണ്ടുവന്ന വിദ്യാര്‍ഥിയുടെ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. ലൈസന്‍സില്ലാതെ തോക്ക് കൈവശംവെച്ചതിനാണ് കേസ്.

രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ നടപടിയുണ്ടാവൂയെന്ന് തൃത്താല സബ് ഇന്‍സ്പെക്ടര്‍ എം.എസ്. സത്യജിത്ത് അറിയിച്ചു. തോക്കുകൊണ്ടുവന്ന കുട്ടിയുടെ വീട്ടുകാരുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മുത്തച്ഛന്റേതാണ് തോക്കെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിര്‍മിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടന്‍ റിവോള്‍വറാണിത്. ഇതെങ്ങനെ ലഭിച്ചുവെന്നതടക്കം അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവൂ. പഴയ വെടിയുണ്ടകളാണുണ്ടായിരുന്നതെങ്കിലും തോക്ക് പ്രവര്‍ത്തനസജ്ജമായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചൊവ്വാഴ്ചരാത്രി സ്‌കൂളില്‍ ഫൊറന്‍സിക് വിഭാഗമെത്തിയിരുന്നു. ക്ലാസ് മുറിയിലെ സാംപിളുകള്‍ ശേഖരിച്ചു. ഇവ ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. തോക്കുകൊണ്ടുവന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ബുധനാഴ്ച പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. കുട്ടിയുടെ ശിക്ഷ സംബന്ധിച്ച് ബോര്‍ഡാണ് തീരുമാനിക്കുക. പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയില്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്. കൂട്ടുകാരെ കാണിക്കാനായി വീട്ടില്‍നിന്ന് കൊണ്ടുവന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. 11 തിരകള്‍ നിറയ്ക്കാവുന്ന തോക്കില്‍ അഞ്ചെണ്ണമാണുണ്ടായിരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക