
നെടുമ്പാശ്ശേരി: വിമാനയാത്രയ്ക്കിടെ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.20-ന് അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് അടിപിടിയുണ്ടായത്. തൃശ്ശൂര്‍ അകലാട് കല്ലുവളപ്പില്‍ യൂസഫിന് (52) ആണ് പരിക്കേറ്റത്. യൂസഫിന്റെ പരാതിയില്‍ വൈറ്റില തൈക്കൂടം വെട്ടയ്ക്കല്‍ വീട്ടില്‍ റോഷനെ (25) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
യൂസഫും റോഷനും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. യൂസഫിനൊപ്പം മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് റോഷനെ കളിയാക്കിയെന്നാണ് റോഷന്‍ മൊഴി നല്‍കിയിരിക്കുന്നത്. വാക്കുതര്‍ക്കം മൂത്തപ്പോള്‍ റോഷന്‍ യൂസഫിന്റെ മുഖത്ത് കൈകൊണ്ട് ഇടിച്ചു. ഇതേത്തുടര്‍ന്ന് യൂസഫിന്റെ കണ്ണട പൊട്ടുകയും വലതുകണ്ണിന് സമീപം മുറിവുണ്ടാവുകയും ചെയ്തു. പിന്നീട് റോഷന്‍ ബെല്‍റ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തില്‍ മുറുക്കുകയും ചെയ്തു.
സഹയാത്രികരും വിമാന ജീവനക്കാരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. വിമാനം കൊച്ചിയിലെത്തിയപ്പോള്‍ ഇരുവരെയും സുരക്ഷാവിഭാഗം നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇന്‍ഡിഗോ സുരക്ഷാ വിഭാഗം നല്‍കിയ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. യൂസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. റോഷനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.