
ആലപ്പുഴ: തടവുകാര്‍ക്ക് കൂട്ടത്തോടെ ചിക്കന്‍പോക്‌സ് പിടിപെട്ടതോടെ ജില്ല ജയിലിലേക്ക് പുതിയ തടവുകാരെ പ്രവേശിപ്പിക്കുന്നതു നിര്‍ത്തിവെച്ചു. 16 തടവുകാര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ട സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ശുപാര്‍ശപ്രകാരമാണ് നടപടി.
രോഗബാധിതരെ പ്രത്യേക സെല്ലില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മറ്റു തടവുകാരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രതിരോധമരുന്നും നല്‍കി. ഒക്ടോബര്‍ 15-നാണ് ആദ്യം ചിക്കന്‍പോക്‌സ് ജയിലില്‍ റിപ്പോര്‍ട്ടുചെയ്തത്. പിന്നീട് പലപ്പോഴായി എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരുജീവനക്കാരനും ഉള്‍പ്പെടുന്നു. അന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും രോഗം നിയന്ത്രിക്കാനായില്ല. ഒരുമാസത്തിനിടെ 24 പേര്‍ക്കാണ് രോഗം ബാധിച്ചത്.
പ്രതികളെ ഇനി സബ്ജയിലിലേക്കോ മറ്റു ജയിലുകളിലേക്കോ അയക്കും. നിലവില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ പേരാണ് ജില്ല ജയിലിലുള്ളത്. 84 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമുള്ളിടത്ത് 126 വരെയാണുള്ളത്. ഒരുസെല്ലില്‍ 12 പേരെ വരെ പാര്‍പ്പിക്കാറുണ്ട്. അതിനാല്‍, പലരും ശ്വാസംമുട്ടിയാണ് കഴിയുന്നത്. മനുഷ്യാവകാശലംഘനമാണിതെന്ന അഭിപ്രായവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്.
വായുസഞ്ചാരമില്ലാത്ത രീതിയിലാണ് ജയിലിലെ സെല്ലിന്റെ നിര്‍മാണമെന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഒരാള്‍ക്കു പിടിപെട്ടാല്‍ ആ സെല്ലിലുള്ള മുഴുവന്‍പേര്‍ക്കും പകരുന്ന സ്ഥിതിയാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിലുള്ള ആശങ്ക ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്.