
വാഷിംഗ്ടൺ ഡി.സി: ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ (Ramayana: Rise of a Legend) എന്ന പേരിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൽ രാമായണ ഇതിഹാസത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (VHPA) രംഗത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനം നിർത്തിവെക്കണമെന്നും, സ്വതന്ത്ര സമിതിയെക്കൊണ്ട് ചിത്രം പരിശോധിപ്പിച്ച് സെൻസർ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നവംബർ 23-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് വി.എച്ച്.പി.എ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.ചിത്രത്തിൽ ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ തുടങ്ങിയ ആരാധ്യരായ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്ന രീതി ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര സർക്കാരും, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും അടിയന്തരമായി ഇടപെടണമെന്ന് വി.എച്ച്.പി.എ ആവശ്യപ്പെട്ടു.
1970-ൽ സ്ഥാപിതമായ വി.എച്ച്.പി.എ, അഞ്ച് പതിറ്റാണ്ടിലേറെയായി ബാൽ വിഹാറുകളിലൂടെയും യുവജന ക്യാമ്പുകളിലൂടെയും അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളിലെ പുതുതലമുറയ്ക്ക് പാരമ്പര്യവും മൂല്യങ്ങളും പകർന്നുനൽകാൻ പ്രവർത്തിക്കുന്നുണ്ടെന്നും, ഇത്തരം തെറ്റായ ചിത്രീകരണങ്ങൾ പ്രവാസി സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വ്യക്തമാക്കി. പ്രാദേശികമായി ഹിന്ദു കുടുംബങ്ങളിലെ കുട്ടികൾ തങ്ങളുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാൻ പ്രധാനമായും കുടുംബങ്ങളെയും സാമൂഹിക സംഘടനകളെയുമാണ് ആശ്രയിക്കുന്നത് എന്നതിനാൽ, ഈ ആശങ്കകൾ അവർക്ക് ഏറെ ഗൗരവകരമാണെന്ന് വി.എച്ച്.പി.എ വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ തന്നെ, പുണ്യഗ്രന്ഥങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും ആരാധ്യ വ്യക്തിത്വങ്ങളെയും ഇകഴ്ത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറഞ്ഞു.
സിനിമയ്ക്കെതിരെ വി.എച്ച്.പി.എ ഉന്നയിക്കുന്ന പ്രധാന ഏഴ് ആരോപണങ്ങൾ:
ശ്രീരാമന്റെ ചിത്രീകരണം: ശ്രീരാമൻ ശാന്തത വെടിഞ്ഞ് പരശുരാമനോട് അനാദരവോടെ സംസാരിക്കുന്ന സീനിനെതിരെ വി.എച്ച്.പി.എ രംഗത്തെത്തി . താടക, ഖരൻ, ദൂഷണൻ എന്നിവരുമായുള്ള ഏറ്റുമുട്ടലുകളിൽ രാമനും ലക്ഷ്മണനും പിന്തിരിഞ്ഞോടുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ധീരരായ പോരാളികളെന്ന അവരുടെ ഇമേജിനെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നും പറയുന്നു.
രാവണന്റെ ചിത്രീകരണം : രാവണന്റെ ധാർമ്മിക നിലപാടുകളെ വെള്ളപൂശാൻ നടത്തിയ ശ്രമമെന്ന് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ വി.എച്ച്.പി.എ രാവണനെ പാവപ്പെട്ടവരെ സഹായിക്കുന്നവനും സ്ത്രീകളെ സംരക്ഷിക്കുന്നവനുമായ ഉദാരവാലുവായ ഭരണാധികാരിയായി ചിത്രീകരിക്കുന്നതിനെതിരെ രംഗത്തെത്തി. വാല്മീകി രാമായണത്തിൽ പരാമർശമില്ലാത്ത രാവണന്റെ അശ്വമേധ യാഗം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനെയും, ശിവഭക്തിയെ ആത്മീയ പശ്ചാത്തലമില്ലാതെ അവതരിപ്പിച്ചതിനെയും സംഘടന ചോദ്യം ചെയ്തു.
ധർമ്മം സംരക്ഷിക്കാനുള്ള ശ്രീരാമന്റെ അവതാരലക്ഷ്യത്തെ കേവലം വ്യക്തിപരമായ പ്രതികാരമായി ചുരുക്കിക്കാണിക്കുന്നുവെന്ന് വി.എച്ച്.പി.എ കുറ്റപ്പെടുത്തി. സീതാദേവിയെ ആക്രമിക്കാൻ ശൂർപ്പണഖ ശ്രമിച്ച ഭാഗം ഒഴിവാക്കി, വിവാഹാഭ്യർത്ഥന നടത്തിയ ഒരു സ്ത്രീയെ അംഗഭംഗം വരുത്തുന്ന രീതിയിലാണ് ശൂർപ്പണഖയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് .
സമർപ്പണത്തിന്റെയും ആത്മാര്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന ലക്ഷ്മണനെ അഹങ്കാരിയും പരിഹാസരൂപേണ സംസാരിക്കുന്നവനുമായി ചിത്രീകരിച്ചു.
കൂടാതെ, സീതാദേവി ശാരീരികമായി യുദ്ധം ചെയ്യുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത സംഘടന, അതേസമയം രാവണനാൽ അപഹരിക്കപ്പെട്ടപ്പോഴും തടവിൽ കഴിഞ്ഞപ്പോഴും സീത നടത്തിയ ശക്തമായ ചെറുത്തുനിൽപ്പുകളെ ചിത്രത്തിൽ കുറച്ചുകാണിച്ചതായും ആരോപിച്ചു.
അഹല്യാ മോക്ഷം, നിഷാദരാജ് ഗുഹയുമായുള്ള ശ്രീരാമന്റെ സൗഹൃദം തുടങ്ങിയ രംഗങ്ങൾ ഒഴിവാക്കിയതിനെ വിമർശിച്ച സംഘടന സാമൂഹിക സമത്വത്തെയും ശ്രീരാമന്റെ എളിമയെയും വ്യക്തമാക്കുന്ന കേവട് പ്രസംഗം സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതിലും എതിർപ്പ് അറിയിച്ചു .
രാമായണ പണ്ഡിതരോ, സംസ്കൃത പണ്ഡിതരോ, ഹിന്ദു മതനേതാക്കളോ അടങ്ങുന്ന സമിതിയുടെ അഭിപ്രായം തേടാതെയാണോ സി.ബി.എഫ്.സി ചിത്രത്തിന് പ്രദർശനാനുമതി നൽകിയതെന്ന് വി.എച്ച്.പി.എ ചോദിച്ചു.
വിവാദ രംഗങ്ങൾ പരിശോധിക്കാൻ പണ്ഡിതരും മതനേതാക്കളും ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നും, ഈ രംഗങ്ങൾക്ക് ആധാരമായ ഗ്രന്ഥങ്ങൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നിർദ്ദേശിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വി.എച്ച്.പി.എ ആവശ്യപ്പെട്ടു .