
ജീർണിച്ചു പോയ അഞ്ചു ടണ്ണോളം സ്‌ഫോടക വസ്തുക്കൾ യുഎസ് ആർമി നശിപ്പിച്ചു. അയോവയിലെ ആയുധപ്പുരയിൽ കാലമേറെ ചെന്ന ലെഡ് അസൈഡ് (Lead azide) പൊട്ടിത്തെറിക്കുന്നതിൽ പരിസ്ഥിതി സംരക്ഷണ വാദികൾ വലിയ ആശങ്ക ഉയർത്തിയിരുന്നു.
സ്ഫോടനം കഴിഞ്ഞു പരിസര പ്രദേശങ്ങളിലെ വായുവിൽ ലെഡിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നു ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന തുടരുന്നുണ്ട്.
അയോവ മിഡിൽടൗണിൽ ആർമി അമ്മ്യുണിഷൻ പ്ലാന്റിലാണ് ബുധനാഴ്ച്ച നശീകരണം നടത്തിയത്. അഞ്ചു മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിലും വായുവിൽ ലെഡ് കണ്ടെത്തിയില്ലെന്നു ഇ പി എ അഡ്മിനിസ്ട്രേറ്റർ ലീ സെൽഡീനെ ഉദ്ധരിച്ചു വൈറ്റ് ഹൗസ് പറഞ്ഞു.
68 ഡ്രമ്മുകളിലായി 9,700 പൗണ്ട് ലെഡ് അസൈഡ് ജീർണിച്ചു ഘനീഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നു ആർമി പറഞ്ഞു. മണ്ണ് നിറച്ച ബാരിയറുകളും ലക്ഷക്കണണക്കിനു ഗാലൻ വെള്ളവും സുരക്ഷയ്ക്ക് ഉപയോഗിച്ചാണ് നശീകരണം നടത്തിയത്. പരിസരവാസികൾക്കു തത്കാലത്തേക്കു മാറി നിൽക്കാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുത്തു.
ലെഡ് അസൈഡ് പൊട്ടിത്തെറിയിലൂടെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരായ അപേക്ഷകൾ തിങ്കളാഴ്ച്ച കോടതി അന്തിമമായി തള്ളിയിരുന്നു. എല്ലാ ജീവജാലങ്ങൾക്കും അപകടമാവുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ നിറയുമെന്ന ആശങ്ക ഉയര്ന്നിരുന്നു.
US destroys Iowa explosives