
തിരുവനന്തപുരം: എൽപിഎസ്ടി സമരത്തിൽ മുഖ്യമ്രന്തി വിഡി സതീശൻ്റെ അഭിപ്രായത്തിനെതിരെ സമരം തുടരുമെന്ന് വളർമതി. അധ്യാപക- വിദ്യാർഥി അനുപാതം വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് പിന്നാലെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി കൺവീനറും ആക്ഷൻ കൗൺസിൽ സെക്രട്ടറിയുമായ വളർമതി അറിയിച്ചു.
രണ്ടു വർഷത്തെ റിട്ടയർമെൻ്റ് വേക്കൻസികൾ നൽകിയാൽ സമരം അവസാനിപ്പിക്കുമെന്നും വളർമതി സമരപ്പന്തലിൽ അറിയിച്ചു. ഒളിവിൽ പോകേണ്ട അവസ്ഥയിലായ താൻ ഒരു കുറ്റവാളി അല്ല. തന്നെ ബലമായി പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു. സർക്കാരിന് എങ്ങനെയാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്. നീതിക്ക് വേണ്ടിയാണ് സമരമെന്നും വളർമതി അഭിപ്രായപ്പെട്ടു.
നീതിക്കു വേണ്ടിയുള്ള സമരത്തിൽ എങ്ങനെയാണ് പിന്നോട്ട് പോകാൻ കഴിയുന്നത്. സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ അത് വെറും പറച്ചിൽ മാത്രമാണ്. സർക്കാരിൻ്റെ സമീപനം ശരിയാണോ. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ അനുകമ്പ ഉണ്ടായിരുന്നു. എങ്ങനെയാണ് ഇപ്പോൾ ഇങ്ങനെ പെരുമാറാൻ കഴിയുന്നത്. സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് പറയുന്നു. സാമ്പത്തിക ബാധ്യതയുടെ ഏത് കണക്കാണ് സർക്കാർ പുറത്തുവിട്ടിട്ടുള്ളത്. ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും നീതി കിട്ടിയില്ല. എന്ത് തൊഴിൽ ഉറപ്പാണ് കേരളത്തിലുള്ളത്. ചർച്ചയിൽ ഒരു കാര്യവുമില്ലെന്നും വളർമതി പറഞ്ഞു