
ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് വിമാനകമ്പനിയായ സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുന്നു. നിലവിൽ കമ്പനിയുടെ ആറ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. പ്രതിദിനം കഷ്ടിച്ച് 20-ലധികം സർവീസുകൾ മാത്രമാണ് ഇവ നടത്തുന്നത്. രണ്ട് ക്യു400 ടർബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എൻജി വിമാനങ്ങളുമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡൽഹി-മുംബൈ, ഡൽഹി-ശ്രീനഗർ, ഡൽഹി-ധരംശാല, പട്‌ന-ദർഭംഗ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ നടക്കുന്നത്.
സർവീസുകൾ നിരന്തരം മുടങ്ങുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. നവംബർ 22 വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 8,671 പരാതികളാണ് സ്‌പൈസ് ജെറ്റിനെതിരെ വ്യോമയാന മന്ത്രാലയത്തിന്റെ എയർസേവ പോർട്ടലിൽ ലഭിച്ചത്. ഇതിൽ 7,674 പരാതികളും നവംബർ 19-ന് ഒറ്റദിവസം രേഖപ്പെടുത്തിയതാണ്. തുടർച്ചയായ സർവീസ് റദ്ദാക്കലുകൾ, ചട്ടലംഘനങ്ങൾ, ടിക്കറ്റ് തുക തിരികെ നൽകുന്നതിലെ കാലതാമസം എന്നിവ ചൂണ്ടിക്കാട്ടി
നവംബർ 17-ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്‌പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിങ് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എയർലൈനിന്റെ നിലവിലെ സാഹചര്യം വിശദീകരിച്ചു.