Image

മിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ: ജെന്നിഫർ വിവാഹിതയാണ്, അമ്മയുമാണ്

Published on 25 November, 2026
മിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ: ജെന്നിഫർ വിവാഹിതയാണ്, അമ്മയുമാണ്

 


ആഴ്ചകളോളം നീണ്ട മത്സരങ്ങൾക്കൊടുവിൽ   മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. രാജ്യാന്തര സൗന്ദര്യമത്സരത്തിന്‍റെ 75ാമത് പതിപ്പിലാണ് ജെന്നിഫർ കിരീടം ചൂടിയത്. അതേസമയം, ഇന്ത്യയുടെ കെസിയ ലിസ് മെജോ ആദ്യ 30 പേരുടെ പട്ടികയിൽ ഇടംനേടി.

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരം നടന്നത്. 2025ൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിജയിയെ കിരീടം അണിയിച്ചു. 116 മത്സരാർഥികൾ ആഴ്ചകളോളം നീണ്ട മത്സരങ്ങളിൽ പങ്കെടുത്തു. വ്യക്തിഗത മികവുകൾ അവതരിപ്പിക്കുന്ന പരിപാടികളും വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളും മത്സരത്തിന്‍റെ ഭാഗമായി നടന്നു

 ഏഴു വയസുള്ള കുട്ടിയുടെ  അമ്മ കൂടിയാണ് ജെന്നിഫർ. ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടുന്ന അമ്മ എന്ന ചരിത്രം കൂടി സൃഷ്ടിച്ചാണ് ജെന്നിഫർ മത്സരവേദി വിടുന്നത്. ഇസബേലയിൽ നിന്നുള്ള സൈനികൻ യാൻ കാർലോസ് ബാരെറ്റോയാണ് ജെന്നിഫറിന്‍റെ ഭർത്താവ്. പെനെലപ്പി എന്നു പേരുള്ള മകളാണ് 27കാരിയായ ജെന്നിഫറിനുള്ളത്.

2025 മുതലാണ് ജെന്നിഫർ വിശ്വസുന്ദരി കിരീടത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അഞ്ച് അടി പതിനൊന്ന് ഇഞ്ച് ഉയരമുള്ള ജെന്നിഫർ മത്സരത്തിന്‍റെ ഭാഗമായി 32 കിലോഗ്രാമോളം ഭാരമാണ് കുറച്ചത്. മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ മത്സരത്തിൽ സാൻ സെബാസ്റ്റ്യാനോയെ പ്രതിനിധീകരിച്ചാണ് ജെന്നിഫർ മത്സരിച്ചത്.

2023 മുതലാണ് വിവാഹിതർ, ഗർഭിണികൾ എന്നിവർക്ക് മത്സരിക്കാം എന്ന രീതിയിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്‍റെ നിയമങ്ങളിൽ മാറ്റം വരുത്തിയത്. അതിനു മുൻപു വരെയും അവിവാഹിതരായ കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാത്രമാണ് മത്സരിക്കാൻ സാധിച്ചിരുന്നത്

സൈക്കളോജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലുമായി രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സേനാ ഡിപ്പാർട്മെന്‍റിലെ പ്രിവെൻഷൻ സ്പെഷ്യലിസ്റ്റാണ് ജെന്നിഫർ. വായനയും വോളിബോളുമാണ് ഇഷ്ടങ്ങൾ. പ്യൂർട്ടോ റിക്കോയിലെ സാമൂഹിക പ്രവർത്തനങ്ങളിലും ജെന്നിഫർ സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക