Image

തിരുവല്ല ബലാത്സംഗക്കേസ്: മൊബൈൽ ഫോൺ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

Published on 25 November, 2026
തിരുവല്ല ബലാത്സംഗക്കേസ്: മൊബൈൽ ഫോൺ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: തിരുവല്ല ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ്കോഡ് നൽകാൻ പ്രതിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഇതിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

​എന്നാൽ, പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ (Right against self-incrimination) ലംഘനമാകുമോ എന്ന വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ നിയമപ്രശ്നത്തിൽ വ്യക്തത വരുത്തുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അതേസമയം, അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത രണ്ട് ഫോണുകളിലും തനിക്ക് അനുകൂലമായ നിർണ്ണായക തെളിവുകളുണ്ടെന്നും പൊലീസ് അവ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.

​വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതി നൽകിയ പരാതിയിൽ ജനുവരി 10-ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ നിലപാട്. തുടർച്ചയായി മൂന്ന് ബലാത്സംഗ പരാതികൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക