Image

ധനരാജ് വധക്കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

Published on 25 November, 2026
ധനരാജ് വധക്കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ധനരാജ് വധക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ ധനരാജിന്റെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും, ഇതെല്ലാം മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമാക്കിയ അദ്ദേഹം പാർട്ടിക്കുള്ളിൽ യാതൊരുവിധ പോരുമില്ലെന്നും കൂട്ടിച്ചേർത്തു.

​അധികാരത്തിൽ വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സമരപ്പന്തൽ തകർക്കുകയാണുണ്ടായതെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം പച്ചക്കള്ളമാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ചുപോലും നിയമനം നടത്തിയ സർക്കാരായിരുന്നു എൽ.ഡി.എഫിന്റേത്. കാലടി സംസ്കൃത സർവകലാശാല വി.സിയെ വിദ്യാർഥികൾ ആക്രമിച്ചെന്ന നുണ മുഖ്യമന്ത്രി ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കോൺഗ്രസിലെ ആഭ്യന്തര പോര് സൈബർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തീർക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും കെ.സി. വേണുഗോപാലിനുമെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ വി.ഡി. സതീശൻ വിഭാഗമാണെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഇതിന്റെ ഗുണഭോക്താവ് അദ്ദേഹമായതുകൊണ്ടാണ്. രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളോടും മന്ത്രിസഭയിലെ തർക്കങ്ങളോടും പ്രതികരിക്കാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, തനിക്കെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങൾ പോലും നീക്കം ചെയ്യിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക