Image

മലപ്പുറത്ത് പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 61-കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും

Published on 25 November, 2026
മലപ്പുറത്ത് പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 61-കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും

മലപ്പുറം: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 61-കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ. തവനൂർ മറവഞ്ചേരി പറപ്പുത്ത് പറമ്പിൽ വാഴയിൽ വളപ്പിൽ വീട്ടിൽ മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതനായ കുട്ടിക്ക് നൽകാനും, ഇരകളുടെ നഷ്ടപരിഹാര പദ്ധതി പ്രകാരം കുട്ടിക്ക് കൂടുതൽ ധനസഹായം അനുവദിക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയോടും കോടതി നിർദേശിച്ചു.

​2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുറ്റിപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ പി.കെ. പത്മരാജനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിധി പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

​പൊന്നാനി അതിവേഗ പ്രത്യേക കോടതി മുൻ ജഡ്ജി സുബിത ചിറക്കലിന്റെ നേതൃത്വത്തിലാണ് കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരൻ എന്നിവർ ഹാജരായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതാണ് കോടതിയുടെ ഈ നിർണായക വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക