Image

പ്രായപൂർത്തി പരിധി 18 വയസ്സാക്കിയതിനെതിരെ ഹൈക്കോടതിയുടെ വിമർശനം; നെടുമ്പാശ്ശേരി അപകടത്തിൽ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Published on 25 November, 2026
പ്രായപൂർത്തി പരിധി 18 വയസ്സാക്കിയതിനെതിരെ ഹൈക്കോടതിയുടെ വിമർശനം; നെടുമ്പാശ്ശേരി അപകടത്തിൽ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: 18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മദ്യപിച്ച് 19-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള പരാമർശം. പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെയാണ് കോടതി വിമർശിച്ചത്.

​സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കിയാണ് കോടതി നിലപാട് വിശദീകരിച്ചത്. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്കെന്നും അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻവിധിയല്ല, മറിച്ച് പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 16 വയസ്സിലാണ് പ്രായപൂർത്തിയാകുന്നതെങ്കിൽ നിയമപരമായ പരിധിയും 16 ആകണമല്ലോ എന്നും ജസ്റ്റിസ് ബദറുദ്ദീൻ ചോദിച്ചു.

​അതേസമയം, 19-കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നത് തടയാൻ പുതിയ മദ്യനയത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക