
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി ഈ മണ്ഡലകാലത്ത് തന്നെ ഉണ്ടാകുമെന്ന് സൂചന നൽകി ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഡിസംബർ 18-ന് സുപ്രീം കോടതിയുടെ ക്രിസ്മസ് അവധി ആരംഭിക്കുന്നതിന് മുൻപായി വിശാല ബെഞ്ച് വിധി പ്രസ്താവിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടിരുന്നത്.
സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് നാഗരത്‌ന ഇക്കാര്യം സൂചിപ്പിച്ചത്. ക്‌നാനായ സമുദായത്തിന്റെ കേസ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയായാണ് ശബരിമല കേസിലെ വിധി ക്രിസ്മസ് അവധിക്ക് മുൻപ് ഉണ്ടാകുമെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കിയത്. ഇതേത്തുടർന്ന് ക്‌നാനായ കത്തോലിക്കാ സമുദായവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റി. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം പുരോഗമിക്കെ സുപ്രീം കോടതിയുടെ ഈ നീക്കം ഏറെ നിർണായകമാവുകയാണ്.