
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുറത്ത് ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. 1960-കൾക്ക് ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ സ്വകാര്യ ഡയറി പ്രസിദ്ധീകരിക്കുന്നത്. 12 വർഷം കത്തോലിക്കാ സഭയെ നയിച്ച ശേഷം 2025 ഏപ്രിലിൽ 88-ാം വയസ്സിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ 1992 മുതൽ 2024 വരെയുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
മുപ്പതിലേറെ വർഷക്കാലം കറുത്ത ചട്ടയുള്ള ഡയറിയിൽ ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ അദ്ദേഹം സ്വന്തം അനുഭവങ്ങൾ കുറിച്ചിരുന്നു. താൻ കണ്ടുമുട്ടിയ മനുഷ്യർ, ഭയങ്ങൾ, പിഴവുകൾ, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് താൻ വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡയറിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങൾ പിശാചിനെക്കുറിച്ചുള്ളവയാണ്. 2021-ലെ കുറിപ്പിൽ മൂന്നുതവണ ചെകുത്താനെ ദർശിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്
2021 ജനുവരി 24-ലെ കുറിപ്പിലാണ് തന്റെ മൂന്ന് അനുഭവങ്ങളെക്കുറിച്ച് മാർപാപ്പ പരാമർശിക്കുന്നത്. ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പായിരുന്ന കാലത്ത് കാറിൽ യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി സാത്താനെ കണ്ടതെന്നും, കർമ്മലീത്താ പള്ളിയിലെ ചാപ്പലിൽ വെച്ച് നടന്ന ചടങ്ങിനിടെ 'തീജ്വാല പോലുള്ള കണ്ണുകളോടെ' രണ്ടാമതും കണ്ടതായും അദ്ദേഹം കുറിച്ചു. 2018-ലെ ചിലി സന്ദർശനത്തിന് പിന്നാലെ റോമി വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനിടെയാണ് മൂന്നാമത്തെ അനുഭവമുണ്ടായത്; പിശാചിന്റെ "ഭീഷണിപ്പെടുത്തുന്ന" കണ്ണുകളും "ശക്തമായ പരുപരുത്ത" ശബ്ദവും മറക്കാനാവില്ലെന്ന് അദ്ദേഹം കുറിച്ചു. എല്ലാം കീഴടക്കിയ വിജയിയുടേതുപോലുള്ള ശബ്ദമായാണ് അത് തോന്നിയതെന്നും ഡയറിയിലുണ്ട്.
2018 ജൂൺ 7-ലെ കുറിപ്പിൽ, ഉറങ്ങുന്നതിന് മുൻപ് താൻ 'നരകത്തിന്റെ പ്രവേശനകവാടം' കണ്ടതായും ഭയന്ന് ജപമാല കയ്യിലെടുത്തതായും മാർപാപ്പ വ്യക്തമാക്കുന്നു. ചിലിയിലെ സഭാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വേദനയും ആശങ്കകളും ആ കാലയളവിൽ അദ്ദേഹത്തെ അലട്ടിയിരുന്നു.
2021 ജനുവരി മുതൽ 2022 അവസാനം വരെ താൻ വലിയൊരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയതായും, രോഗക്കിടയിലും സഭാ കാര്യങ്ങളിലും പ്രാർത്ഥനയിലും ആശ്വാസം തേടിയതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. തിന്മയുടെ ശക്തികളെ പ്രാർത്ഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയുമാണ് താൻ നേരിട്ടതെന്നും, വിശ്വാസികളെ വഴിതെറ്റിക്കാൻ സാത്താൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
ആധുനിക ലോകത്ത് പിശാചിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും, അതിനാൽ വിശ്വാസികൾ എപ്പോഴും ആത്മീയ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു
2025-ലാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്