
ഹിജാബ് ധരിക്കാതെ സംഗീത വീഡിയോ പുറത്തിറക്കിയതിന് ഇറാനിയൻ ഗായികയ്ക്ക് ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഗായിക പരസ്തൂ അഹമ്മദിക്കും, ഇവരുടെ സംഗീത വീഡിയോയുടെ നിർമാതാക്കളായ മറ്റ് നാല് പേർക്കുമാണ് 74 ചാട്ടവാറടി വീതം ശിക്ഷ ലഭിച്ചത്. അശ്ലീലവും സദാചാരവിരുദ്ധവുമെന്ന് അധികൃതർ വിശേഷിപ്പിച്ച വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി. അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ വെബ്സൈറ്റായ ‘എമ്‌തെദാദ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഡിസംബറിൽ പരസ്തൂ അഹമ്മദി യൂട്യൂബിലൂടെ പങ്കുവെച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെ അഹമ്മദിക്കും സംഘത്തിലെ നാല് പേർക്കും കലാ-സംഗീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
നിർബന്ധിത ഹിജാബ് നിയമം ലംഘിച്ച് തലമറയ്ക്കാതെയായിരുന്നു വീഡിയോയിലെ പരസ്തൂ അഹമ്മദിയുടെ സംഗീതാവതരണം. ഇറാനിലെ ഖും നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെയർ-ഇ ഗച്ചിൻ കരവൻസെറായിയിൽ വെച്ചാണ് പരിപാടി ചിത്രീകരിച്ചത്. നീളമുള്ള കറുത്ത വസ്ത്രം ധരിച്ച് തലമറയ്ക്കാതെ പുരുഷന്മാർക്കൊപ്പം പരിപാടി അവതരിപ്പിച്ച അഹമ്മദിയുടെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
നിയമപരവും മതപരവുമായ ചട്ടങ്ങൾ ലംഘിച്ചെന്നും പൊതുസദാചാരത്തെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നീതിന്യായ വിഭാഗം നടപടിയെടുത്തത്. കഴിഞ്ഞ ജൂണിലാണ് കോടതി 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചു. കേസിൽ ആകെ ഒൻപത് പേർക്കാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നതെങ്കിലും, ബാക്കിയുള്ള നാല് പേർക്ക് ചാട്ടവാറടി ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ചാട്ടവാറടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2022-ൽ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ഇറാനിൽ നിർബന്ധിത ഹിജാബ് നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.