
ദുബായ്: യുഎഇയിലുണ്ടായ വൻ വാഹനാപകടത്തിൽ ഇന്ത്യക്കാരടക്കം 13 പേർക്ക് ജീവൻ നഷ്ടമായി . റാസൽഖൈമയിലെ അൽ വതൻ റോഡിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ11 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ . ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയി ഉയർന്നത്. മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒമാൻ റൂട്ടിലേക്കുള്ള പാതയിൽ വിസ മാറ്റത്തിനും മറ്റുമായി യാത്ര ചെയ്യുന്ന പ്രവാസികൾ സ്ഥിരമായി ഉപയോഗിക്കുന്ന വഴിയിലുണ്ടായ അപകടമായതിനാൽ, മരിച്ചവരിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കടുത്ത ആശങ്കയിലാണ് പ്രവാസി സമൂഹം. എന്നാൽ, മരിച്ചവർ ഏതൊക്കെ രാജ്യക്കാരാണെന്ന ഔദ്യോഗിക വിവരങ്ങൾ റാസൽഖൈമ പൊലീസും ആഭ്യന്തര മന്ത്രാലയവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കോൺസുലേറ്റ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും സഹായങ്ങൾക്കുമായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 800-46342
ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയുടെ തെക്കൻ മേഖലയിലുള്ള അൽ വതൻ റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക്, 41 യാത്രക്കാരുമായി എത്തിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.