Image

അനുനയ നീക്കം ; ദേവലോകം അരമന സന്ദർശി‌ച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 24 November, 2026
അനുനയ നീക്കം ; ദേവലോകം  അരമന സന്ദർശി‌ച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കോട്ടയം: മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശി‌ച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ ഉണ്ടായ പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മലങ്കര സഭ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമവിരുദ്ധമായി പാത്രിയർക്കീസ് ബാവ പള്ളികളിൽ പ്രവേശിച്ചതിൽ സഭയ്ക്കുണ്ടായ വേദന സഭാധ്യക്ഷൻ മുഖ്യമന്ത്രിയെ അറിയിച്ചു. കോടതി വിധി നടപ്പാക്കിയ ആട്ടിൻകുന്ന് പള്ളിയിൽ ഉൾപ്പെടെ സംഘർഷാവസ്ഥ തുടരുകയാണെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ചാൽ ചർച്ചകൾ നടത്താമെന്നും കാതോലിക്കാ ബാവ പറഞ്ഞു. 

ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്ന പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരമണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു നിന്നു. കാതോലിക്കാ ബാവയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിപ്പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക